
കേട്ടുതുടങ്ങിയകാലംതൊട്ടേ വേദനയുടെ പര്യായംപോലെയായിരുന്നു ആ പേര്. പ്രതിഭയും വിഷാദവും ആ ജീവിതത്തില്‍ ഒരുപോലെ സമന്വയിച്ചു. ജീവിച്ച കാലത്ത് ചിത്രകാരന് എന്നനിലയില്‍ അഭിമാനിക്കാന്‍ അയാള്‍ക്ക് ഒരുനിമിഷംപോലും ഉണ്ടായിരുന്നില്ല. അകാലത്തില്‍ ജീവന് നഷ്ടമായശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ അറിയുന്ന ചിത്രകാരനായി. മലയാളത്തില്‍ ഉള്‍പ്പെടെ വാന്ഗോഗിന് 'ബലിപ്പാട്ട്' എഴുതി.
അദ്ദേഹം ചിത്രകാരനായി പൂര്ണതയിലെത്തിയതും ഉന്മാദത്തിന് പൂര്‍ണമായും കീഴടങ്ങിയതും ഒടുവില്‍, 37-ാം വയസ്സില്‍ സ്വയം ജീവന് വെടിഞ്ഞതും പാരീസിലാണ്. നഗരത്തില്‍നിന്ന് 30 കിലോമീറ്ററോളം അകലെയുള്ള ഓവേഴ്സ് സുര്‍ ഉവാസ് എന്ന ചെറിയൊരു ഗ്രാമത്തില്‍. 'ഓവേഴ്സ് നദീതീരത്തെ ഉവാസ് ഗ്രാമം' എന്നാണര്‍ഥം. നഗരത്തില്‍നിന്ന് തീവണ്ടിയില്‍ ഒന്നരമണിക്കൂറോളം യാത്രചെയ്യണം അവിടെയെത്താന്‍. കഴിഞ്ഞദിവസം അവിടെപ്പോയി.
1853-ല്‍ തെക്കന്‍ നെതര്‍ലന്‍ഡ്സിലെ സന്ദേറില് ജനിച്ച വാന്‍ഗോഗ് പല നാടുകളില്‍ കറങ്ങിയശേഷമാണ് പാരീസിലെത്തിയത്. നഗരത്തില്‍ കുറെക്കാലം ജീവിച്ചിരുന്നെങ്കിലും അവസാനത്തെ 71 ദിവസം മാത്രമാണ് ഓവേഴ്സ് സുര്‍ ഉവാസിലുണ്ടായിരുന്നത്. ഒരര്‍ഥത്തില്‍, മരിക്കാന്വേണ്ടി തിരഞ്ഞെടുത്ത സ്ഥലംപോലെ. അക്കാലത്തുതന്നെയാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ വരച്ചതും.
വാന്‍ഗോഗ് വരയ്ക്കുകയും മരിക്കുകയുംചെയ്ത മണ്ണിലെത്തിയപ്പോള്‍ കാലുകള്‍ അറിയാതെ വിറച്ചു. അദ്ദേഹം അവസാനമായി ഇരുന്ന കസേര മുറിയില്‍ അതുപോലെ സൂക്ഷിച്ചുവെച്ചിരിക്കുന്നു. ആ കസേരയിലിരുന്നാണ് അദ്ദേഹം തോക്ക് സ്വന്തം നെഞ്ചിലേക്ക് ചൂണ്ടി കാഞ്ചിവലിച്ചതെന്നറിഞ്ഞപ്പോള് നടുങ്ങി.
അവസാനത്തെ 71 ദിവസങ്ങളില്‍ വരച്ച എണ്‍പതോളം ചിത്രങ്ങള്‍ കണ്ടെത്തിയതായി ആ മുറിയില്‍വെച്ച് വാന്‍ഗോഗിനെപ്പറ്റി വിവരിച്ച ലോറിയല് എന്ന പെണ്‍കുട്ടി പറഞ്ഞു. 'ഓവേഴ്സിലെ പള്ളി'യും 'നക്ഷത്രങ്ങള്‍ നിറഞ്ഞ രാത്രി'യുമെല്ലാം വരച്ചത് ഈ ഗ്രാമത്തിലിരുന്നാണ്. അവള് പലരോടും ഈ വാക്യങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ടാകും. എന്നിട്ടും അതുപറയുമ്പോള്‍ അവളുടെ കണ്ണിലും വിഷാദം. അനിയന് തിയോയും അക്കാലത്ത് പാരീസിലുണ്ടായിരുന്നു. അനിയന്റെ സ്നേഹം ഒന്നുകൊണ്ടുമാത്രമാണ് അത്രയും കാലം ജീവിച്ചിരുന്നതെന്ന് 'പ്രിയപ്പെട്ട തിയോ' എന്ന പുസ്തകത്തിലെ കത്തുകള്‍ പറയുന്നു.
തിയോയ്ക്കും അസുഖം ബാധിച്ചതോടെയാണ് വാന്‍ഗോഗ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. തൊട്ടടുത്ത മുറിയില്‍ വാന്‍ഗോഗിനെപ്പറ്റി ചെറിയ ഡോക്യുമെന്ററി കാണിക്കും. ചിത്രങ്ങളിലൂടെയും അനിയന് അയച്ച കത്തുകളിലൂടെയും ആ ജീവിതം പറയുന്ന ഡോക്യുമെന്ററിയില്‍ ഒരിടത്ത് 'വരയ്ക്കുക, സന്തോഷത്തോടെ ജീവിക്കുക എന്നതുമാത്രമാണ് എന്റെ ആഗ്രഹം. പക്ഷേ, ഒരിക്കലും സന്തോഷിക്കാന്‍ കഴിയുന്നില്ല' എന്ന് പറയുന്നുണ്ട്. ഓവേഴ്സ് സുര്‍ ഉവാസില്നിന്നിറങ്ങി പുറത്തെ റോഡിലൂടെ നടന്നപ്പോള്‍ എല്ലാ സന്തോഷവും എങ്ങോ മറഞ്ഞിരുന്നു.
Content Highlights: Vincent van Gogh dutch painter village visit in Paris
Published: 29 Jul 2024, 08:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented