മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'അത് ഞാനായിരുന്നു' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം വായിക്കാം...
അഷിതയും ഗുരു നിത്യയും തമ്മിലുള്ള ബന്ധത്തെ തെല്ലൊരു കൗതുകത്തോടെയാണ് അനുഭവിച്ചിട്ടുള്ളത്. വെറുമൊരു സൗഹൃദബന്ധമോ സ്നേഹബന്ധമോ ആയിരുന്നില്ല അത്. ഗുരുശിഷ്യബന്ധത്തിന്റെ ആഴമാര്‍ന്ന ഊഷ്മളത അവര്‍ക്കിടയില്‍ ഒഴുകുന്നത് പലപ്പോഴും അദൃശ്യമായി അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു ദിവസം ഗുരുവിന്റെ മുറിയിലേക്കു ചെല്ലുമ്പോള്‍ ഗുരു ധ്യാനിക്കാനുള്ള തയ്യാറെടുപ്പിലാണ്. അങ്ങനെ ഇരുന്ന് ധ്യാനിക്കുക ഗുരുവിനു പതിവില്ലാത്തതാണ്.
ജീവിതത്തെ ധ്യാനാത്മകമാക്കുകയാണ്, അല്ലാതെ ജീവിതത്തില്‍ ധ്യാനിക്കുകയല്ല വേണ്ടതെന്നു പറയുകയും അങ്ങനെത്തന്നെ ജീവിക്കുകയും ചെയ്യുന്ന ആളാണ്. ഇന്നെന്താണാവോ പതിവില്ലാതെ ഇങ്ങനെ എന്ന സംശയത്തോടെ ഞാന്‍ കസേരയില്‍ ചെന്നിരുന്നു. വളരെ ശാന്തമായ സ്വരത്തില്‍ ഗുരു പറഞ്ഞു:
'താന്‍ പോയി കുറച്ചുകഴിഞ്ഞുവരൂ. അഷിതയുമൊത്ത് കുറച്ചുനേരം ധ്യാനിക്കണം. അവള് അവിടെ കാത്തിരിക്കുന്നു.'
ഞാന്‍ പുറത്തേക്കു നടന്നു. പിന്നീടാണ് കാര്യം മനസ്സിലായത്. അഷിത വീട്ടിലും ഗുരു ഇവിടെയും കുറച്ചു ദിവസം ഒരേസമയം ഒന്നിച്ചിരുന്ന് ധ്യാനിക്കാന്‍ തീരുമാനിച്ചതാണ്. അന്നാണ് കേവലം ഒരെഴുത്തുകുത്ത് ബന്ധത്തിനപ്പുറം അവരുടെ ബന്ധത്തിന്റെ ആഴം എനിക്കു ബോധ്യമായത്. അഷിത ഒരുപക്ഷേ, ഇത്രയും സ്വാതന്ത്ര്യത്തോടെ ഉള്ളു തുറന്ന് മറ്റാരോടും പെരുമാറിയിട്ടുണ്ടാവാന് ഇടയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദേഷ്യവും സങ്കടവും പരാതിയും പരിഭവവും സ്നേഹവും ആദരവും സമര്‍പ്പണവും എല്ലാം നിറഞ്ഞ, മറയേതുമില്ലാത്ത ഒരു സമ്പൂര്ണബന്ധമാണ് അവര്‍ക്കിടയിലുണ്ടായിരുന്നത്.
ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവം ഓര്‍ത്തുപോകുന്നു. എനിക്കെന്തെങ്കിലും ജോലി തരണമെന്നു പറഞ്ഞ് അഷിത എഴുതിയ കത്തിന് ഗുരു അത്ര പ്രാധാന്യം കൊടുത്തില്ല. ദേഷ്യത്തോടെയും സങ്കടത്തോടെയും അവര്‍ ഗുരുവിനു വീണ്ടും എഴുതി. അവസാനം ഗുരു ഒരു വലിയ ഇംഗ്ലീഷ് പുസ്തകം വിവര്‍ത്തനം ചെയ്യാനായി അയച്ചുകൊടുത്തു. ഭാരതീയ കാവ്യകലയെക്കുറിച്ചുള്ള അത്ര നല്ലതല്ലാത്ത ഒരു പുസ്തകം. അതയയ്ക്കുമ്പോള് ഗുരു പറഞ്ഞു: 'ഇതോടെ അവള് പണി ചോദിക്കുന്നത് നിര്‍ത്തിക്കോളും.'
ഒന്നുരണ്ടു മാസം കഴിഞ്ഞുകാണും. ഫേണ്‍ഹില്‍ ഗുരുകുലത്തേക്ക് ഒരു പാര്‍സല്‍ വന്നു. അത് അഷിത അയച്ചതാണ്. ഗുരു ഔത്സുക്യത്തോടെ അത് തുറന്നു. ഒരു വലിയ കെട്ട് പേപ്പറുകള്‍. അഷിതയുടെ കൈയക്ഷരം. ഗുരു അത് മറിച്ചുനോക്കി. ഞാന്‍ അടുത്തുതന്നെ ഇരിക്കുന്നുണ്ടായിരുന്നു. ഗുരുവിന്റെ കണ്ണുകള്‍ നിറയുന്നതും രണ്ടുതുള്ളി കണ്ണുനീര് പൊടിഞ്ഞു വീഴുന്നതും അനുഭവിച്ചു. ടവ്വലെടുത്ത് കണ്ണുതുടച്ച് ഗുരു പറഞ്ഞു: 'അവളെന്നെ തോല്പിച്ച് കളഞ്ഞല്ലടോ!'

ആ പുസ്തകം അങ്ങനെത്തന്നെ വള്ളിപുള്ളി വിടാതെ വിവര്‍ത്തനം ചെയ്ത് അയച്ചതാണ്. അത് വിവര്‍ത്തനം ചെയ്യാന്‍ മാത്രം ഒന്നുമില്ലല്ലോ എന്ന മറുപടിയാണ് ഗുരു പ്രതീക്ഷിച്ചത്. എന്നാല്‍ ഗുരു പറഞ്ഞത് അതെന്തായാലും യാതൊരു ചിന്തയുമില്ലാതെ അതേപടി അനുസരിക്കുകയെന്ന സമര്‍പ്പണമാണ് അഷിതയിലുണ്ടായിരുന്നത്. ഇന്നും ഫേണ്‍ഹില്ലിലെ ഷെല്‍ഫില്‍ പൊടിപിടിച്ച് ആ വലിയ ഫയല്‍ ഉണ്ടാകും. എന്നാല്‍ അന്ന് ഗുരുവിന്റെ ഹൃദയത്തില്‍നിന്നും പൊടിഞ്ഞ ആ കണ്ണുനീരിലെ അനശ്വരത അനുഗ്രഹമായി എന്നെന്നും യാതൊരു മങ്ങലുമേല്‍ക്കാതെ അഷിതയ്ക്കൊപ്പം തുടരുന്നുണ്ടാകും. ഉണ്ടാവും എന്നല്ല ഉണ്ട് എന്നു തന്നെയാണ് പറയേണ്ടത്.
ഇത്രയും ഗുരുവില്‍ സമര്‍പ്പിച്ച ഹൃദയങ്ങള്‍ അപൂര്‍വമായേ അനുഭവിക്കാനായിട്ടുള്ളൂ. ഒരു പരിണാമംപോലെ വികസിച്ചുവന്ന ബന്ധമാണ് അഷിതയുടെയും ഗുരുവിന്റെയും ബന്ധത്തെ സൂക്ഷ്മമായി ശ്രദ്ധിക്കുമ്പോള്‍ മനസ്സിലാക്കാനായിട്ടുള്ളത്. അതവസാനം ഗുരുശിഷ്യബന്ധമെന്ന അപൂര്‍വതയിലേക്ക് എത്തപ്പെടുകയായിരുന്നിരിക്കണം. അനുഭവങ്ങളുടെ പ്രവാഹംതന്നെയാണ് അങ്ങനെ ഒരു ആനുഭൂതിക സൗഹൃദത്തിലേക്ക് നയിച്ചിരിക്കുക.
ഇന്ന് അഷിതയ്ക്ക് ഗുരു നിത്യ എന്നാല്‍ എന്നെന്നും കൂടെ ഒഴുകുന്ന പ്രാണപ്രവാഹമാണ്. ഗുരുവിന്റെ സമാധിക്കുശേഷം അഷിത എനിക്കെഴുതിയ കത്തുകളില്‍ ആ ഉറച്ച വിശ്വാസവും അനുഭവവും മഹാപ്രകാശമായി വിളങ്ങിനിന്നിരുന്നു. പിന്നീടുള്ള അവരുടെ എല്ലാ ജീവിതസന്ദര്‍ഭത്തിലും ആ സാന്നിധ്യം അത്രമാത്രം നിറഞ്ഞൊഴുകുന്നത് നേരിട്ടും അല്ലാതെയും അനുഭവിച്ചിട്ടുണ്ട്.
ശിഷ്യര്‍ക്ക് ഒരു ഗുരുവില്‍നിന്ന് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹം അവരെപ്രതി സന്തോഷത്തോടെയും അഭിമാനത്തോടെയും പൊഴിയുന്ന കണ്ണുനീരാണ്. ആ അനുഗ്രഹത്തിന് പാത്രമാകാന്‍ അഷിതയ്ക്കു കഴിഞ്ഞിട്ടുണ്ട്. ആ കാരുണ്യംതന്നെയാണ് ഗുരുവില്‍ അഷിതയുടെ സ്ഥാനം. ശിഷ്യത്വം ഗുരുത്വംപോലെ മഹത്ത്വമായി പ്രകാശിക്കുകയെന്ന അനുഗ്രഹത്തിലേക്ക് വിനയാന്വിതയാകാന്‍ കഴിഞ്ഞ ആ ഹൃദയസ്വച്ഛതയ്ക്കു മുന്നില്‍ നമസ്കാരം. സ്നേഹം.
Content Highlights: Book excerpt from 'Athu njanayirunnu'
Published: 05 Jul 2025, 01:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented