
പ്രസിദ്ധ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ അരുണ്‍ ഷൂരിയുടെ ഏറ്റവും പുതിയ പുസ്തകമാണ് 'PREPARING FOR DEATH'. മരണത്തെ നേരിടേണ്ടതെങ്ങനെ എന്ന് മഹാന്മാരുടെ മരണാവസ്ഥകളും സ്വന്തം അനുഭവങ്ങളും ശാസ്ത്രനിരീക്ഷണങ്ങളുമെല്ലാം കലര്‍ത്തി അവതരിപ്പിക്കുകയാണ് അദ്ദേഹം. വര്‍ഷങ്ങളായി വീല്‍ച്ചെയറിലായ മകനെയും ഭാര്യയെയും പരിചരിച്ചുകൊണ്ടാണ് 78 വയസ്സുകാരനായ ഷൂരി ബൃഹത്തായ തന്റെ പുതിയ പുസ്തകം എഴുതിത്തീര്‍ത്തത്. പുസ്തകത്തില്‍നിന്നുള്ള ചില ഭാഗങ്ങളാണിവ
മാനസികാവിഷ്‌കാരങ്ങള്‍ക്കും ആഗ്രഹപൂര്‍ത്തീകരണത്തിനായുള്ള പ്രാര്‍ത്ഥനകള്‍ക്കും ആദരാര്‍പ്പണങ്ങള്‍ക്കും താന്ത്രികവും ധ്യാനപരവുമായ ആചാരങ്ങള്‍ക്കും മറ്റും ഒരേയൊരു ലക്ഷ്യമാണുള്ളത്-മനസ്സിന്റെ യഥാര്‍ത്ഥ പ്രകൃതം അറിയുക. അതറിയുകയും അതിന്‍പ്രകാരം ജീവിക്കുകയും ചെയ്താല്‍ യാതനയില്‍നിന്നും ജനനമരണചക്രത്തില്‍നിന്നും മോചനം നേടാം. നമ്മുടെ മനസ്സിന്റെ പ്രകൃതം ആ 'തെളിഞ്ഞ പ്രകാശ'മാണെന്ന് നാം മനസ്സിലാക്കുന്നു. മരണാനന്തരയാത്രയിലെ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം ആ പ്രകാശത്തെ തിരിച്ചറിയുക എന്നുള്ളതാണ്-ആ പ്രകാശം താരതമ്യങ്ങളില്ലാത്ത അമൂല്യനിധിയാണ്. യാത്രയ്ക്കിടയില്‍ മുന്നിലൂടെ കടന്നുപോകുന്ന ആ പ്രകാശത്തിന്റെ വേഗത കാരണം അതിനെ തിരിച്ചറിയാതിരിക്കാനുള്ള സാദ്ധ്യത കുറവാണ്: ചിലപ്പോള്‍ അത് 'ഭക്ഷണം കഴിച്ചുതീരാനുള്ളത്ര സമയമെടുത്തും' മറ്റുചിലപ്പോള്‍ 'ഞൊടിയിടയിലും' അപ്രത്യക്ഷമാവും. പരിശ്രമശാലികളായവര്‍ക്ക് ധ്യാനിക്കുമ്പോള്‍ത്തന്നെ ഈ അവസ്ഥയുടെ ക്ഷണികമായ മിന്നൊളികള്‍ ലഭിക്കും. തീവ്രമായ സാധനയിലൂടെ ഈ അവസ്ഥയുടെ കാലയളവ് ദീര്‍ഘിപ്പിക്കാനാവും.
ഉദാഹരണമായി, രമണമഹര്‍ഷി മിക്കവാറും എല്ലായ്‌പോഴും ഈ അവസ്ഥയിലായിരുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. വല്ലപ്പോഴും മാത്രം അത്യാവശ്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനായി ഭൗതികതലത്തിലേക്കു വരികയും ശേഷമുള്ള സമയം മുഴുവന്‍ ആ അവസ്ഥയില്‍ തങ്ങുകയും ചെയ്യുമായിരുന്നു. ശ്രവണത്തിലൂടെ വിമോചനം നല്‍കുന്ന പാഠമനുസരിച്ച് മരണാനന്തരയാത്രയില്‍ ഈ തെളിഞ്ഞ പ്രകാശത്തെ തിരിച്ചറിയാനുള്ള ശേഷി വികസിപ്പിക്കണമെങ്കില്‍ ഈ ഭൗതികാതീതാവസ്ഥയില്‍ എത്തിച്ചേരാന്‍ ഈ ബാര്‍ദോയില്‍ (ജനനമരണങ്ങള്‍ക്കിടയിലുള്ള ഇടവേള), അതായത്, ജീവിതകാലയളവ്, തന്നെ പരിശീലിക്കണം. അതിനുള്ള തീവ്രവും അനവരതവുമായ ധ്യാനം നമ്മള്‍ ഇപ്പോള്‍ത്തന്നെ ആരംഭിക്കണം. ഒപ്പം നിര്‍വ്യാജമായ ഭക്തിയും. ഓരോ ഘട്ടത്തിലും ശ്രേഷ്ഠമായ ഒരു തലത്തിലേക്ക് തന്നെ നയിക്കാന്‍ ദേവതമാരോട് ഒരു 'ആഗ്രഹപൂര്‍ത്തീകരണ'പ്രാര്‍ത്ഥന നടത്താന്‍ പരേതനോട് നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത് ബുദ്ധമതദര്‍ശനങ്ങളുടെ ഒരു സവിശേഷഗുണമാണ്. നിത്യവുമുള്ള പ്രാര്‍ത്ഥനയില്‍ എന്നപോലെ, മരണാനന്തരവും ഈ 'ആഗ്രഹപൂര്‍ത്തീകരണ'പ്രാര്‍ത്ഥന നടത്തുമ്പോള്‍ മോക്ഷാര്‍ത്ഥിയുടെ മനസ്സില്‍ നിര്‍വ്യാജമായ ഭക്തിയോടൊപ്പം പരോപകാരതത്പരതയും നിറഞ്ഞുനില്‍ക്കണം. ഒരുദാഹരണം പറഞ്ഞാല്‍, ഒരുവന്റെ ആരോഗ്യം ക്ഷയിക്കുകയും മരണാസന്നനാവുകയും ചെയ്യുമ്പോള്‍ അയാള്‍ മനസ്സിനെ ഏകാഗ്രമാക്കി ഇങ്ങനെ ഉരുവിടണം, 'എന്റെ മരണസമയം ആഗതമായിരിക്കുന്നു, മൃത്യുവില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് അപരന്റെ നന്മ ആഗ്രഹിക്കുന്ന ഒരു മനോനില പരിപോഷിപ്പിക്കാന്‍ ഞാന്‍ ദൃഢനിശ്ചയം ചെയ്യുന്നു. ആര്‍ദ്രമായ കാരുണ്യവും സഹാനുഭൂതിയും പരോപകാരതത്പരതയും എന്റെ ഉള്ളില്‍ ജനിപ്പിക്കുന്നതിലൂടെ ജ്ഞാനോദയം കൈവരാന്‍ ഞാന്‍ ധ്യാനിക്കും. ചിന്താശക്തിയുള്ള എണ്ണമറ്റ ജീവജാലങ്ങളുടെ നന്മയ്ക്കായി ഞാന്‍ ബുദ്ധത്വം പ്രാപിക്കും.'
സാരവത്തായ ഒരു വിശേഷണഗുണം
മരണസമയത്തെ നമ്മുടെ മനോഭാവരീതിയെ കാര്യമായി സ്വാധീനിക്കുന്ന ഒന്നെന്ന നിലയില്‍ ആ വിഷയത്തെ ഒരു നിമിഷം ഗൗരവമായി ഒന്നു മനനം ചെയ്യുന്നത് നന്നായിരിക്കും. ജ്ഞാനോദയത്തിനായി പരിശ്രമിക്കാനുള്ള തീരുമാനത്തില്‍ മൂര്‍ത്തീകരിക്കപ്പെടുന്ന ഈ പരോപകാരതത്പരത ബുദ്ധിസത്തിന്റെ, വിശേഷിച്ച് ടിബറ്റന്‍ ബുദ്ധിസത്തിന്റെ ഒരു സവിശേഷതയാണ്.
ഒരുദാഹരണം പറയാം. പൂജനീയനായ ഒരു മഹാമുനി മറ്റൊരു മഹാഭിക്ഷുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുകയാണ് ഇവിടെ. തന്റെ വ്യാഖ്യാനത്തില്‍ മഹാനായ ആതിഷ എഴുതുന്നു:
ഈ ഗുണം ശാന്തിദേവ ആചാര്യനുണ്ട്:
അന്യര്‍ 'സന്തോഷവാന്മായിരിക്കുമ്പോള്‍ മഹാമുനിമാര്‍ ആനന്ദിക്കും;
അന്യര്‍ ദുഃഖിതരായിരിക്കുമ്പോള്‍ മഹാമുനിമാരും ദുഃഖിതരായിരിക്കും;
അന്യര്‍ തൃപ്തരാവുമ്പോള്‍ ഋഷിമാര്‍ ആനന്ദിക്കും;
മറ്റുള്ളവരോടുള്ള ദ്രോഹം മഹര്‍ഷിമാരോടുള്ള ദ്രോഹംതന്നെയാണ്.'
അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു:
തഥാഗതന്മാരുടെ പ്രീതിക്കായി
ഞാനിനിമുതല്‍ സമൂഹത്തിന്റെ അടിമയാകുന്നു;
ജനക്കൂട്ടം എന്റെ ശിരസ്സില്‍ ചവിട്ടും അല്ലെങ്കില്‍ എന്നെ വധിക്കും,
വിശ്വത്തിന്റെ നാഥനെ അതു പ്രീതിപ്പെടുത്തുമെങ്കില്‍.
ബുദ്ധന്മാര്‍ വിശ്വം മുഴുവന്‍ അവരുടേതാക്കി മാറ്റുന്നു,
അക്കാര്യത്തില്‍ സംശയമില്ല!
സര്‍വ്വ ജീവജാലരൂപങ്ങളിലും
ഈശ്വരനല്ലേ പ്രത്യക്ഷനാവുന്നത്?
എങ്കില്‍ എന്തുകൊണ്ട് അവയ്ക്ക് ആദരവു നല്‍കുന്നില്ല?
തഥാഗതന്മാരെ പ്രീതിപ്പെടുത്തുന്നതിനു
തുല്യമാണ് അവരെ ആദരിക്കുന്നത്.
പരിശീലനസംക്ഷേപത്തില്‍ അദ്ദേഹം പറയുന്നു:
സ്‌നേഹത്തിലൂന്നിയ ഭക്തിയാണ്
ജീവിയുടെ മഹത്ത്വം;
ബുദ്ധനിലുള്ള വിശ്വാസത്തിന്റെ പുണ്യമാണ്
ബുദ്ധന്റെ മഹത്ത്വം.
പരിശീലനപുരോഗതിയില്‍നിന്നു വീണ്ടും:
ജിനന്മാരെ പ്രീതിപ്പെടുത്താന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല
ജീവിവര്‍ഗ്ഗങ്ങളോട് ആദരവു കാട്ടുകയല്ലാതെ.
ഈ ഗ്രന്ഥഭാഗത്ത് ഈ വിഷയം ദീര്‍ഘമായി പ്രതിപാദിക്കുന്നുണ്ട്, ആയതിനാല്‍ വിശദാംശങ്ങള്‍ക്ക് അതു നോക്കാവുന്നതാണ്.
ബോധോദയത്തെക്കുറിച്ചുള്ള ചിന്തകളുണ്ടാവുന്നത്, അതിലേക്ക് എത്താനുള്ള തീരുമാനമെടുക്കുന്നത്, എന്നു തുടങ്ങി ഓരോ പ്രകരണത്തിലും ആതിഷ ആവര്‍ത്തിക്കുന്ന പല്ലവി ഇതുതന്നെയാണ്. മാത്രവുമല്ല, ഒരുവന്റെ പ്രാര്‍ത്ഥനയില്‍നിന്നും പ്രയോജനം ലഭിക്കുന്ന ജീവജാലങ്ങള്‍ അനന്തമാണെന്നും അവ ഓരോന്നിനെയും സ്വന്തം മാതാവായി പരിഗണിക്കണമെന്നും ആതിഷ ഊന്നല്‍ നല്‍കി പറയുന്നു.2 ഇന്ന് ബുദ്ധഭിക്ഷുക്കള്‍ രചിക്കുന്ന ഗ്രന്ഥങ്ങളും ഭിക്ഷുക്കളോ സന്ന്യാസിനിമാരോ നടത്തുന്ന പ്രഭാഷണങ്ങളും ചടങ്ങുകളും അവസാനിക്കുന്നത് ചിന്താശീലമുള്ള എല്ലാ ജീവികള്‍ക്കും അതു പ്രയോജനപ്രദമാവട്ടേ എന്ന പ്രാര്‍ത്ഥനയോടെയാണ്. ഇതു വെറും ഔപചാരികതയല്ല. നമ്മള്‍ എന്തു ചെയ്യുന്നു, എങ്ങനെ മരിക്കുന്നു, എന്നതിലൊക്കെ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ ഇതിനു കഴിയും. ഉദാഹരണമായി ഞാന്‍ ഒരു ഉദ്യമത്തില്‍ വിജയിക്കാനായി പ്രാര്‍ത്ഥിക്കുകയും വിജയിക്കുകയും ചെയ്യുമ്പോള്‍ എന്റെ ആത്മബോധം ശക്തിപ്പെടുകയാണ് ചെയ്യുന്നത്: 'ഞാന്‍ വിജയിച്ചു. ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു.' ഞാന്‍ പരാജയപ്പെട്ടാലും എന്റെ ആത്മബോധം ബലപ്പെടുകതന്നെ ചെയ്യും: 'ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടില്ല. ഞാന്‍ ശരിക്കും അര്‍ഹിക്കുന്നത് എനിക്കു ലഭിച്ചില്ല.' ആത്മബോധം എത്രത്തോളം ശക്തിയുള്ളതാണോ അത്രയും ബുദ്ധിമുട്ടായിരിക്കും മരണവേളയില്‍ നമുക്കിവിടം വിട്ടുപോകാന്‍. അതുകൊണ്ട് മരണം കൂടുതല്‍ ക്ലേശകരമാവും.
മനസ്സിന്റെ യഥാര്‍ത്ഥ പ്രകൃതം
പ്രാര്‍ത്ഥനകളിലൂടെയും ആവാഹനത്തിലൂടെയും പരോപകാരതത്പരതയോടെ പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലൂടെയും തയ്യാറെടുപ്പുകള്‍ നടത്തിയശേഷം മരണാസന്നനായ വ്യക്തിക്കുവേണ്ടി ചെയ്യേണ്ട നടപടികളിലേക്കു വരുമ്പോള്‍ ബാര്‍ദോ തോദോള്‍ ആദ്യപടിയായി മനസ്സിന്റെ യഥാര്‍ത്ഥമായ പ്രകൃതം വിശദീകരിക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ അറിയേണ്ടതും ജീവിതത്തില്‍ പിന്തുടരേണ്ടതുമായ പരമമായ സത്യമാണത്. ഈ സത്യത്തെ 'ബൗദ്ധിക'മായല്ല 'അനുഭവവേദ്യ'മായാണ് മനസ്സിലാക്കേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.
വെറും പാണ്ഡിത്യം നമ്മെ എവിടെയും എത്തിക്കില്ല, അദ്ദേഹം പറയുന്നു-ശ്രീരാമകൃഷ്ണനും രമണമഹര്‍ഷിയും ഇതേ കാര്യം പറയാറുണ്ടായിരുന്നു: പണ്ഡിതന്മാര്‍ക്ക് നവയാനങ്ങളെക്കുറിച്ച് എത്ര അറിവുണ്ടായിരുന്നാലും തങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത സ്ഥലങ്ങളെക്കുറിച്ച് കല്‍പ്പിതകഥകള്‍ പറയുന്നവരെപ്പോലെയാണ് അവര്‍. ഇനി, ബുദ്ധത്വം പ്രാപിക്കുന്നതിനെക്കുറിച്ചാണെങ്കില്‍, നിമിഷാര്‍ദ്ധസമയത്തേക്കുപോലും അതിന്റെ സമീപത്തേക്കു വരാന്‍ അവര്‍ക്കു കഴിയില്ല. എന്നാല്‍ 'അനുഭവവേദ്യമായ രീതിയില്‍ പരിപോഷിപ്പിച്ചാല്‍' കന്നുമേയ്ക്കുന്നവനുപോലും ആ സത്യം തിരിച്ചറിയാനും മോക്ഷം നേടാനും കഴിയും.
മുകളില്‍ സൂചിപ്പിച്ച വാചകത്തിലെ 'അനുഭവവേദ്യം,' 'പരിപോഷിപ്പിക്കല്‍' എന്നീ രണ്ടു വാക്കുകള്‍ തികച്ചും അനുപേക്ഷണീയമാണ്: മനസ്സിന്റെ യഥാര്‍ത്ഥ പ്രകൃതം ഒരുവന്‍ അനുഭവവേദ്യമായി മനസ്സിലാക്കണം; ഇത് പരിപോഷിപ്പിക്കലിലൂടെയേ സാദ്ധ്യമാവൂ. അതായത്, അഗാധവും സുദീര്‍ഘവും അചഞ്ചലവുമായ പരിശീലനത്തിലൂടെ. '... എണ്ണയുടെ ഉറവിടം എള്ളാണ്, വെണ്ണയുടേത് പാലും,' ഗ്രന്ഥം നമ്മെ ഓര്‍മിപ്പിക്കുന്നു, '... കടച്ചിലോ മഥിക്കലോ ഇല്ലാതെ അതില്‍നിന്നും സത്തെടുക്കാന്‍ കഴിയില്ല.'
നമ്മള്‍ അനുഭവിച്ചറിയേണ്ട മനസ്സിന്റെ പ്രകൃതം എന്താണ്? ഇക്കാര്യത്തില്‍ ബാര്‍ദോ തോദോള്‍ നല്‍കുന്ന ശാസനകളും അദ്വൈതിയായ ശ്രീ രമണന്റെ ഉപദേശങ്ങളും സമാനമാണെന്നത് അദ്ഭുതകരംതന്നെയാണ്. എന്നാല്‍, അടിസ്ഥാനപരമായ ഒരു വ്യത്യാസം നിലനില്‍ക്കുന്നുമുണ്ട്.
മനസ്സിന്റെ യഥാര്‍ത്ഥ പ്രകൃതത്തെക്കുറിച്ചു ബാര്‍ദോ തോദോള്‍ ഖണ്ഡിതമായി പറയുന്നു. അത്, പൂര്‍ണ്ണമായും ശൂന്യവും, ആന്തരികദീപ്തിയുള്ളതും, എന്നാല്‍ ആ ആന്തരികദീപ്തിയെ ശൂന്യതയില്‍നിന്നും വേര്‍പെടുത്താന്‍ കഴിയാത്തതുമാണ്.
'ആന്തരികദീപ്തിയുടെയും അവബോധത്തിന്റെയും അഭംഗുരമായ സംഗമമാണ്.'
'താനും അന്യവും എന്ന വേര്‍തിരിവില്‍' നാം ബന്ധനസ്ഥരായതിനാല്‍ അതിനെ ഗ്രഹിക്കാന്‍ കഴിയില്ല.
'നിരീക്ഷകന്റെ സാന്നിദ്ധ്യം ഇല്ലാത്തതാണ്.'
'സ്വയം ഗ്രഹിക്കാന്‍ കഴിവുള്ളതാണ്.'
'പ്രത്യക്ഷമായി സമഗ്രവും വ്യക്തവുമാണ്.'
'എല്ലാ അര്‍ത്ഥത്തിലും സൃഷ്ടിക്കപ്പെടാതെ നിലനില്‍ക്കുന്നതും പുറമേനിന്ന് നിര്‍ഗ്ഗമിപ്പിക്കാന്‍ കഴിയാത്തതുമായ നൈസര്‍ഗ്ഗികമായ അവബോധം.'
'ഹേതുവോ ഉപാധിയോ ഇല്ലാതെ സ്വാഭാവികമായി ഉദ്ഭവിക്കുകയും സ്വയമേവ നിലനില്‍ക്കുകയും ചെയ്യുന്നു.'
'ഇതുവരെ ജനിക്കുകയോ ഇനി മരിക്കുകയോ ചെയ്യാത്ത ദീപ്തമായ അവബോധം... ജന്മചക്രത്തിലൂടെ അലഞ്ഞുതിരിയുന്നുണ്ടെങ്കിലും അതിനു നാശമില്ല... അത് ബുദ്ധത്വംതന്നെയാണെങ്കിലും അതില്‍ ഒന്നുംതന്നെ കൂട്ടിച്ചേര്‍ക്കപ്പെടുന്നില്ല... എല്ലാവരിലും ഉണ്ടെങ്കിലും തിരിച്ചറിയപ്പെടുന്നില്ല... ഒരുവന്റെ ഉള്ളിലുണ്ടെങ്കിലും അവന്‍ അതിനെ പുറത്ത് അന്വേഷിക്കുന്നു.'
ഏകമായ സത്തയല്ല, കാരണം, അന്തര്‍ലീനമായ നിലനില്‍പ്പ് അതിനില്ല/പക്ഷേ, വെറും ഒന്നുമില്ലായ്മയല്ല, കാരണം, അതു പ്രകാശം പൊഴിക്കുന്നതും വ്യക്തതയുള്ളതുമാണ്/ഏകസത്തയല്ല, കാരണം, അതിനെ പെരുക്കങ്ങളായി ഗ്രഹിക്കാന്‍ കഴിയും/എന്നാല്‍ സഹജമായി പെരുക്കങ്ങളായി നിലനില്‍ക്കുന്നുമില്ല, കാരണം, അതു വിഭജിക്കാന്‍ കഴിയാത്തതും ഏകഗുണമുള്ളതുമാണ്.
'അതില്‍നിന്ന് ഉരുവംകൊള്ളുന്നതല്ലാത്ത രൂപങ്ങള്‍ ഒന്നുംതന്നെയില്ല/മനസ്സിന്റെ നിര്‍വിഘ്‌നമായ പ്രകൃതം എല്ലാ രൂപങ്ങളെയും ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാണ്. എന്നിരുന്നാലും ഈ രൂപങ്ങള്‍ക്ക് ദ്വന്ദ്വങ്ങളില്ല/അവ സ്വാഭാവികമായി മനസ്സിന്റെ രൂപകല്‍പ്പനകള്‍ക്ക് കീഴടങ്ങുന്നു,/സമുദ്രജലത്തിലെ തിരമാലകള്‍പോലെ.'
മനസ്സിന്റെ അനാദിയായ പ്രകൃതം:
'അടിത്തറയില്ലാത്തതും ശൂന്യവുമാണ്.'
'ശൂന്യമായ ആകാശംപോലെ അമൂര്‍ത്തമാണ്-അതൊരു സാദൃശ്യകല്‍പ്പനയാണ്,' വീണ്ടും ഇതേക്കുറിച്ച് പറയുന്നുണ്ട്: '... ആകാശത്തിന്റെ ദൃഷ്ടാന്തം പാരമാര്‍ത്ഥികമായ സത്യത്തെ വിശദീകരിക്കാനായി ഉപയോഗിച്ചതാണെങ്കിലും അത് വെറുമൊരു പ്രതീകം മാത്രമാണ്, ഭാഗികവും താത്കാലികവുമായ ഒരു ചിത്രീകരണം. കാരണം, മനസ്സിന്റെ പ്രകൃതം ശൂന്യവും ദീപ്തവും അവബോധമുള്ളതുമാണ്/അതേസമയം ആകാശം ശൂന്യവും അചേതനവും അവബോധമില്ലാത്തതുമാണ്...'
'പ്രാക്തനമായ അന്തര്‍ദര്‍ശനം സ്വാഭാവികമായി ഉരുത്തിരിയുന്നതും... അനാദിയായി പ്രകാശം ചൊരിയുന്നതുമാണ്.'
'... പ്രാക്തനമായ അന്തര്‍ദര്‍ശനമെന്ന ഈ അവബോധം തടസ്സങ്ങള്‍ ഇല്ലാത്തതാണ്/ഒരു നദിയുടെ മദ്ധ്യഭാഗത്തെ കുത്തൊഴുക്ക് അനസ്യൂതമായി പ്രവഹിക്കുന്നതുപോലെ.'
അതിലൂടെ കടന്നുപോകുന്ന 'ഭ്രമാത്മകചിന്തകളും ക്ഷണികസ്മൃതികളും' നിര്‍ബ്ബന്ധമായും തിരിച്ചറിയാന്‍ കഴിയാത്തതാവണമെന്നില്ല. പക്ഷേ, അവയുടെ ഗതി 'കാറ്റിനെപ്പോലെ അമൂര്‍ത്തമാണ്.'
'... അതിനു മുന്നില്‍ പ്രത്യക്ഷമാവുന്നവയെല്ലാം നിലക്കണ്ണാടിക്കുള്ളില്‍ തെളിയുന്ന പ്രതിബിംബങ്ങളെപ്പോലെ സ്പഷ്ടമായിരിക്കും...'
'... സ്വാഭാവികമായി ഉരുത്തിരിയുകയും വിഘടിച്ചുപോവുകയും ചെയ്യുന്ന മേഘങ്ങളെപ്പോലെ അതിന്റെ നൈസര്‍ഗ്ഗികലക്ഷണങ്ങളെല്ലാം അതിനുള്ളില്‍ത്തന്നെ വിമോചിപ്പിക്കപ്പെടുന്നു.'
മനസ്സില്‍നിന്നും കല്‍പ്പിതരൂപങ്ങളൊന്നും പ്രസരിക്കാതിരിക്കുകയും ചിന്തയിലൂടെ ക്ഷേപകന്‍ അത്തരം രൂപങ്ങള്‍ സൃഷ്ടിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ മനസ്സ് 'എല്ലാത്തരം ഭ്രമാത്മക കല്‍പ്പനകളില്‍നിന്നും സ്വതന്ത്രമാവുകയും തെളിനീര്‍പോലെ വ്യക്തമാവുകയും ചെയ്യും.'
'അവാസ്തവികവും തേജസ്സാര്‍ന്നതുമായ ആ സത്വരചേതനതന്നെയാണ് ഏറ്റവും ഉന്നതമായ കാഴ്ചപ്പാട്,' ഗ്രന്ഥം അനുശാസിക്കുന്നു, '... ഏറ്റവും ശ്രേഷ്ഠമായ ധ്യാനം... ഏറ്റവും ഉത്തമമായ പെരുമാറ്റം... പരമമായ സിദ്ധി...' ഈ കാഴ്ചപ്പാടിനെ നിരാകരിക്കുകയും മനസ്സിന്റെ യഥാര്‍ത്ഥ പ്രകൃതത്തെ മനസ്സിനു പുറത്ത് അന്വേഷിക്കുകയും ചെയ്യുന്നവര്‍ 'ആനയെ കണ്ടെത്തിയ ശേഷവും ആനയുടെ കാല്‍പ്പാടുകള്‍ക്കായി മറ്റെവിടെയോ അന്വേഷിച്ചുകൊണ്ടിരിക്കുന്നവരെ അനുസ്മരിപ്പിക്കുന്നു.' ബാഹ്യലോകത്ത് മനസ്സിനെ അന്വേഷിക്കുന്നവന്‍ 'ആള്‍ക്കൂട്ടത്തിനിടയില്‍ത്തന്നെ കാണുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ മാസ്മരികപ്രഭാവത്തില്‍ സ്വയം മറക്കുകയും, തന്നെ തിരിച്ചറിയാതിരിക്കുകയും, സ്വയം കണ്ടെത്താനായി മറ്റിടങ്ങളില്‍ തിരയുകയും, മറ്റുള്ളവര്‍ താനാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്ന വിഡ്ഢിയെപ്പോലെയാണ്.'
നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍
മുന്‍വിവരണങ്ങളുടെ പശ്ചാത്തലത്തില്‍ നാം ചെയ്യേണ്ട കാര്യങ്ങള്‍ താഴെ കുറിക്കുന്നു:
സ്വന്തം ചേതനയ്‌ക്കൊപ്പം നിലകൊള്ളുന്നതാണ് ആ യാഥാര്‍ത്ഥ്യം.
ആ യാഥാര്‍ത്ഥ്യത്തെ പിന്തുടരുമ്പോള്‍ ധ്യാനിക്കപ്പെടാനുള്ള വസ്തുക്കളൊന്നും ഉണ്ടാവില്ല.
ആ യാഥാര്‍ത്ഥ്യം ഒരുവന്റെ വാസ്തവികമായ അവബോധമല്ലാതെ മറ്റൊന്നുമല്ല.
ആ യാഥാര്‍ത്ഥ്യം ആന്തരികദീപ്തിയുടെയും അവബോധത്തിന്റെയും അഭംഗുരമായ സംഗമമാണ്.
സമീപസ്ഥമായ ഈ ചേതനയെത്തന്നെയാണ് പിന്തുടരേണ്ടത്.
'ഈ യാഥാര്‍ത്ഥ്യത്തില്‍ ഉറച്ചുനിന്നാല്‍ പിന്നെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല, ആ അവബോധത്തെ ദുരാലോചനകളില്ലാതെ നിലനിര്‍ത്താം.'
ആ അവസ്ഥയില്‍ മനോകല്‍പ്പനകള്‍ ഒരേസമയം സൃഷ്ടിക്കപ്പെടുകയും വിമോചിക്കപ്പെടുകയും ചെയ്യും.
ധ്യാനിക്കപ്പെടാനായി ഒന്നുമില്ലാത്തതിനാല്‍ ധ്യാനിക്കേണ്ടതില്ല. പകരം, ഏകാഗ്രമായ വിപാസനയിലൂടെ (മനോനിയന്ത്രണത്തില്‍) വെളിപാടുകള്‍ വരും, അവിടെ ഏകാഗ്രതയ്ക്ക് ഭംഗംവരുത്തുന്ന ഒന്നുംതന്നെയില്ല.
ധ്യാനമോ ഇതരവിചാരങ്ങളോ ഇല്ലാതെ ഇത്തരത്തില്‍ സ്വയമേവ ഉയര്‍ന്നുവരുന്ന യാഥാര്‍ത്ഥ്യത്തെ അനലംകൃതമായി നിരീക്ഷിക്കുക...
ധ്യാനി-ധ്യാനവസ്തു, പ്രവൃത്തി-പ്രവര്‍ത്തകന്‍, ശുദ്ധി-അശുദ്ധി എന്നീ ദ്വന്ദ്വങ്ങള്‍ അവിടെ ഉണ്ടാവില്ല.
'ലഭിക്കുന്ന മോക്ഷപ്രാപ്തിയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു പകരം മോക്ഷപ്രാപ്തനെ അന്വേഷിക്കുക...' പക്ഷേ, മോക്ഷപ്രാപ്തനെ കണ്ടെത്താനാവില്ല, 'ആ നിമിഷം ഒരുവന്‍ ഫലസിദ്ധിയുടെ ശോഷണാങ്കത്തിലേക്ക് എത്തിക്കപ്പെടും.'
ചിന്താശീലമുള്ള ജീവികളുടെ മനോനൈരന്തര്യത്തില്‍ ആന്തരികമായ ദ്വിഭാഗീയത നിലനില്‍ക്കാത്തതിനാല്‍ ദുരാലോചനകളില്ലാത്ത മനസ്സിന്റെ പ്രകൃതം അതിന്റെ സ്വാഭാവികമായ അവസ്ഥയില്‍ത്തന്നെ വിമോചിക്കപ്പെടുന്നു. എങ്കിലും മനസ്സിലുണരുന്ന ആ അമ്പരപ്പിനെക്കുറിച്ച് നിങ്ങള്‍ ബോധവാനല്ലെങ്കില്‍ പരമമായ യാഥാര്‍ത്ഥ്യത്തിന്റെ പൊരുള്‍ നിങ്ങള്‍ക്കു മനസ്സിലാവില്ല. അതുകൊണ്ട് നിങ്ങളുടെ മനസ്സില്‍ നൈസര്‍ഗ്ഗികമായി ഉണരുന്നതെന്തെന്നും ഉദ്ഭവിക്കുന്നതെന്തെന്നും നിങ്ങള്‍ നിരീക്ഷിക്കണം. അത് എന്തിനെയാണ് അനുസരിക്കുന്നതെന്നും... എങ്ങോട്ടാണ് പോകുന്നതെന്നും. അപ്പോള്‍ ഒരുവന് ആ വസ്തുത മനസ്സിലാക്കാന്‍ കഴിയും-'കുളക്കരയില്‍ വസിക്കുന്ന കാക്ക അവിടെനിന്ന് പറന്നകന്നാലും ആ കുളം വിട്ട് അധിക ദൂരമൊന്നും സഞ്ചരിക്കില്ല. അതുപോലെ മനസ്സില്‍നിന്നുയരുന്ന കല്‍പ്പനാരൂപങ്ങള്‍ സ്വേച്ഛയാ മനസ്സിലേക്കുതന്നെ താണുവന്നു ശമിക്കപ്പെടുന്നു.'
മനോജന്യമായവയ്ക്കു പുറത്ത് മറ്റൊരു പ്രതിഭാസവുമില്ലാത്തതിനാല്‍ ധ്യാനിക്കാനായി മനോബാഹ്യമായ ഒരു സത്തയും നിലനില്‍ക്കുന്നില്ല. അക്കാരണംകൊണ്ടുതന്നെ... മനോജന്യമല്ലാത്ത ബാഹ്യമായ ഒരു പെരുമാറ്റരീതിയും പിന്‍പറ്റേണ്ടതില്ല. മനസ്സില്‍ ഉരുവംകൊള്ളുന്നതിലല്ലാതെ ബാഹ്യമായ ഒന്നിലും സ്വയം സമര്‍പ്പിക്കേണ്ടതില്ല.
'ആയതിനാല്‍, ഒരുവന്‍ മനസ്സിന്റെ പ്രകൃതത്തെ വീണ്ടും വീണ്ടും പഠിച്ചുകൊണ്ട് അതിനെ നിരീക്ഷിക്കുക.'
അടിസ്ഥാനപരമായ വ്യത്യാസം
ഇതിലെ പല പദപ്രയോഗങ്ങളും ശ്രീരമണന്റെ വാക്കുകളെ അനുസ്മരിപ്പിക്കുന്നുണ്ട്: ബാഹ്യമായ യാതൊന്നിനെയും നിങ്ങള്‍ ആര്‍ജ്ജിക്കേണ്ടതില്ല; നിങ്ങള്‍ അന്വേഷിക്കുന്നത് നിങ്ങളുടെ ഉള്ളില്‍ത്തന്നെയുണ്ട്. അത് ഇപ്പോഴും എപ്പോഴും നിങ്ങളുടെ ഉള്ളിലുണ്ട്; നിങ്ങള്‍ അന്വേഷിക്കുന്നതിനെ പൊതിഞ്ഞിരിക്കുന്ന മിത്ഥ്യയുടെ മൂടുപടത്തെ മാറ്റുക മാത്രമാണ് ചെയ്യേണ്ടത്... പക്ഷേ, അടിസ്ഥാനപരമായ ഒരു വ്യത്യാസമുണ്ട്. ശ്രീരമണന്‍ ആത്മാവിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബുദ്ധിസ്റ്റുകളും ബാര്‍ദോ തോദോളും മനസ്സിനെയും അതിന്റെ പ്രാക്തനമായ പ്രകൃതത്തെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്. മനസ്സിന്റെ ആന്തരികപ്രകൃതം അനസ്യൂതമായി മാറിക്കൊണ്ടിരിക്കുന്ന ഒരു നദിപോലെയാണ്. ഓരോ നിമിഷവും വ്യത്യസ്തമായ ജലകണങ്ങള്‍ വിഭിന്നമായ വിന്യാസങ്ങളില്‍ രൂപപ്പെടുകയും എന്നാല്‍ അതിന്റെ നൈരന്തര്യം നിലനിര്‍ത്തുകയും ചെയ്യുന്നു-'നിര്‍വിഘ്‌നമൊഴുകുന്ന ഒരു നദിയുടെ മദ്ധ്യഭാഗത്തെ കുത്തൊഴുക്കുപോലെ.' ഇതാണ് സുപ്രധാനമായ ആ വ്യത്യാസം. ഈ വിടവു നികത്താന്‍ കഴിയുമോ? നമ്മളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് അതിനുള്ള കഴിവുണ്ടോ? പകരം നമ്മുടെ പരിമിതമായ ലക്ഷ്യത്തിനുവേണ്ടി-മരണവേളയിലുള്ള മനസ്സിന്റെ ശാന്തമായ ലയനം എന്ന ലക്ഷ്യം-ഈ വിടവു നികത്താതെതന്നെ നമുക്കു മുന്നോട്ടു പോകാനാവുമോ?
Content Highlights: arun shourie preparing for death book malayalam excerpt
Published: 28 Oct 2024, 02:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented