ആനന്ദ് നീലകണ്ഠന്റെ നളന്റെ ദമയന്തി എന്ന നോവല്‍ മാതൃഭൂമി ബുക്‌സിനുവേണ്ടി പ്രിയരാജ് ഗോവിന്ദരാജ് പരിഭാഷപ്പെടുത്തിയിരിക്കുന്നു. നോവലില്‍ നിന്നും ഒരു അധ്യായം...
ദമയന്തിയെ വിവാഹം കഴിക്കാനായി നളനെ സമ്മതിപ്പിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് ഹേമാംഗന് ഒരു രൂപവുമുണ്ടായിരുന്നില്ല. യാത്രയിലുടനീളം ഇതിനായി ഒരു പദ്ധതി രൂപീകരിക്കാന്‍ അവന്‍ തലപുകയ്ക്കുകയായിരുന്നു. ഹേമാംഗന്റെ മനസ്സിനെ അലട്ടുന്ന മറ്റൊന്നുകൂടിയുണ്ടായിരുന്നു. ദമയന്തി മുള്‍പ്പടര്‍പ്പില്‍നിന്നും രക്ഷിച്ച മൂര്‍ഖനെക്കുറിച്ചുള്ള ചിന്തകളായിരുന്നു അത്. അത് സാധാരണ മൂര്‍ഖനായിരുന്നില്ല എന്ന് അവനുറപ്പുണ്ടായിരുന്നു. ഇപ്രകാരം മനസ്സില്‍ ഉരുണ്ടുകൂടുന്ന ഇരുണ്ട ചിന്തകളെ ശ്രമപ്പെട്ടു കുടഞ്ഞെറിഞ്ഞുകൊണ്ട് ആ സ്വര്‍ണ്ണഹംസം നിഷാദരാജ്യത്തേക്കു പറന്നു.
അവന്‍ നളന്റെ രാജ്യത്ത് എത്തിച്ചേരുമ്പോള്‍ പടിഞ്ഞാറ് ആകാശം അരുണാഭമായിത്തുടങ്ങിയിരുന്നു. വനവാസികളുടെ ആ ദേശത്തിനു മുകളില്‍ അവന്‍ വട്ടമിട്ടു പറന്നു. ആ കാഴ്ചകള്‍ അവനില്‍ ആനന്ദം നിറച്ചു. നൂറുകണക്കിനു ക്ഷേത്രങ്ങളുടെ താഴികക്കുടങ്ങള്‍ അസ്തമയസൂര്യരശ്മിയില്‍ തിളങ്ങുന്നുണ്ടായിരുന്നു. നഗരത്തിനു മുകളിലൂടെ അവന്‍ താണുപറക്കുമ്പോള്‍, ക്ഷേത്രത്തിനു മുന്നില്‍ തടിച്ചുകൂടിയ ഒരു ആള്‍ക്കൂട്ടം അവന്‍ കണ്ടു. അവന്‍ അല്‍പ്പം ഉയരത്തിലായിരുന്നെങ്കിലും ഏതോ വിശിഷ്ടഭോജ്യത്തിന്റെ ഗന്ധം അവനു കിട്ടുന്നുണ്ടായിരുന്നു. ക്ഷേത്രമുറ്റത്ത് ഒരു ചെമ്പുപാത്രത്തില്‍ എന്തോ തിളപ്പിക്കുന്നുണ്ടല്ലോ. എന്തായിരിക്കും അത്?
എന്താണു സംഭവിക്കുന്നതെന്നറിയാന്‍, അവന്‍ അടുത്തുള്ള ഒരു മരക്കൊമ്പില്‍ പറന്നിരുന്നു. എല്ലാവരും ആകാംക്ഷയോടെ നോക്കിനില്‍ക്കുന്ന ആ വസ്തു എന്തായിരിക്കും? ആ ചെമ്പുപാത്രത്തിന്, അടുത്തുള്ള ആമ്പല്‍ക്കുളത്തോളം വലിപ്പമുണ്ടായിരുന്നു. അതിനുള്ളില്‍ തിളയ്ക്കുന്ന പാല്‍, നീളമേറിയ ചട്ടുകങ്ങള്‍കൊണ്ട് മൂന്നുപേര്‍ ചേര്‍ന്ന് ഇളക്കുന്നുണ്ട്. ചുറ്റും കൂടിയ കുട്ടികളുടെ കണ്ണുകള്‍ കൊതിയോടെ തിളങ്ങുന്നത് അവന്‍ കണ്ടു. അവര്‍, കൈയിലുണ്ടായിരുന്ന പാത്രങ്ങള്‍ തറയില്‍ തട്ടി കലപില ബഹളമുണ്ടാക്കുകയായിരുന്നു. 'പായസം വേണം... പായസം വേണം... ഞങ്ങള്‍ക്ക് പായസം വേണം...'
'മാറിനില്‍ക്കെടാ കൊച്ചുതെമ്മാടികളേ... ബ്രഹ്‌മദേവന് അര്‍പ്പിച്ചശേഷം മാത്രമേ നിങ്ങള്‍ക്കു തരൂ...' കൂട്ടത്തില്‍ പ്രധാനിയെന്നു തോന്നിപ്പിച്ച ഒരാള്‍ അവരെ ആട്ടിയകറ്റി.
'പുഷ്‌കര രാജകുമാരാ, ഞങ്ങള്‍ക്കിപ്പത്തന്നെ വേണം. അത് നമ്മുടെ മഹാരാജാവായ നളന്റെ രുചിക്കൂട്ടാണ്. ഞങ്ങളെത്ര നേരമായി കൊതിയോടെ കാത്തിരിക്കുന്നു? ഒന്ന് പെട്ടെന്നാക്കുമോ?' കുട്ടികളിലൊരുവന്‍ ചോദിച്ച ഉടനെ, മറ്റു കുട്ടികളും അതേറ്റുപാടാന്‍ തുടങ്ങി.
'നിങ്ങള്‍ക്ക് കലിയുടെ ശാപം വാങ്ങിവെക്കണമെന്നാണോ?' പുഷ്‌കരന്‍ ഈര്‍ഷ്യയോടെ ചോദിക്കുന്നതു കേട്ട്, കുട്ടികള്‍ നിശ്ശബ്ദരായി. ഒരു പുരോഹിതന്‍ മന്ത്രോച്ചാരണം നടത്തി, 'ദേവന്മാരുടെയും ദൈവമായ ബ്രഹ്‌മദേവാ, ഈ അര്‍ച്ചന സ്വീകരിച്ചു കലിയില്‍നിന്നും ഞങ്ങളെ സംരക്ഷിക്കേണമേ.'
'ഹേയ്, അങ്ങനെയൊരു കലിയൊന്നുമില്ല. എന്നു മാത്രമല്ല, ബ്രഹ്‌മദേവന് നിങ്ങളുടെ അര്‍ച്ചനകളൊന്നും ആവശ്യവുമില്ല,' മെല്ലെ പറന്നിറങ്ങി, പായസം തിളയ്ക്കുന്നതിനടുത്തേക്ക് നടക്കുന്നതിനിടയില്‍ ഹേമാംഗന്‍ പറഞ്ഞു.
'അതാ ഒരു സ്വര്‍ണ്ണപ്പക്ഷി,' ആള്‍ക്കൂട്ടം അദ്ഭുതംകൊണ്ടു വാപിളര്‍ന്നു.
തന്റെ മനോഹരമായ തൂവലുകളില്‍ എപ്പോഴും അഭിമാനംകൊണ്ടിരുന്ന ഹേമാംഗന്‍, സ്വന്തം സൗന്ദര്യം അല്‍പ്പം പ്രദര്‍ശിപ്പിക്കാന്‍തന്നെ തീരുമാനിച്ചു. സൂര്യന് അഭിമുഖമായി അവന്‍ ചിറകുകള്‍ വിടര്‍ത്തി. 'നിങ്ങളുടെ രാജാവായ നളനെ വിളിക്കൂ. എന്റെ കൈയില്‍ ദമയന്തിക്കുള്ള പ്രണയോപഹാരം നല്‍കാന്‍ അദ്ദേഹത്തോടു പറയൂ. അദ്ദേഹം ഉടന്‍തന്നെ ദമയന്തിയെ കണ്ടുമുട്ടേണ്ടതുണ്ട്. അവിടെ അവളുടെ സ്വയംവരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ഞാന്‍ അറിഞ്ഞിടത്തോളം അവര്‍ നിഷാദരെ ക്ഷണിക്കില്ല. അതിനാല്‍ത്തന്നെ നമുക്ക് സമയമേറെയില്ല. വേഗം...'
ആള്‍ക്കൂട്ടം നോക്കിനിന്നതേയുള്ളൂ, അനങ്ങിയില്ല. 'നിങ്ങള്‍ എന്നെ തുറിച്ചുനോക്കുന്നതെന്തിനാണ്?' ചുറ്റുമുള്ളവരെ നോക്കി, ഹേമാംഗന്‍ ചോദിച്ചു. 'ഞാന്‍ പറയുന്നത് മനസ്സിലാകുന്നില്ലെന്നുണ്ടോ?' താനിനി മനുഷ്യഭാഷയ്ക്കു പകരം അരയന്നഭാഷയാണോ ഉപയോഗിച്ചത് എന്നു സംശയിച്ച ഹേമാംഗന് പരിഭ്രമം തോന്നി.
ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ വിളിച്ചുപറഞ്ഞു: 'അതാ സംസാരിക്കുന്ന ഒരരയന്നം!'
ഹേമാംഗന്‍ ആശ്വാസപൂര്‍വ്വം തല കുമ്പിട്ടു. താന്‍ മനുഷ്യഭാഷയില്‍ ഒരു പ്രവീണന്‍ ആയിരിക്കുന്നു.
അപ്പോഴാണ് പുഷ്‌കരന്‍ പറഞ്ഞത്: 'ഹോ! ഇതൊരു മൊതലാണല്ലോ! ബാ ബാ ബാ ബാ!'
പുഷ്‌കരന്റെ ആ വാക്കുകളുടെ പൊരുള്‍, തല്‍ക്ഷണംതന്നെ ഹേമാംഗനു പിടികിട്ടി. 'ഏയ് അല്ല... അല്ലല്ലല്ലല്ല...' ഹേമാംഗന്‍ ഉറക്കെ വിളിച്ചുപറഞ്ഞു. പുഷ്‌കരന്‍ അവനെ പിടിക്കാനായി ഓരോ അടി മുന്നോട്ടു വെക്കുന്നതിനുമനുസരിച്ച് അവന്‍ പിന്നിലേക്ക് നടന്നുതുടങ്ങി.
ധാര്‍മ്മികരോഷംപൂണ്ട ഹേമാംഗന്‍, പുഷ്‌കരനെ ശകാരിക്കാന്‍ തുടങ്ങി: 'ഞാന്‍ ഒരു കോഴിയല്ല ഹേ! എന്നെ ബാ ബാ ബാ ബാ എന്നു വിളിക്കരുത്.' പുഷ്‌കരനില്‍ത്തന്നെ നോട്ടമുറപ്പിച്ച ഹേമാംഗന്‍, കോപത്തോടെ അയാളുടെ ശബ്ദം അനുകരിച്ചുകൊണ്ട് പിന്നിലേക്കു നടക്കുമ്പോള്‍, പിന്നില്‍ ഒരു അനക്കം കേട്ടു.

പെട്ടെന്ന്, ഹേമാംഗന്‍ പറന്നുയര്‍ന്നു. പിന്നിലൂടെ അവനെ പിടിക്കാനെത്തിയ ഒരു ഭടന്റെ കൈയില്‍നിന്നുമാണ് മുടിനാരിഴ വ്യത്യാസത്തില്‍ അവന്‍ രക്ഷപ്പെട്ടിരിക്കുന്നത്. അടുത്തുണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന ക്ഷേത്രഗോപുരത്തിനു മുകളില്‍ അഭയം തേടിയ ഹേമാംഗന്‍, താഴെയുള്ള മനുഷ്യരെ വീക്ഷിച്ചു. അവര്‍ അസ്വസ്ഥരായിരുന്നു. ചിലരൊക്കെ വീട്ടില്‍നിന്നും അമ്പും വില്ലുമായി എത്തിത്തുടങ്ങി. സ്ഥിതി വഷളാവുകയായിരുന്നു.
'ഇതിന്റെ ഇറച്ചിക്കെന്തൊരു രുചിയായിരിക്കും,' ആള്‍ക്കൂട്ടത്തില്‍ ഒരുവന്‍ പറഞ്ഞു.
നിരവധി വില്ലുകള്‍ മുറുകുന്നതിന്റെയും അസ്ത്രങ്ങള്‍ ഉന്നംപിടിക്കുന്നതിന്റെയും ശബ്ദങ്ങള്‍ അവനു കേള്‍ക്കാമായിരുന്നു. ഒരസ്ത്രം അവന്റെ തൊട്ടടുത്തുകൂടി ചീറിക്കടന്നുപോയി. ആ പക്ഷി വിറച്ചു. കടന്നുപോയ അസ്ത്രം അവന്റെ തലയിലെ ഒരു തൂവല്‍ വീഴ്ത്തിയിരിക്കുന്നു. അത്ര അടുത്തുകൂടിയാണതു പോയത്. വേറെയും അസ്ത്രങ്ങള്‍ മുടിനാരിഴവ്യത്യാസത്തില്‍ പാഞ്ഞുപോയി.
'ഹ! ഞാന്‍ നിങ്ങളെ രക്ഷിക്കാന്‍ വന്നതാണ്. എന്നാല്‍ നിങ്ങള്‍ എന്നെ കമ്പില്‍ കോര്‍ത്തു ചുട്ടുതിന്നാന്‍ നോക്കുന്നോ? എന്തൊരു മനുഷ്യരാണ് നിങ്ങള്‍.' അവന്‍ കൂടുതല്‍ സംസാരിക്കുംതോറും താഴെ ബഹളവും അധികരിച്ചു.
പെട്ടെന്ന് അഞ്ചാറു ചെറുപ്പക്കാര്‍ ആ ക്ഷേത്രഗോപുരത്തിനു നേരേ ഓടിയടുത്തു മുകളിലേക്കു കയറാന്‍ തുടങ്ങി. അവിടെയും ഇനി സുരക്ഷിതമല്ല. 'നിന്റെയൊക്കെ ബുദ്ധി അപാരംതന്നെ,' ഹേമാംഗന്‍ അവരെ പരിഹസിച്ചു. 'നീയൊക്കെ കയറിവന്ന് എന്നെപ്പിടിക്കുംവരെ ഞാനിവിടെ ഇരുന്നുതരും എന്നു കരുതിയോ മര്‍ക്കടന്മാരേ... ഞാനെന്താ പൂച്ചക്കുട്ടിയോ? എനിക്ക് ചിറകുകളുണ്ടെടോ കൂട്ടരേ... ഞാനേ, ഒരു പക്ഷിയാണ്.'
ഇങ്ങനെ സംസാരിക്കുന്നതിനിടയില്‍ പുഷ്‌കരന്‍ പിന്നിലൂടെ പതുങ്ങിവരുന്നത് അവനറിഞ്ഞില്ല. അവനതറിയുംമുമ്പേ എന്തോ ഒന്ന് അവന്റെ കാലില്‍ പിടിത്തമിട്ടു കഴിഞ്ഞിരുന്നു. 'കിട്ടിപ്പോയ്...' പുഷ്‌കരന്‍ വിജയാഹ്ലാദത്തില്‍ ചിരിച്ചു.
'നീ സഹോദരനാണ് എന്നു പറയുന്നതില്‍ നളമഹാരാജാവ് ലജ്ജിക്കുന്നുണ്ടാവും. നീയൊരു മരമണ്ടനാണ്.' ഹേമാംഗന്‍ പുഷ്‌കരന്റെ മൂക്കില്‍ ശക്തമായി കൊത്തി. പുഷ്‌കരന്‍ വേദനകൊണ്ട് അലറി. നിലതെറ്റി വീഴാന്‍ തുടങ്ങിയ അയാള്‍, വെപ്രാളപ്പെട്ട് ഒരു ശില്‍പ്പത്തിന്റെ കാലില്‍ കടന്നുപിടിച്ചതും, കൈപ്പിടിയില്‍നിന്നും ഹേമാംഗന്‍ രക്ഷപ്പെട്ടു. പുഷ്‌കരന്റെ കണ്‍മുന്നില്‍ പറന്നുനിന്നുകൊണ്ടവന്‍ പറഞ്ഞു: 'ഒരുപദേശം തരാം. പക്ഷിയെ പിടിക്കുമ്പോള്‍, കഴുത്തിനു പിടിക്കണം. ഇല്ലെങ്കില്‍ മൂക്കിതുപോലെ തരിപ്പണമാകും.'
നിഷാദര്‍ കല്ലുകളും അസ്ത്രങ്ങളുമായി വീണ്ടുമടുത്തപ്പോള്‍ 'അപരിഷ്‌കൃതര്‍... ശുംഭന്മാര്‍...' എന്നൊക്കെ ശകാരിച്ചുകൊണ്ട്, ഹേമാംഗന്‍, മനോഹരമായ കൊത്തുപണികളോടുകൂടിയ ഒരു ക്ഷേത്രഗോപുരം ചുറ്റിപ്പറന്നു. ഹേമാംഗന് നിഷാദരെക്കൊണ്ടു മതിയായിക്കഴിഞ്ഞിരുന്നു. നളനെ നിര്‍ദ്ദേശിക്കുകവഴി നാരദമുനി തന്നെ കളിയാക്കിയതാണോ എന്നുപോലും അവനൊരുവേള ശങ്കിച്ചു. നളനെ കണ്ടുമുട്ടാന്‍ നല്ലൊരു മാര്‍ഗ്ഗം കണ്ടെത്തുംവരെ കാട്ടിലൊളിച്ചിരിക്കാന്‍ തീരുമാനിച്ച് ഹേമാംഗന്‍ പറന്നു. പക്ഷേ, ഒന്നു തിരിഞ്ഞുനോക്കിയിരുന്നെങ്കില്‍, പിന്നിലിഴയുന്ന ഒരു മൂര്‍ഖനെ അവനു കാണാമായിരുന്നു.
Content Highlights: anand neelakantan novel nalante damayanthi excerpts mathrubhumi books
Published: 03 Oct 2024, 08:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented