ഇന്ത്യന്‍ സാഹിത്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പേരാണ് അമൃത പ്രീതം. സര്‍ഗാത്മകജീവിതം കൊണ്ടും വ്യക്തിജീവിതംകൊണ്ടും തന്റെ കാലത്തെ സാമൂഹികക്രമങ്ങളെ പിഴുതെറിഞ്ഞ അക്ഷരങ്ങളുടെ ഉടമ ഓര്‍മയായിട്ട് പത്തൊമ്പത് വര്‍ഷം. അമൃത പ്രീതത്തിന്റെ വിഖ്യാത ആത്മകഥയാണ് 'റവന്യൂ സ്റ്റാമ്പ്.' മാതൃഭൂമി ബുക്‌സിനുവേണ്ടി കൃഷ്ണവേണി തയ്യാറാക്കിയ ആത്മകഥയുടെ വിവര്‍ത്തനത്തില്‍ നിന്നും ഒരു അധ്യായം. 

To advertise here,

നിങ്ങളുടെതന്നെ മാതൃകാരൂപമുണ്ടാക്കി സ്വയം താരതമ്യം ചെയ്ത് പരിശോധിക്കുക. ആദ്യ കൂടിക്കാഴ്ചയില്‍ കസന്‍ദ്സാക്കീസ് തന്റെ പ്രണയിനിയോടു പറഞ്ഞതാണിത്. ഞാനും ഈ വാക്കുകള്‍ എപ്പോഴും കേട്ടിരുന്നു. മറ്റാരില്‍നിന്നുമല്ല, എന്റെ ഇന്ദ്രിയങ്ങളില്‍നിന്നുതന്നെ.

ഞാനത് തുടര്‍ന്നുകൊണ്ടേയിരുന്നു. എനിക്ക് മണ്ടത്തരം പറ്റുന്നു എന്നു തോന്നുന്ന ഓരോ സന്ദര്‍ഭത്തിലും അതോര്‍ത്തു.
ആ വാക്കുകള്‍ എന്നിലെന്തെങ്കിലും മാന്ത്രികമായ മാറ്റങ്ങള്‍ വരുത്തി എന്ന് ഞാനവകാശപ്പെടുന്നില്ല. പക്ഷേ അവയെന്നെ സഹായിച്ചിട്ടുണ്ട് എന്നു നല്ല ബോധ്യമുണ്ട്. നാം തന്നെ രൂപകല്പനചെയ്ത മാതൃകയാവാന്‍ ശ്രമിക്കുമ്പോള്‍ അദ്ഭുതം സംഭവിക്കുന്നതാവാം. അതോടെ, എന്റെ ഭാവനയുടെ ലോകം എനിക്കേറെ ആഹ്ളാദം പകരുന്നതായി.

ഈ വിശ്വാസം എന്റെ ജീവിതത്തിലുടനീളം വ്യക്തമായ സഹായം നല്കിയിട്ടുണ്ടെന്ന് എനിക്കറിയാം. സംഘര്‍ഷം നിറഞ്ഞ സമയങ്ങളില്‍ അതീവ ധൈര്യം നല്കി. ഉദാഹരണമായി, എനിക്ക് പതിനെട്ടു വയസ്സുള്ളപ്പോള്‍ ഭര്‍ത്താവില്‍നിന്നും വേര്‍പിരിയണമായിരുന്നു. ഞാനദ്ദേഹത്തോടു പറഞ്ഞു: 'മനസ്സിന്റെയുള്ളില്‍ നാം അവരവരുടെ വഴിക്ക് നീങ്ങേണ്ടതാണെന്ന് അങ്ങേക്ക് ബോധ്യം വന്നിരിക്കുന്നു. പക്ഷേ വേര്‍പിരിയലിന്റെ വാര്‍ത്ത
കേട്ട് നമ്മുടെ നേര്‍ക്ക് നീളുന്ന സമൂഹത്തിന്റെ കൂര്‍ത്ത നോട്ടങ്ങളും അനാവശ്യ വര്‍ത്തമാനങ്ങളുമാണ് അങ്ങയെ അലട്ടുന്നത്. ആളുകള്‍ നമ്മുടെ വേര്‍പിരിയലിന് സാക്ഷിയാവട്ടെ. രണ്ടു ദിവസം, അല്ലെങ്കില്‍ പത്തു ദിവസം. അവര്‍ തളരുകയും നിശ്ശബ്ദരാവുകയും ചെയ്യും. നമ്മുടെ ഉള്ളിലെ സത്യത്തിന്റെ കവചമണിഞ്ഞ് നമുക്കവയെ നേരിടാം. ഈ അഗ്‌നിപരീക്ഷയില്‍നിന്നും പൊള്ളലേല്ക്കാതെ പുറത്തുവരാം. അങ്ങയുടെ എക്സിമ പൂര്‍ണമായും മാറും.'

അങ്ങനെ 1963 സപ്തംബറില്‍ ഞങ്ങള്‍ വേര്‍പിരിയേണ്ട തീയതിയും ഉറപ്പിച്ചു-1964 ജനവരി 8. അല്ല, ഞങ്ങളതില്‍ എത്തിച്ചേരുകയും ഉറച്ചുനില്ക്കുകയും ചെയ്തു. അദ്ഭുതപ്പെടുത്തിയ കാര്യം അതല്ല, നീണ്ട പതിനെട്ടു വര്‍ഷം ദുരിതമാക്കിയ അദ്ദേഹത്തിന്റെ എക്സിമ യാതൊരു ചികിത്സയും ഇല്ലാതെ പൂര്‍ണമായും ഭേദമായി.

ഒറ്റയ്ക്കിരുന്ന് കഴിഞ്ഞ സംഭവങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഒന്നെനിക്കു ബോധ്യമായി. നമുക്കു വേണ്ടത് സത്യത്തെ അംഗീകരിക്കാനുള്ള ധൈര്യമാണ്. ആത്യന്തികമായി ഈയൊരു ധൈര്യമാണ് ഞങ്ങള്‍ക്കു ധാര്‍മികവും ശാരീരികവുമായ കരുത്തു പകര്‍ന്നത്.

1960-ലും ഇതേപോലൊരു സന്ദര്‍ഭമുണ്ടായി. ഇംറോസിന് എന്നിലുള്ള സ്നേഹത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. അതിനെപ്രതി എനിക്കൊരു സംശയവും ഉണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന് ഉള്ളിന്റെയുള്ളില്‍ എന്തോ ഒരു സംഘര്‍ഷം ഉണ്ടായിരുന്നു. യുക്തമായ ഒരു തീരുമാനമെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. സദാ നിഴല്‍പോലെ പിന്തുടരുന്ന കറുത്ത വ്യക്തിയില്‍ നിന്ന് മോചനം നേടാനാവുന്നില്ല. പക്ഷേ ഞങ്ങളുടെ കൂട്ടായ പരിശ്രമം വിജയം കാണുകതന്നെ ചെയ്തു. ആ 'കറുത്ത മനുഷ്യന്‍' അപ്രത്യക്ഷനായി. അനാവശ്യമായ പ്രശ്നങ്ങളില്‍നിന്ന് ഞങ്ങള്‍ രക്ഷപ്പെടുകയും ചെയ്തു. അതോടെയാണ് ഇംറോസിനു പനി തുടങ്ങിയത്. എക്സ്റേകള്‍ എടുത്തെങ്കിലും'അവനെ' കണ്ടുപിടിക്കാനായില്ല. 'അവന്‍' എക്സ്റേയില്‍ തെളിഞ്ഞില്ല. ഒരു മാസത്തിനുശേഷം വീണ്ടും 'അവന്‍' ഇംറോസില്‍ തെളിഞ്ഞു. ഞാന്‍ സത്യത്തെക്കുറിച്ച് ബോധവതിയായി. എന്റെ മാതൃകാഭാവത്തിനു വിരുദ്ധമായി ഞാനേറെ കണ്ണീരൊഴുക്കി. അതോര്‍ത്ത് ഞാനേറെ അക്കാലത്ത് ചെറുതായി. ഒരു പിഗ്മിയെപ്പോലെ ചെറുത്.

ഒരു കാര്യം വ്യക്തമായി. ഇംറോസ് എന്നില്‍നിന്നും ഏറെ ദൂരം വിട്ടുപോവുന്നില്ലായെങ്കില്‍ അദ്ദേഹത്തിന്റെ പനി ഒരിക്കലും മാറില്ല. മരുപ്പച്ചയിലെത്താന്‍ ഒറ്റയ്ക്ക് ഏറെ ദൂരം മരുഭൂമി കടക്കേണ്ടതുണ്ടോ?

അദ്ദേഹത്തിനുള്ള ദാഹത്തിന്റെ ആഴവും അതിന്റെ കാരണവും തിരക്കേണ്ടതുണ്ടോ? താത്കാലികമായി പിരിഞ്ഞുതാമസിക്കാനുള്ള തീരുമാനം എടുത്തത് വളരെ വേദനയോടെയായിരുന്നു. മന്ത്രസിദ്ധിയാലെന്നപോലെ ഇംറോസ് പൂര്‍ണ ആരോഗ്യവാനായി. പനി പൂര്‍ണമായും വിട്ടുമാറി. ഇംറോസും പനിയും തമ്മിലുള്ള യുദ്ധത്തില്‍ അദ്ദേഹത്തിനു ജയിക്കാന്‍ കഴിഞ്ഞത് ഞങ്ങളുടെ ഉറച്ച തീരുമാനത്തിന്റെ ഫലമായിട്ടാണ്. അര്‍ധസത്യവുമായി ജീവിക്കാനാവില്ലെന്ന തീരുമാനം. ഈ വേര്‍പിരിയലിലൂടെ ചെയ്യുന്നത് ശരിയല്ല എന്ന തോന്നലുണ്ടായാല്‍ അപ്പോള്‍ത്തന്നെ അതില്‍നിന്ന് പിന്‍തിരിയാനും ഉള്ള സ്വാതന്ത്ര്യം ഞങ്ങള്‍ തീരുമാനിച്ചിരുന്നു.

ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍വെച്ച് രേവതി ശരണ്‍ ശര്‍മ എന്നോടു ചോദിച്ച ചോദ്യം മനസ്സിലേക്ക് വരുന്നു. 'അമൃതാ, താങ്കളുടെ നോവലിലെ നായികമാര്‍ സത്യം അന്വേഷിച്ച് വീടിനു പുറത്തേക്കു പോവുന്നു. പക്ഷേ, അതിന്റെ ഫലമായി സാമൂഹികക്രമങ്ങള്‍ തകരുമെന്ന് തോന്നുന്നില്ലേ?' ഞാന്‍ മറുപടി പറഞ്ഞു, 'തെറ്റായ സാമൂഹികക്രമങ്ങള്‍ കുടുംബങ്ങള്‍ തകരുന്നതിനു കാരണമാവുന്നുവെങ്കില്‍ സത്യത്തിന്റെ പേരിലും കുറെ കുടുംബങ്ങള്‍ തകരട്ടെ. ഒന്നറിയുക, അവ സത്യത്തിനുവേണ്ടിയുള്ള ബലിയാണ്!'

സത്യത്തിന്റെ പാതയിലൂടെ നടക്കുക എന്നത് ഏറെ ദുഷ്‌കരമാണെന്ന് എനിക്കറിയാം. പക്ഷേ ഒരിക്കലെങ്കിലും മാതൃകാരൂപം നമ്മുടെ മനസ്സില്‍ സൃഷ്ടിക്കാനും അതുമായി താദാത്മ്യപ്പെടാനും ശരിയായ പരിശ്രമം ഉണ്ടായാല്‍ ലക്ഷ്യത്തിനടുത്തെത്തുകതന്നെ ചെയ്യും. ഇന്നത്തെ സത്യം നാളെ തെറ്റാണെന്ന് തെളിയിക്കപ്പെട്ടേക്കാം. എന്നെ സംബന്ധിച്ചിടത്തോളം സത്യമെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും സമഞ്ജസമായ ആത്മാര്‍ഥ ചിന്തകളാണ്... തന്ത്രികള്‍ മുറുക്കിയ സംഗീതോപകരണത്തിലെ ശ്രുതിനാദംപോലെ.

ഇംറോസ്

ജീവിതത്തിന്റെ താളില്‍
പ്രണയം കൈയൊപ്പ് പതിച്ചിരിക്കുന്നു.
പക്ഷേ, ആ കടം ആരു വീട്ടും?

ഒരു ഉര്‍ദു കവിസദസ്സിനുശേഷം സഹീറിനു ചുറ്റും ഓട്ടോഗ്രാഫിനായി ആളുകള്‍ കൂടി. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാനെന്റെ നിവര്‍ത്തിയ വലംകൈ സഹീറിനു നേരേ നീട്ടി. സഹീര്‍ പേനയില്‍നിന്നും തള്ളവിരലില്‍ മഷി പുരട്ടി എഴുതാനറിയാത്തവര്‍ ചെയ്യുംപോലെ വിരലടയാളം വെച്ചു.

എനിക്കോ സഹീറിനോ ഈ അസാധാരണമായ ഓട്ടോഗ്രാഫ് വായിക്കാനാവില്ല. സഹീര്‍ ചിലപ്പോള്‍ സ്വന്തം ശൈലിയില്‍ എന്റെ പ്രണയഭാവനകളോട് പ്രതികരിച്ചതാവാം. ഇംറോസിന്റെ കാര്യത്തിലാവട്ടെ, ആദ്യത്തെ കുറച്ചു കാലമൊഴിച്ചാല്‍ ഞാന്‍ സന്തുഷ്ടിയുടെ അത്യുന്മാദാവസ്ഥയിലായിരുന്നു. അവ സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഒരു ദിവസം വീട്ടിലൊരു കൈനോട്ടക്കാരന്‍ വന്നു. എന്റെ കൈ നോക്കി അയാള്‍ പറഞ്ഞു, 'ധനരേഖ തെളിഞ്ഞുനില്ക്കുന്നുണ്ട്. യാതൊരു തടസ്സവും കാണാനില്ല. ധാരാളം സമ്പത്തുണ്ടാകും.' പക്ഷേ ഇംറോസിന്റേത് മറിച്ചായിരുന്നു. 'ധനരേഖയ്ക്ക് തെളിച്ചമോ തുടര്‍ച്ചയോ ഇല്ല. നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒന്നും സമ്പാദിക്കാനാവില്ല.'

ഇംറോസ് പ്രത്യേകതരക്കാരനായിരുന്നു. എന്റെ കൈപ്പടത്തോട് കൈ ചേര്‍ത്തുകൊണ്ട് പറഞ്ഞു: 'അതു സാരമില്ല... ഞങ്ങളുടെ രേഖകള്‍ ഒരുമിച്ചാവുമ്പോള്‍ ശരിയാവും!'

1964-ല്‍ പട്ടേല്‍ നഗറിലെ വീട്ടില്‍നിന്ന് പുറത്തുചാടി ഹൗസ് ഖാസില്‍ താമസമാക്കുമ്പോള്‍ വീട്ടുജോലിക്കാരന്റെ ശമ്പളം കഴിച്ചാല്‍ 100 രൂപയാണ് ഇംറോസിന്റെ കൈയിലുണ്ടാവുക. അദ്ദേഹത്തിനൊരു കൂസലുമുണ്ടായിരുന്നില്ല. ഒരു പരസ്യക്കമ്പനിയില്‍ 1200 രൂപയ്ക്കോ മറ്റോ ആയിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. എപ്പോഴും പറയും: 'എന്റെ കൈയില്‍ 10,000 രൂപായുണ്ടായിരുന്നുവെങ്കില്‍ ഞാനീ ജോലി വലിച്ചെറിഞ്ഞ് ഇഷ്ടമുള്ള തൊഴില്‍ ചെയ്തേനേ.' വിലകള്‍ എപ്പോഴും കുതിച്ചുയരുമ്പോഴും അദ്ദേഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഇംറോസ് രാത്രിയിലും ജോലി ചെയ്യാനാരംഭിച്ചു. അധികമായി 500 രൂപയോളം കിട്ടും. ഞാന്‍ വീട്ടുചെലവുകള്‍ കര്‍ശനമായി നിയന്ത്രിച്ചു.

ഏകദേശം ഒരു വര്‍ഷത്തിനുമേലേയുള്ള കാലയളവില്‍ ഞാന്‍ 10000 രൂപ സ്വരൂപിച്ചു. പെട്ടെന്നുതന്നെ ഇംറോസ് ജോലിയുപേക്ഷിച്ചു. എനിക്കാണെങ്കില്‍ നേരത്തേ പറഞ്ഞുറപ്പിച്ചതുപ്രകാരം യൂറോപ്യന്‍ യാത്രയ്ക്കു പോവണം. എന്റെ അഭാവത്തില്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ളതും അന്നത്തെ ഫാഷന്‍ തരംഗവുമായ ബാത്തിക് പെയിന്റിങ് ആരംഭിച്ചു. സമര്‍ഥനായ ഒരാളെത്തേടി ദക്ഷിണേന്ത്യയിലേക്ക് സഹോദരനെ അയച്ചു.

ഞാന്‍ തിരിച്ചുവന്നപ്പോഴേക്കും ഗ്രീന്‍ പാര്‍ക്കില്‍ 300 രൂപ വാടകയ്ക്ക് ഒരു കെട്ടിടം എടുത്തിരുന്നു. ബാത്തിക്കിന്റെ സങ്കീര്‍ണമായ ജോലികളില്‍ മുഴുകി രണ്ടു വിദഗ്ധജോലിക്കാരും ഉണ്ട്. വിവിധ നിറങ്ങളിലുള്ള തുണിക്കൂമ്പാരങ്ങള്‍ ഒരിടത്ത്. അവയില്‍ പുതിയതും ചൂടാക്കി നിറം കയറ്റി പ്രിന്റ് ചെയ്തതും ഉണ്ട്. ഒറ്റത്തവണകൊണ്ടൊന്നും പ്രിന്റ് ചെയ്തെടുക്കാനാവില്ല. വെള്ളം ഇറ്റുവീഴുന്ന അവ നീളത്തില്‍ തൂക്കിയിട്ടിരിക്കുന്നു. ഇതൊക്കെ ബാത്തിക്ക് മാന്ത്രികതയുടെ ആരംഭം മാത്രമായിരുന്നു.

ഡല്‍ഹിയിലെ കാലാവസ്ഥ പോലെതന്നെയായിരുന്നു ഇംറോസിന്റെ സ്ഥിതിയും. പകല്‍ കൊടുംചൂടില്‍ മിന്നലേറ്റതുപോലെ. രാത്രി കൊടുംതണുപ്പില്‍ തണുത്തുമരവിച്ചും. ഈ അവസ്ഥയില്‍ എന്റെ അഭിപ്രായങ്ങള്‍ വ്യര്‍ഥമാകുമെന്ന് എനിക്കുറപ്പായിരുന്നു.

കുഴപ്പങ്ങള്‍ക്കു മേല്‍ കുഴപ്പങ്ങളായി. 250 രൂപ ശമ്പളത്തില്‍ നിര്‍ത്തിയ തയ്യല്‍ക്കാരന്‍ ബാത്തിക്ക് പെയിന്റ് പൂര്‍ത്തിയാക്കിയ മനോഹരമായ തുണിത്തരങ്ങള്‍ കത്രികയുടെ ക്ലിക്ക്-ക്ലിക്ക് ശബ്ദത്തോടെ തോന്നിയതുപോലെ മുറിച്ച് ഷര്‍ട്ടുകള്‍ തുന്നി. അതിന്‍ഫലമായി ക്ലാസിക് ചിത്രങ്ങളിലെ പ്രിയപ്പെട്ട ഉറുദുകവികളുടെ നീളന്‍ ഉടുപ്പിന്റെ ആകൃതിയില്‍ വയറിന്റെ ഭാഗം വലിപ്പമേറിയ ഷര്‍ട്ടുകള്‍ പിറന്നു.

ഇത്തരത്തിലുള്ള അഞ്ഞൂറോളം ഷര്‍ട്ടുകള്‍ അവിടെ കെട്ടിക്കിടന്നു. അവ വാങ്ങാന്‍ ആരും ഉണ്ടായില്ല. അവ സ്റ്റോര്‍ റൂമുകളില്‍ തിങ്ങിനിറഞ്ഞ് ഉപയോഗശൂന്യമായി. ഒരു വലിയ അലമാറയിലും കൂറ്റന്‍ ട്രങ്ക് പെട്ടിയിലും ഞങ്ങളതു കുത്തിനിറച്ചു. അലമാറയുടെ വാതിലടച്ച് പെട്ടിയും പൂട്ടി മൂടിവെച്ച് മുറുക്കിയടച്ച് അവ കാഴ്ചയില്‍നിന്ന് മറച്ച് ഞങ്ങള്‍ അന്യോന്യം നോക്കി പുഞ്ചിരിച്ചു. ആശ്വാസത്തിന്റെ ചിരി.

ഒരിക്കല്‍ ഒരു ഷര്‍ട്ട് വില്പനയുടെ അടുത്തെത്തി. ഒരു അമേരിക്കന്‍ യുവതിയായിരുന്നു ആവശ്യക്കാരി. ഷര്‍ട്ട് പാകമാവില്ലെന്നറിഞ്ഞിട്ടും അവരൊരു ഷര്‍ട്ടു വാങ്ങാന്‍ തയ്യാറായി. അവ ഉര്‍ദുക്കവിതയിലെ സുന്ദരന്മാര്‍ക്കുള്ളതാണല്ലോ. എങ്ങനെയാണതിനുള്ളില്‍ കയറിപ്പറ്റിയതെന്നറിയില്ല. പിന്നീടു കേട്ടത് അവരുടെ നിലവിളിയാണ്. 'അയ്യോ, എന്നെ ഇതില്‍നിന്നൊന്ന് രക്ഷപ്പെടുത്തണേ!' അവര്‍ പുളഞ്ഞ് കരയുകയായിരുന്നു.

പതിനായിരം രൂപ പോയി. പുറമേ കടവും. പൈതൃകമായി കിട്ടിയ സ്വന്തം സ്ഥലം കുറഞ്ഞ വിലയ്ക്ക്, വെറും 6,500 രൂപയ്ക്കു വിറ്റു. ചില പുസ്തകങ്ങളുടെ കവര്‍ ഡിസൈന്‍ ചെയ്ത വകയില്‍ കിട്ടിയ പ്രതിഫലവും ഒക്കെക്കൂടി ബാത്തിക്ക് പരീക്ഷണത്തിനു ഞങ്ങള്‍ക്കു ചെലവായത് 20,000 രൂപ.

ഇതിലാകെ ബാക്കി വന്നത് ഇംറോസ് എനിക്കു സമ്മാനിച്ച, അദ്ദേഹം തന്നെ ഡിസൈന്‍ ചെയ്ത് പെയിന്റു ചെയ്ത ഒരു പട്ടുസാരിയും ബ്ലൗസുമായിരുന്നു. ആ സാരിയും ബ്ലൗസും ധരിക്കുമ്പോഴൊക്കെ ഞാന്‍ നഷ്ടപ്പെട്ട 20,000 രൂപയെക്കുറിച്ചോര്‍ത്തു. ആ അധ്യായത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കു സങ്കടം വരും. പക്ഷേ ഇംറോസ് സ്വതസ്സിദ്ധമായ ശൈലിയില്‍ ചിരിച്ചുതള്ളി. പൊട്ടിച്ചിരിയോടെ പറഞ്ഞു, 'ഈ ലോകത്തില്‍ ഒരു മഹാറാണിക്കും ഈ സാരിപോലെ വിലയേറിയ ഒന്ന് ധരിക്കാന്‍ മഹാഭാഗ്യം ഉണ്ടായിട്ടില്ല! മറ്റാര്‍ക്കും ഇല്ലാത്ത ഈ സാരി ധരിക്കാന്‍ അവസരം കിട്ടിയ നീയാണ് ഈ ലോകത്തിലേറ്റവും ഭാഗ്യവതി!'

20,000 രൂപയ്ക്കു പകരമായി സാരിയും ബ്ലൗസും അലമാരയിലായി. ശരിയാണ്, ആരാണ് എന്നെക്കാള്‍ ധനിക? പിന്നീടൊരിക്കലും ഒരുമിച്ചു കാണാന്‍ സാധിക്കാത്ത 20,000 രൂപ കളഞ്ഞുപോയിട്ടും ചിരിച്ചുതള്ളുന്ന ഇംറോസിന്റെ ധൈര്യമാണ് എന്റെ ഏറ്റവും വലിയ ധനം.

വളരെ വേഗം മനസ്സിലാക്കാന്‍ പറ്റുന്ന വ്യക്തിയാണ് ഇംറോസ്. സര്‍ഗാത്മകമായ ഒരു മനസ്സ് അദ്ദേഹത്തിനുണ്ട്. വളരെയധികം ആശയങ്ങളുമുണ്ട്. അവ വ്യത്യസ്ത മാധ്യമങ്ങളിലൂടെ പ്രകാശിപ്പിക്കുന്നു. പേപ്പര്‍, കാന്‍വാസ്, മരം അങ്ങനെയങ്ങനെ. പക്ഷേ അദ്ഭുതകരമായ കലാസൃഷ്ടിക്ക് അദ്ദേഹത്തിന്റെ കഴിവു മാത്രം പോരാതെ വന്നു.

ടെക്സ്‌റ്റൈല്‍ ഡിസൈനിങ്ങില്‍ അദ്ദേഹത്തിന് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റുമായിരുന്നു. അദ്ദേഹത്തിന്റെ വര്‍ക്കുഷീറ്റുകള്‍ എത്ര അദ്ഭുതകരമാണെന്ന് ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു. പേപ്പറുകളില്‍ അദ്ദേഹം നന്നായി ഡിസൈന്‍ വരയ്ക്കുമായിരുന്നു. അവ തുണിയിലാക്കുക എന്നത് മില്ലുടമകളുടെ പണിയാണ്. അദ്ദേഹത്തിന്റെ അതിസുന്ദരമായ ഡിസൈനുകള്‍ കാണാന്‍ അവര്‍ക്കു കണ്ണില്ലാതെപോയി. എയ്ന്റാന്‍ഡിന്റെ രണ്ടേരണ്ടു വാക്കുകളിലൂടെ ഇംറോസ് കാണാന്‍ ചെന്ന മില്ലുടമകളെ വായിക്കാം. ''തികഞ്ഞ വിഡ്ഢികള്‍.''

വാസ്തവത്തില്‍, ഇംറോസ് ബാത്തിക്ക് പ്രിന്റിങ്ങിലേക്കു കടന്നത് ഈ ബുദ്ധിമുട്ടു കാരണമാണ്. പക്ഷേ ജോലിക്കാരെക്കൊണ്ട് ചെയ്യിച്ചപ്പോള്‍ അതു ശരിയായില്ല. പക്ഷേ എല്ലാ ജോലികളും ഇംറോസ് നേരിട്ടു ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ആ അനുപമവ്യക്തിത്വംപോലെ ഡിസൈനുകള്‍ മനോഹരമായി. പക്ഷേ, നിര്‍ഭാഗ്യവശാല്‍ വല്ലപ്പോഴും വരുന്ന ജപ്പാന്‍കാരും അമേരിക്കക്കാരുമല്ലാതെ അവ വാങ്ങാന്‍ വേറാരും വന്നില്ല.

ബാത്തിക്ക് ഒരു ജീവനോപാധിയാക്കാന്‍ പറ്റാത്തതോടെ എല്ലാം തകരാറിലായി. ഇംറോസിന്റെ മനസ്സ് മറ്റു ചിലതിലേക്കു ചെന്നു. വാച്ചുകളുടെയും ക്ലോക്കുകളുടെയും ഡയല്‍ രൂപകല്പന ചെയ്യലായി. ഇതിനു കൂടുതല്‍ മുതല്‍മുടക്ക് ആവശ്യമില്ല. അന്‍പതു രൂപയോ മറ്റോ മതിയാകും. കുറച്ചു പണം മുടക്കി ഈ ജോലി തുടങ്ങി. ക്ലോക്കോ ടൈംപീസോ വാച്ചോ എന്തെങ്കിലും വാങ്ങി നേരേ ജോലി തുടങ്ങും. ഒരു അലമാര നിറയെ ഇത്തരം പരീക്ഷണവസ്തുക്കള്‍കൊണ്ടു നിറഞ്ഞു. ധാരാളം വാച്ചുകളും ക്ലോക്കുകളും ഉണ്ടായിരുന്നതുകൊണ്ട് അവ ദിവസവും ചാവി കൊടുക്കാന്‍ പറ്റില്ലായിരുന്നു. ചില ദിവസങ്ങളില്‍ നല്ല മാനസികാവസ്ഥയാണെങ്കില്‍ ഞങ്ങള്‍ എല്ലാ ക്ലോക്കിനും വാച്ചിനും ചാവി കൊടുത്ത് ധാരാളം സമയം അവയുടെ ടിക്-ടിക് ശബ്ദവും ആസ്വദിച്ചിരിക്കും.

എല്ലാ വാച്ചുകളും ഒരേസമയം കാണിക്കാനാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ ഇംറോസിന്റെ മനസ്സില്‍ രണ്ടുതരം വാച്ചുകള്‍ ഉണ്ടായിരുന്നു. ഒന്ന്, നാമെല്ലാം അംഗീകരിക്കുന്ന സാധാരണസമയം കാണിക്കുന്ന വാച്ച്. ചില ക്ലോക്കുകള്‍ പ്രിയകവികളുടെ പ്രിയവരികള്‍ ആലേഖനം ചെയ്ത് ഉറച്ചു നില്ക്കുന്നവ. ഇംറോസ് അവയിലെ ഡയലുകള്‍ എടുത്തുമാറ്റി പ്രിയപ്പെട്ട കവികളായ ഫയസ്, കസ്മി, വാരിസ് ഷാ, ശിവ കുമാര്‍ എന്നിവരുടെ കവിതകള്‍ എഴുതിവെക്കും.

ഇതേരീതിയില്‍ അദ്ദേഹം കലണ്ടറുകളും ഡിസൈന്‍ ചെയ്തു. അവ എല്ലാ ആകൃതിയിലും ഉണ്ടാവും. ഒരിക്കല്‍ ചെസ് ബോര്‍ഡിന്റെ ആകൃതിയില്‍ കലണ്ടര്‍ ഡിസൈന്‍ ചെയ്തു. അവയില്‍ ദിവസവും തീയതിയുമൊക്കെ ചെസ് കരുക്കള്‍പോലെയായിരുന്നു. ഒരു മാസം വൃക്ഷംപോലെയാവുമ്പോള്‍ തീയതികള്‍ പച്ചയിലപോലെയാവും. മറ്റൊരു മാസം സംഗീതോപകരണംപോലെയാവുമ്പോള്‍, തന്ത്രികളും കട്ടകളും ദിവസങ്ങളും തീയതികളും ആവും.
ഇത്തരം വസ്തുക്കളുടെ പ്രദര്‍ശനം നടത്തിയിരുന്നുവെങ്കില്‍ നമ്മുടെ രാജ്യം സമ്പന്നമായേനേ. പക്ഷേ, എനിക്കോ ഇംറോസിനോ അത്തരമൊന്ന് സങ്കല്പിക്കാന്‍പോലും പറ്റുമായിരുന്നില്ല.

ഒരാള്‍ മറ്റൊരാളുടെ വര്‍ത്തമാനത്തില്‍ പങ്കുചേരുമ്പോള്‍ എല്ലാ മിടിപ്പുകളോടെയും അവരുടെ ഭൂതകാലവും ഒന്നാവും. കാലത്തിനനുസരിച്ച് വേര്‍പിരിയുക എന്നത് ചിന്തനീയമല്ല. പൊതുവേ പറഞ്ഞാല്‍ ഒരാള്‍ മറ്റേയാളുടെ ഭാഗമാവുന്നു. ഒരു കാര്യവും വേര്‍തിരിച്ച് പറയാനാവില്ല. രണ്ടുപേരുടെയും എല്ലാ ഭാവങ്ങളും ഒന്നുചേര്‍ന്ന് പൊതുവായ മറ്റൊന്നാകുന്നു. ആത്മാക്കളുടെ അന്യോന്യമുള്ള ഇഴുകിച്ചേരലില്‍നിന്നാണതിന്റെ നിയമം. എനിക്കു മോഹന്‍ സിങ്ജിയോടുള്ള ആദരവിനെപ്പറ്റി ഇംറോസിനറിയാം. അദ്ദേഹത്തിന്റെ ജാന്ദ്രെ എന്ന പുസ്തകത്തിനു കവര്‍ ഡിസൈന്‍ ചെയ്യുകയായിരുന്നു ഇംറോസ്. 'രണ്ടു താഴുകള്‍' എന്ന കവിതയില്‍ എന്റെ രണ്ടു മക്കളെ (പൂക്കളുടെ) താഴുകളാക്കി വരച്ചു. ഒപ്പം ഒരു വലിയ താഴും. കുഞ്ഞുതാഴുകളുടെ അമ്മ. 'മോഹന്‍ സിങ്ങിന് ആ താഴുകളുടെ അമ്മയെ, നിന്നെ കാണാനുള്ള കണ്ണില്ല. അതിനാല്‍ ആ കവിത പൂര്‍ണമാക്കാനാണ് ഞാനത് വരച്ചുചേര്‍ത്തത്' എന്നാണ് ഇംറോസ് പറഞ്ഞത്. ഇംറോസ് എന്റെ മനസ്സില്‍ ഇടം നേടുകയായിരുന്നു...

ഞാന്‍ സഹീറിനെ എത്രയധികം സ്നേഹിച്ചിരുന്നു എന്ന് ഇംറോസിനറിയാമായിരുന്നു. ആവോ കോയി ഖ്വാബ് ബുനേന്‍ എന്ന സഹീറിന്റെ പുസ്തകത്തിന്റെ പുറംചട്ട ഡിസൈന്‍ ചെയ്യുകയായിരുന്നു ഇംറോസ്. അപ്പോള്‍ ദേവീന്ദറും അവിടെയുണ്ടായിരുന്നു. സഹീറിനെക്കുറിച്ച് ഒളിച്ചുവെക്കലില്ലാതെ സംസാരിക്കാന്‍ പറ്റുന്ന ഒരാളായിരുന്നു ദേവീന്ദര്‍. ഡിസൈനിങ് പൂര്‍ത്തിയാക്കി ഇംറോസ് പുറംചട്ട കാണിച്ചുതന്നു. അദ്ദേഹം കഴിഞ്ഞ കാലത്തെത്തിയതുപോലെ എന്നെയും പുസ്തകത്തിന്റെ പുറംചട്ടയെയും മാറിമാറി നോക്കി. പഴയതൊക്കെ ഓര്‍ത്തെടുത്തതുപോലെ ഇംറോസ് പറഞ്ഞു, 'ഈ മന്ദബുദ്ധി എപ്പോഴും സ്വപ്നങ്ങള്‍ നെയ്തുകൊണ്ടിരിക്കുന്നു. അവയ്ക്കു ജീവന്‍ നല്കുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല.' ഞാന്‍ പൊട്ടിച്ചിരിച്ചു.

'നെയ്ത്തുകാരന്‍തന്നെയാണ് മന്ദബുദ്ധി. ഒരിക്കലും സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്കുന്നില്ല...'ഞങ്ങള്‍ മൂന്നുപേരുടെയും പൊട്ടിച്ചിരി മുഴങ്ങി. ദുഃഖങ്ങള്‍ ചിലപ്പോള്‍ ചിരിയിലലിയും.

സദാ സന്തുഷ്ടനായി കാണാറുള്ള ഇംറോസ് എങ്ങനെയാണ് കൊടിയ വേദന സഹിച്ച് എന്നെ സ്വന്തമാക്കിയതെന്ന് ആലോചിച്ച് ഞാന്‍ അദ്ഭുതപ്പെടാറുണ്ട്. ഒരിക്കല്‍ ഞാന്‍ ഇംറോസിനോടു പറഞ്ഞു, 'ഇംറോസ്, എനിക്ക് സഹീറിനെ കിട്ടിയിരുന്നുവെങ്കില്‍, നിങ്ങളെ ഒരിക്കലും കിട്ടില്ലായിരുന്നു.' ഉടന്‍ മറുപടി വന്നു, 'വീട്ടില്‍നിന്നും പുറത്തിറക്കിയിട്ടാണെങ്കിലും നിങ്ങളെ ഞാന്‍ സ്വന്തമാക്കുമായിരുന്നു...'

ഇംറോസ് ഇങ്ങനെയൊക്കെയായിരുന്നില്ലെങ്കില്‍ എനിക്കീ വരികള്‍ എഴുതാനാവുമായിരുന്നില്ല:
അച്ഛന്‍, മകന്‍, സഹോദരന്‍
സുഹൃത്ത്, ഭര്‍ത്താവ്
പുരുഷനെ സംബന്ധിച്ച
വാക്കുകള്‍ക്കുപോലും
ഒരര്‍ഥവും ഇല്ലായിരുന്നു.
പക്ഷേ, നിന്നെക്കണ്ടപ്പോള്‍
എല്ലാറ്റിനും ആഴമേറിയ
അര്‍ഥമുണ്ടായി.
ഞാന്‍ ഇംറോസിനു ധാരാളം കത്തുകള്‍ എഴുതിയിട്ടുണ്ട്. തെക്കന്‍ യുഗോസ്ലേവിയയിലെ ദുബ്രോവ്നിക്കില്‍നിന്ന് എഴുതിയ കത്ത് ഇപ്പോഴും എന്റെ മനസ്സിലുണ്ട്:
പ്രിയ സുഹൃത്തേ,
യാഥാര്‍ഥ്യത്തിന്റെ അതിരുകളെ അമ്പരപ്പിക്കുന്ന ഒന്നാണ് ഫാന്റസി. ക്ഷമയോടെ, വളരെക്കാലത്തെ അന്വേഷണത്തില്‍ കണ്ടെത്തുന്നവയ്ക്ക് ഫാന്റസിക്കും അപ്പുറത്തുള്ള സ്ഥാനമുണ്ട്. അവിടെയാണ് താങ്കളിപ്പോള്‍. ഹെന്റി മില്ലറുടെ വാക്കുകളില്‍, എല്ലാ കലകളും ഒരുനാള്‍ അസ്തമിക്കും. എന്നാല്‍, ജീവിതംതന്നെ കലയാക്കിയ കലാകാരന് അതേപോലെ തുടര്‍ന്നുപോവാനാവും. ആയിരം വര്‍ഷങ്ങള്‍ക്കുശേഷവും മില്ലറുടെ വാക്കുകള്‍ യാഥാര്‍ഥ്യമാവുന്നു എന്നോര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു. ഞാനിതു മാത്രം പറയും: 'ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പേ ജനിച്ചു എന്നത് താങ്കളുടെ കുറ്റം! താങ്കളോടൊപ്പം ജീവിക്കുക എന്നത് അളവില്ലാത്ത മൂല്യമുള്ള കാര്യമാണ്. അല്ലെങ്കില്‍, ഞാനിതെങ്ങനെ മാറ്റിപ്പറയാം. നാമിരുവരും ഭൂതകാലത്തില്‍ ജീവിക്കുന്നവരാണ്. പക്ഷേ അങ്ങയുടെ വേരുകള്‍ ഭാവിയിലേക്കു നീണ്ടുറയ്ക്കുമ്പോള്‍ ഞാനെങ്ങനെ വിലയിരുത്തും? ആയിരം കൊല്ലങ്ങള്‍ക്കു ശേഷമുള്ള പത്രം എനിക്കു വായിക്കാന്‍ കഴിഞ്ഞാലേ എന്താണ് അങ്ങ് കലാലോകത്തിനു ചെയ്തത് എന്ന് എനിക്കു വിലയിരുത്താനാവൂ.

'പരിപൂര്‍ണത' എന്ന വാക്ക് എനിക്കങ്ങയോട് ചേര്‍ത്തുവെക്കാനാവില്ല. എന്നെ സംബന്ധിച്ചിടത്തോളം തണുത്തു ഖരാവസ്ഥയിലുള്ള ഒന്നാണത്. അതില്‍നിന്നെന്തെങ്കിലും എടുക്കാനോ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനോ സാധ്യമല്ല. പക്ഷേ ജീര്‍ണതയെ അതിജീവിക്കാനും സൃഷ്ടിപരതയെ നിലനിര്‍ത്തിക്കൊണ്ടുപോവാനും ഉള്ള കഴിവ് അങ്ങേയ്ക്കുണ്ട്. 'പരിപൂര്‍ണത'യെന്നത് എന്റെ മുന്നില്‍ കാണുന്ന പള്ളിയിലെ ക്രിസ്തുദേവന്റെ ചിത്രംപോലെയാണ്. അതിനു മുന്നില്‍ ഞാന്‍ ഊമയാകുന്നു. എന്നാല്‍, അങ്ങയോട് ആര്‍ക്കും തടസ്സമില്ലാതെ സംസാരിക്കാനാകും. അങ്ങയിലാണ് എന്റെ ഓരോ ശ്വാസത്തിന്റെയും അസ്തിത്വം.... ഓ...എന്റെ ജീവശ്വാസമേ...!

ഈ വിദേശത്തുനിന്നു കത്തെഴുതുമ്പോള്‍ ഇത് ആഗസ്ത് പതിനഞ്ചാണെന്ന് ഓര്‍മ വരുന്നു: നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം! ആര്‍ക്കെങ്കിലും ഈ ദിവസത്തിന് ഒരാള്‍രൂപം നല്കാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍ പറയും, അങ്ങാണെന്റെ ആഗസ്ത് പതിനഞ്ചെന്ന്. കാരണം, അങ്ങ് എന്റെ അസ്തിത്വത്തിന്റെ വിമോചകനാണ്...