നാട്ടിന്‍പുറത്തെ സാധാരണക്കാരുടെ ലളിതവും നിര്‍മലവുമായ ജീവിതത്തെ കഥകളിലൂടെ പുറംലോകത്തിനു പരിചയപ്പെടുത്തിയ സാഹിത്യകാരനായിരുന്നു അക്ബര്‍ കക്കട്ടില്‍. തന്റെ രണ്ടുപെണ്‍മക്കളോട് അദമ്യമായ സ്‌നേഹവും സൗഹൃദവും നിലനിര്‍ത്തിയ അദ്ദേഹത്തെക്കുറിച്ച് മകള്‍ സിത്താര അക്ബര്‍ പങ്കുവെച്ച ഓര്‍മകള്‍ വായിക്കാം... മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'അക്ബര്‍ കക്കട്ടില്‍ - ദേശഭാവനയുടെ കഥാകാരന്‍' എന്ന പുസ്തകത്തില്‍ നിന്നൊരു ഭാഗം.
പൊതുവേ സാഹിത്യകാരന്മാരെക്കുറിച്ച് പറയാറുള്ളത് അവര്‍ വീട്ടിലെ കാര്യങ്ങളേക്കാള്‍ കൂടുതലായിട്ട് ഇടപെടുന്നത് സമൂഹത്തിലെ കാര്യങ്ങളിലാണ് എന്നാണ്. പക്ഷേ, അക്ബര്‍ കക്കട്ടില്‍ എന്ന എഴുത്തുകാരനെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരും പറയുന്ന ഒരു കാര്യം, അദ്ദേഹം ഒരു കംപ്ലീറ്റ് ഫാമിലിമാന്‍ ആണ് എന്നുള്ള കാര്യമാണ്. കുടുംബത്തിന്റെ കാര്യങ്ങള്‍ക്കുതന്നെയാണ് എന്ന് പറയാറുണ്ട്. അങ്ങനെതന്നെയാണോ?
അതേ... അതങ്ങനെതന്നെയാണ്. എപ്പോഴും ഉപ്പാവ അങ്ങനെയാണ്. ഞങ്ങള്‍ ഉപ്പാ എന്നല്ല വിളിക്കാറ്, ഉപ്പാവ എന്നാണ്. ഞങ്ങള്‍ രണ്ടു പെണ്‍കുട്ടികളാണ്. ഉപ്പാവ ഉമ്മാനേം കൂട്ടി എനിക്ക് മൂന്നു പെണ്‍മക്കളാണ് എന്നാണ് പൊതുവേ എല്ലാവരോടും പറയാറുള്ളത്. കുട്ടിക്കാലത്ത് ഉപ്പാവ വീട്ടില്‍ വരുന്നൊരു ഗസ്റ്റ് മാത്രമായിരുന്നു ഞങ്ങള്‍ക്ക്. അതായത്, അധികം ഞങ്ങടെ കൂടെ സ്പെന്‍ഡ് ചെയ്യാനൊന്നും ആ സമയത്തൊന്നും ഉപ്പാവയ്ക്ക് തീരേ ടൈം ഉണ്ടായിരുന്നില്ല. അപ്പോള്‍, ആ സമയത്തായിരുന്നല്ലോ, സാഹിത്യലോകവുമായി കൂടുതല്‍ അടുത്ത ടൈം. അപ്പോ ഞങ്ങള്‍ സ്‌കൂളില്‍ പോകുന്നു, വരുന്നു. പിന്നെ സാറ്റര്‍ഡേയെങ്ങാനും ഉപ്പാവയെ കണ്ടാല്‍, ഉള്ള സമയം ഉപ്പാവ എഴുതുകയായിരിക്കും. പക്ഷേ, പുറത്തുപോയിക്കഴിഞ്ഞാല്‍ കുട്ടികളുടെ ഡിപ്പാര്‍ട്ട്മെന്റ് ഉപ്പാവയുടേതായി. ബസ്സില്‍ പോകുമ്പോള്‍ എടുത്തിട്ടാണ് കൊണ്ടുപോവുക. ഉമ്മ നോക്കുകയേ വേണ്ട. ഉമ്മ കെയര്‍ ചെയ്യേണ്ട. ഞങ്ങളെ എടുത്ത് കോഴിക്കോടു വരെയുള്ള എല്ലാ സ്ഥലവും ഉപ്പാവ പറഞ്ഞുതരും.
ഇത് ഉള്ള്യേരി ആണ്, ഇത് പേരാമ്പ്രയാണ്... അപ്പോള്‍ ഞങ്ങള്‍ ഇങ്ങനെ റിപ്പീറ്റ് ചെയ്ത് ചോദിക്കും, ഇതെവിടെയാണ് സ്ഥലം. തിരിച്ചുവരുമ്പോഴും ഞങ്ങള്‍ ചോദിക്കും, ഞാനല്ലെങ്കില്‍ എന്റെ അനുജത്തി ചോദിക്കും... എത്ര പ്രാവശ്യം ചോദിച്ചാലും ഉപ്പാവ ആ സെയിം സംഭവം നമുക്ക് പിന്നെയും പറഞ്ഞുതരും. ഉപ്പാവാന്റെ കൂടെയുള്ള യാത്രയെന്നു പറയുന്നത് ഒരിക്കലും നമ്മള്‍ക്ക് മറക്കാന്‍ പറ്റാത്തതാണ്. വീട്ടില്‍ ഉപ്പാവ വാവേന്നാണ് എന്നെ വിളിക്കുന്നത്. അനിയത്തിയെ പൂമോളേന്നും. ഉപ്പാവ കൂടുതല്‍ ഞങ്ങളിലേക്ക് അടുക്കുന്നതും, ഞങ്ങള്‍ ഉപ്പാവയിലേക്ക് അടുക്കുന്നതും സ്‌കൂളിങ്ങിനു ശേഷം ഞങ്ങള്‍ വലിയ കുട്ടികളായ സമയത്താണ്.
അപ്പോള്‍ ഉമ്മയുമായുള്ളതിനേക്കാള്‍ അടുപ്പം ഉപ്പാവയുമായിട്ടായിരുന്നോ?
അതെപ്പോഴും അങ്ങനെതന്നെയായിരുന്നു. ഉമ്മാക്ക് അതിന് നല്ല ദേഷ്യമൊക്കെയാണ്, ഇപ്പഴും... രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും പൊസ്സസീവാണ്. ഞങ്ങള്‍ പറയും, ഞങ്ങള്‍ക്ക് ഉപ്പാവാനെപ്പോലുള്ള ഒരു ഹസ്ബന്‍ഡിനെ മതി, അത്രയും ഞങ്ങള്‍ക്ക് ഉപ്പാവയുമായി ഭയങ്കര ഒരറ്റാച്ച്മെന്റായിരുന്നു. ഞങ്ങള്‍ക്ക് ഒരു ബ്രദറില്ലാത്തതിന്റെ ദുഃഖമൊന്നും ഞങ്ങളറിഞ്ഞിട്ടേയില്ല. അവള് തൃശ്ശൂരും ഞാന്‍ കണ്ണൂരും പഠിക്കുന്ന സമയം, എന്തെങ്കിലുമൊരു ചുരിദാറിന്റെ ഷാളെടുക്കാന്‍ ഞങ്ങള്‍ ഹോസ്റ്റലിലേക്ക് പോകുമ്പോള്‍ മറന്നുപോകും. അപ്പോള്‍ തൃശ്ശൂര്ന്ന് അവള്‍ വിളിച്ചു പറയും: ഉപ്പാവാ, എന്റെ യെല്ലോ ചുരിദാറിന്റെ യെല്ലോ ഷാളെടുത്തിട്ടില്ലാ... ആ ഓക്കെ മോളേ, ഞാനെടുത്തു വരാം... അപ്പോള്‍ ഇപ്പുറത്തൂന്ന് ഞാന്‍ വിളിച്ചു പറയും; ഉപ്പാവാ, എന്റെ ഗ്രീന്‍ ചുരിദാറും ഒരു ബുക്കും ഞാന്‍ എടുക്കാന്‍ മറന്നു. ഓക്കെ മോളെ, ഞാനെത്തിച്ചു തരാം... അതെത്തിയിരിക്കും... തൃശ്ശൂരത് കൊടുത്തിട്ട് നേരെ കണ്ണൂര് വന്നിട്ട് എനിക്കതു തരും.
നേരിട്ടുതന്നെ വരും?
നേരിട്ടുതന്നെ വന്നു തരും. എന്നിട്ട് ചോദിക്കും, നിനക്ക് തിന്നാന്‍ എന്താ വേണ്ടത്? അപ്പോള്‍ ഞാന്‍ പറയും, എനിക്ക് ബിരിയാണി. ബിരിയാണി എനിക്കു മാത്രമല്ല കേട്ടോ, എന്റെ ഫ്രന്‍ഡ്സിനെല്ലാവര്‍ക്കും ബിരിയാണി വാങ്ങിച്ചുതരും. പൈസയൊന്നും വല്യ കാര്യമായിട്ടന്നേരം പോക്കറ്റിലുണ്ടാകില്ല. പിന്നെ എന്റെയടുത്ത് വന്നിട്ടു പറയും, അല്ല സിത്തൂ, നീയെന്താ മോളെയിത്? ഉപ്പാവാന്റെ കൈയില്‍ പൈസയുണ്ടായിരുന്നില്ല. പത്തു ഫ്രന്‍ഡ്സിനെയും കൂട്ടിയിട്ടാണോ നീയ് വരുന്നത്. അപ്പോ ഞാന്‍ പറയും, അതു സാരമില്ല, ഉപ്പാവ മാനേജ് ചെയ്യുമെന്ന് എനിക്കറിയാലോ... ഉപ്പാവ ഞാന്‍ വലുതായിട്ട് ജോലി കിട്ടുമ്പോ പത്ത് ഫ്രന്‍ഡ്സായിട്ട് വാ... ഞാന്‍ വാങ്ങിച്ചു തരും. അതൊക്കെ ചെയ്തു കൊടുത്തൂട്ടോ, വലുതായപ്പോ.

ഞങ്ങക്ക് ഭയങ്കര രസായിരുന്നു. ലൈഫ് കളര്‍ഫുള്ളെന്ന് പറഞ്ഞാല്‍ അത്രയും കളര്‍ഫുള്‍. അതിപ്പഴാണ് ഞങ്ങള്‍ക്കു മനസ്സിലാകുന്നത്. ചെറുപ്പത്തില്‍ ഉപ്പാവാന്റെ ഫ്രന്‍ഡ്സൊക്കെ വീട്ടില്‍ വരും. എല്ലാവരും ഞങ്ങള്‍ക്ക് മാമന്‍മാരാ. സിത്തു, സുഹാന എന്ന് പറഞ്ഞുകഴിഞ്ഞാല്‍, അവരുടെ മക്കളേക്കാള്‍ അടുപ്പം ഞങ്ങളോടായിരിക്കും. അപ്പോള്‍ ഉമ്മ പറയുന്നതു കേള്‍ക്കാം, ചെറുപ്പത്തില്‍, അതായത് ഞാനൊക്കെ ജനിക്കുന്നതിന് മുന്‍പത്തെ കാര്യം. ഉപ്പാവ സ്‌കൂളില്‍ മാഷായിരുന്നല്ലോ. അപ്പോ ഉമ്മ ടിഫിന്‍ കാരിയറിലിങ്ങനെ ഓരോ തട്ടിലും ഓരോരോ ഫുഡായിട്ടാ കൊടുക്കാറ്, ഒന്നില്‍ കൊഞ്ച് പൊരിച്ചത്, മറ്റൊന്നില്‍ ഉപ്പേരി... ഇതൊക്കെ സ്‌കൂളിലെ മാഷമ്മാര്, ജമീലയുടെ സൂപ്പര്‍ ഫുഡ് എന്നു പറഞ്ഞിട്ട് ഇങ്ങനെ കഴിക്കും. ഉപ്പാവ കാര്യമായിട്ടൊന്നും കഴിക്കയൊന്നുമില്ല. അവരാണ് അതൊക്കെ കഴിക്കാ. ഞങ്ങടെ നാട്ടില്‍ ഒരു സ്പെഷല്‍ പത്തിരിയുണ്ട്, ടയര്‍ പത്തിരിയെന്നു പറഞ്ഞിട്ട്. അതും മുട്ടക്കറിയും ആക്കിയിട്ട് ഉമ്മ കാത്തിരിക്കും. ഉപ്പാവ അഞ്ചുമണിയാകുമ്പോഴേക്കും വീട്ടിലെത്തും, അപ്പോ ഉമ്മ എല്ലാം റെഡിയാക്കിയിട്ട് മേശമേല്‍ കൊണ്ടുവെക്കും, അപ്പോ ഫ്രന്‍ഡ്സും ഉപ്പാവയും വരും. ഇവരുടെ കൂട്ടത്തില്‍ ഉമ്മയും ഇരുന്ന് സംസാരിച്ച്... ഒരുപാട് ലേറ്റായി... അങ്ങനെ അത്രയും നല്ലൊരു രീതിയിലുള്ളതായിരുന്നു ആ ടൈമൊക്കെ.
ഉപ്പാവയ്ക്ക് എന്തിനും നമ്മളെ ഡിപ്പന്‍ഡ് ചെയ്യുന്നൊരു ശീലമുണ്ട്. രാവിലെ എണീറ്റയുടനെ മോളേ, കോഫി. അതിനു ശേഷം ഷേവ് ചെയ്യാണെങ്കില്, മോളേ വന്നിട്ട് ഷേവ് ചെയ്ത് തരോന്ന് ചോദിക്കും. ഉപ്പാവ ഷേവ് ചെയ്യും, പക്ഷേ, ശേഷം നമ്മളൊന്ന് ടച്ചപ്പ് ചെയ്ത് കൊടുക്കണം. എനിക്ക് മടിയാണ്, അപ്പോ ഞാന്‍ പറയും, എല്ലാ സ്ഥലത്തും പോയിട്ടുണ്ടല്ലോ, അപ്പോ ഉപ്പാവ പറയും, ഇല്ലില്ലാ... മീശയുടെ ഈ സൈഡ് ശരിയായിട്ടില്ല. ചെയ്യുന്ന കാര്യങ്ങള്‍ ഭയങ്കര പെര്‍ഫെക്ടായിരിക്കണം. നമ്മള്‍ പിന്നെ പഠിക്കാനൊക്കെ പോയശേഷം ഹോസ്റ്റലില്‍ വിളിച്ചു നോക്കും, ഞങ്ങളെ കാണാന്‍ വരും, ഇടയ്ക്ക്. ഞാന്‍ ഫാറൂഖ് കോളേജിലാ പഠിച്ചത്. അത്രയും ദൂരമൊക്കെ യാത്ര ചെയ്തിട്ടാണ് വരുന്നത്. അന്നൊന്നും ഞങ്ങള്‍ക്ക് ഉപ്പാവ വരണമെന്ന് വലിയ നിര്‍ബന്ധമൊന്നുമില്ല. കാരണം, നമ്മളാ ലോകത്ത് കോളേജ് ലൈഫില്‍ ആണല്ലോ. അപ്പോ എന്നോടു പറയും, നീയൊരു സ്വപ്നലോകത്ത് ജീവിക്കുന്ന കുട്ടിയാണ്, മറ്റേ മോള് അങ്ങനല്ല. ഞങ്ങളെ രണ്ടുപേരേം ചൂടാക്കാന്‍ വേണ്ടി അങ്ങോട്ടുമിങ്ങോട്ടും പറയും.
ഉമ്മ എപ്പഴും പറയും, എന്നെ ഫാറൂഖ് കോളേജ് ഹോസ്റ്റലിലേക്ക് കൊണ്ടുപോയാക്കി ഉപ്പാവ തിരിച്ചുവന്നിട്ട് റൂമില് പൊട്ടിക്കരയുകായിരുന്നു. അപ്പോള്‍ ഉമ്മ ചോദിച്ചു, 'നിങ്ങള് ഇത്രേയുള്ളൂ?'
'അല്ലാ... എന്റെ മോളെ ഒറ്റക്ക്... അവിടാക്കീട്ട്... ഞാന്‍...'
ഉപ്പാവയ്ക്ക് മക്കളോടുള്ള ഒരു അറ്റാച്ച്മെന്റ് ഭയങ്കരമായിരുന്നു. കുട്ടിക്കാലത്ത് ഞങ്ങള്‍ക്കത് ഫീല്‍ ചെയ്തില്ല. പിന്നപ്പിന്നെ ഞങ്ങക്കെല്ലാം ഉപ്പാവയായി മാറി. സിനിമാ കാണണമെങ്കിലൊക്കെ ഞങ്ങള്‍ കൂടെപ്പോകും. ഫിലിം ഫീല്‍ഡില്‍ എന്തെങ്കിലുമൊക്കെ ഗോസിപ്പുണ്ടെങ്കില്‍ ഞങ്ങള്‍ പറയും, ഉപ്പാവ അതൊന്ന് അന്വേഷിച്ചിട്ട് ഞങ്ങക്ക് പറഞ്ഞുതരണം- നിങ്ങക്ക് ഫ്രന്‍ഡ്സിനോട് പറയാനാണല്ലേ... എല്ലാമൊന്നും പറയില്ലാട്ടോ... പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ പറഞ്ഞുതരും.
ഈ സ്നേഹത്തോടൊപ്പം ചീത്തപറച്ചിലൊന്നുമില്ലേ?
ചീത്താന്ന് പറഞ്ഞാ, ദേഷ്യം വന്നാല്‍ ഭയങ്കര ദേഷ്യമാണ്... ഉപ്പാവാനെക്കുറിച്ച് പണ്ടേ എല്ലാരും പറയും, പക്ഷേ, എന്റെ ഓര്‍മയില്, എന്നെയും അനിയത്തിയെയും ചീത്ത പറഞ്ഞതായിട്ടൊന്നുമില്ല. വേറെയെന്തെങ്കിലും കാര്യത്തിന് ഉപ്പാവ ഭയങ്കര ചൂടാവും; അന്നേരം ഉമ്മ പറയും, ഓ ചൂടായിക്കഴിഞ്ഞാ ഭയങ്കര പ്രശ്നാട്ടോ... അതാണ് ഞങ്ങള്‍ കേട്ടിട്ടുള്ളൂ. ചൂടായിക്കഴിഞ്ഞിട്ട് ആ ഒരു അനുഭവമുണ്ടായിട്ടില്ല ഇതുവരെ. എക്സാമെല്ലാം കഴിഞ്ഞാല്‍ പാരന്റ്സ് മീറ്റിന് ഉപ്പാവ വരുന്നതാണിഷ്ടം. എന്താന്ന്വച്ചാല്‍, ഉപ്പാവ ചീത്ത പറയില്ല. ഉമ്മയാകുമ്പോ എല്ലാ മാര്‍ക്സും നോക്കി എല്ലാ ടീച്ചേഴ്സിന്റടുത്തും പോയി, എല്ലാം നോക്കീട്ടേ വരൂ. അപ്പോ ഞങ്ങള് പറയും, ഉപ്പാ വന്നാ മതി...
എഴുത്തിനു പുറമേ അദ്ദേഹത്തിന് മറ്റ് ഇഷ്ടങ്ങള്‍ എന്തൊക്കെയായിരുന്നു?
ഫിലിംസൊക്കെ കാണാന്‍ ഭയങ്കര ഇഷ്ടായിരുന്നു. പുതിയ കാര്യങ്ങളൊക്കെ, ടെക്നോളജി ഒക്കെ അറിയാന്‍ ശ്രമിക്കും. fb, whstaapp ഒക്കെ വന്നപ്പോള്‍ അതിനെക്കുറിച്ചൊക്കെ കൂടുതല്‍ മനസ്സിലാക്കാനും മറ്റും ശ്രമിച്ചിരുന്നു. ഞങ്ങടെ ജനറേഷനിലുള്ള കുട്ടികളൊക്കെ എങ്ങനെയാണ്... ഒരു കഥയെഴുതുമ്പോള്‍ ഞങ്ങളോടു ചോദിക്കും, മോളേ ഈ പ്രായമുള്ള കുട്ടിയാണ്, അപ്പോള്‍ ഡ്രസ് എങ്ങനെയാണ്, ജീന്‍സ്, കുര്‍ത്താ, അതൊക്കെ എങ്ങനെയാണ്... അതൊക്കെ ഞങ്ങള്‍ പറഞ്ഞുകൊടുക്കും. കാരണം, ഒരു കാര്യം ഉപ്പാവ എഴുതുമ്പോള്‍ അതിന്റെ പെര്‍ഫെക്ടായിട്ടേ ചെയ്യൂ. അതിന്റെ ഭാഗമായിട്ട് അതൊക്കെ ചോദിക്കും. പിന്നെ, ഓരോ കാര്യങ്ങള്... നമ്മടെ കോളേജില്‍ നടക്കുന്നത്... ഉപ്പാവ എഴുതുന്ന കഥകളിലെ ആള്‍ക്കാരെ ഞങ്ങള്‍ക്ക് അറിയാം. ഇയാളെക്കുറിച്ചാണ് എഴുതിയത്, മറ്റേയാളെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്... അപ്പോ ഉപ്പാവ പറയും, അതൊന്നും പറയല്ലേന്ന്... അപ്പുറത്തെ വീട്ടിലെ അവരെക്കുറിച്ചൊക്കെയായിരിക്കാം എഴുതിയിട്ടുണ്ടാവുക. അവരൊരു ദിവസം രാവിലെ വന്ന് എന്തെങ്കിലുമൊക്കെ ചെയ്തുകൂട്ടിയത് പിറ്റേ ദിവസം കഥയാക്കി മാതൃഭൂമിയിലേക്കൊക്കെ അയച്ചുകൊടുത്തിട്ടുണ്ടാകും.
ഉമ്മാക്ക് പശൂന്റെ ഭയങ്കര ക്രെയിസ് ഉണ്ടായിരുന്നു. അപ്പോ, പശൂന് അതില്ലാ, ഇതില്ലാ, പശൂനെ കറക്കാന്‍ ആള്‍ വന്നില്ലാ... ഉമ്മാക്ക് ആകെ ടെന്‍ഷനൊക്കെയായിരുന്നു. ഞങ്ങക്കും ഉപ്പാവക്കും അത് ശല്യമാണ് ആക്ച്വലി. ഉപ്പാവ ഒരു ദിവസം ഒരു കഥയെഴുതി, ഉമ്മാനെ വെച്ചിട്ടാണെഴുതിയത്, അവസാനം പശു വീട്ടിന്റുള്ളില്‍ കയറി, ബെഡ് റൂമില്‍ പശൂനെ കൊണ്ടുപോയി വെക്കുന്ന ഒരു കഥയാണത്.
'ആലയില്‍നിന്ന് പശു ശബ്ദിച്ചാല്‍ എന്തോ ആവശ്യം ഉണ്ടെന്നാണ് അവളുടെ സങ്കല്പം. അപ്പോള്‍ താന്‍ വിളിച്ചാലും ശബ്ദം വെച്ചാലും പുല്ലുവില. സുശീല പശുവിന് തീറ്റ കൊടുക്കുന്നു. തവിട് കാച്ചുന്നു. എള്ള്, കടല, തേങ്ങാപ്പിണ്ണാക്ക്, കപ്പയുമെല്ലാം രസതന്ത്രവൈദഗ്ധ്യത്തോടെ ചേര്‍ത്ത് കാച്ചി കുഴമ്പുപരുവത്തിലാക്കി വെക്കുന്നു. എന്നെയൊരു പശുവായിട്ട് കണ്ടൂടെ നിനക്ക്? അയാള്‍ ചോദിച്ചു. കളിയാക്കണ്ട, സുശീല പറഞ്ഞു. മിണ്ടാപ്രാണിക്ക് ഭക്ഷണം കൊടുത്തിട്ടേ നമ്മള്‍ വല്ലതും കഴിക്കാവൂ. അങ്ങനെയാണ് പ്രമാണം. എന്റെ അമ്മ എന്നെ അങ്ങനെയാണ് പഠിപ്പിച്ചത്. ആ കാര്യത്തില്‍ എനിക്ക് അഭിപ്രായവ്യത്യാസം ഇല്ല. അതു പക്ഷേ, മറ്റുള്ളവര്‍ക്കുകൂടി ബുദ്ധിമുട്ട് ആണെന്ന് അമ്മ പഠിപ്പിച്ചിട്ടുണ്ടോ?'- ഉമ്മ എപ്പോഴും പറയും, നിങ്ങള്‍ എന്നെക്കുറിച്ചും കഥ എഴുതിയല്ലേ എന്ന്.
അദ്ദേഹത്തിന്റെ സാഹിത്യ സിനിമാ മേഖലകളിലെ ഏറ്റവും അടുത്ത സുഹൃത്ത് ആരായിരുന്നു? എല്ലാവരും സുഹൃത്തുക്കള്‍ ആണ്. ഒരുവിധം എല്ലാവരും ഞങ്ങടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. വലിയുപ്പാന്റെയും വലിയുമ്മാന്റെയും ഏറ്റവും വലിയ ഫ്രന്‍ഡ്സ് ആയിരുന്നു കുഞ്ഞുണ്ണി മാഷും കുഞ്ഞിക്കയും. കുഞ്ഞിക്കയെന്നാല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള. അന്നുമുതലുള്ള ബന്ധമാണ് കുഞ്ഞിക്കയുമായുള്ളത്. അതേപോലെ അവരുടെ ഫാമിലിയായിട്ടും. എന്‍.പി. മുഹമ്മദിന്റെ മകന്‍ ഹാഫിസ് മുഹമ്മദുമായിട്ടും ഞങ്ങള്‍ക്ക് നല്ല ബന്ധമായിരുന്നു.
ഉപ്പാവയുടെ ഉപ്പ, അതായത് ഞങ്ങളുടെ വലിയുപ്പ മരിക്കുന്ന സമയത്ത് ഞാന്‍ തേഡ് സ്റ്റാന്‍ഡേര്‍ഡില്‍ ആയിരുന്നു. എനിക്കിപ്പോഴും ഓര്‍മയുണ്ട്, ഹാഫിസ്‌ക്കാന്റെ മകന്‍ ബാസിം കരഞ്ഞുകൊണ്ടിരിക്കയായിരുന്നു. തായിത്ത തൊട്ടിലാട്ടുന്നതൊക്കെ എനിക്കോര്‍മയുണ്ട്... ഉപ്പാവ തൊട്ടിലൊക്കെ കെട്ടിക്കൊടുത്തിരുന്നു. അവരായിരുന്നു ഞങ്ങളെ ആശ്വസിപ്പിക്കാനും കൂടെ നില്‍ക്കാനും ഉണ്ടായിരുന്നത്. ഉപ്പാവയോടുള്ള സ്നേഹം ഇപ്പോഴും ഞങ്ങളോടു കാണിക്കുന്നുണ്ട്. അവര്‍ക്കും ഉപ്പാവ ഇല്ലാ എന്ന് ഓര്‍ക്കാന്‍ പറ്റിയിട്ടില്ല. അടൂര്‍ സര്‍ ഒക്കെ ഞങ്ങളുടെ കല്യാണത്തലേന്നേ വന്നിരുന്നു. ഞങ്ങള്‍ തിരുവനന്തപുരത്തു പോകുമ്പോള്‍ എപ്പോഴും അടൂര്‍ സാറിനെ കാണാന്‍ പോകും. കുഞ്ഞിക്കയാണെങ്കില്‍ ഉപ്പാവ പോയതുപോലും അറിഞ്ഞിരുന്നില്ല. അതായത് പറഞ്ഞിട്ടില്ല. കുഞ്ഞിക്ക എപ്പോഴും ചോദിക്കുമായിരുന്നു, അക്ബര്‍ എവിടെയാ, അവന്‍ ഇടയ്ക്കിടെ എന്നെ കാണാന്‍ വരുമല്ലോ. ഇപ്പോള്‍ എവിടെപ്പോയി എന്നൊക്കെ.
പിന്നെ യു.കെ. മാമന്‍ (യു.കെ. കുമാരന്‍), ശത്രുഘ്നന്‍ അങ്കിള്‍... ഉണ്ണി എന്നാണ് ഉപ്പാവ ശത്രുഘ്നന്‍ അങ്കിളിനെ വിളിക്കാറ്. അങ്കിളിന്റെ മകള്‍ ചിങ്കുച്ചേച്ചി (വിനയ) എനിക്ക് സ്വന്തം ചേച്ചിയാണ്. അദ്ദേഹത്തിന്റെ ഭാര്യ അമ്മു ആന്റിയുടെ ദോശ ഉപ്പാവയുടെ ഫേവറിറ്റ് ആയിരുന്നു. ഹോസ്റ്റലില്‍ എന്റെ ലോക്കല്‍ ഗാര്‍ഡിയന്‍ കൂടിയായിരുന്നു അമ്മു ആന്റി. ഒഴിവു കിട്ടുമ്പോഴൊക്കെ ഞാന്‍ അവിടെപ്പോയി താമസിക്കും. ഉപ്പാവ പോയി എന്നറിഞ്ഞപ്പോ ഞാന്‍ ആദ്യം വിളിച്ചത് ചിങ്കുച്ചേച്ചിയെ ആയിരുന്നു. ഞാന്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഹോസ്പിറ്റലില്‍ ചിങ്കുച്ചേച്ചിയും ഹസ്ബന്‍ഡ് ഭവേഷേട്ടനും കൂടിയായിരുന്നു ചെയ്തത്. പിന്നെ മുകുന്ദന്‍ അങ്കിള്‍, അദ്ദേഹം ദുബായില്‍ വരുമ്പോള്‍ ഞാനും കുടുംബവും പോയി കാണാറുണ്ട്.
സത്യന്‍ അന്തിക്കാട്, എം.ടി., സുകുമാര്‍ അഴീക്കോട്... അങ്ങനെ ഒരുപാട് പേര്‍ വീട്ടില്‍ വന്നിട്ടുണ്ട്. അഴീക്കോടൊക്കെ പ്രസംഗത്തിലും മറ്റും പറഞ്ഞിട്ടുണ്ട്, അക്ബറിന്റെ വീട്ടില്‍ പോയി നല്ല ഫുഡ് കഴിച്ചതൊക്കെ. ഉപ്പാവ എല്ലാവരെയുമിങ്ങനെ ക്ഷണിക്കും. ലേറ്റസ്റ്റായിട്ട് സുഭാഷ് ചന്ദ്രന്‍ വന്നു. വീട്ടിലെത്തിയപ്പോ പറഞ്ഞു, ഉപ്പാവ ഒരുപാട് ക്ഷണിച്ചിട്ടുണ്ടായിരുന്നു വീട്ടിലേക്ക് വരാനായി. അവര്‍ക്കും രണ്ടു പെണ്‍കുട്ടികളാണ്.

ഉപ്പാവയ്ക്ക് പെണ്‍കുട്ടികളുള്ളവരോട് ഭയങ്കര ഇഷ്ടമാണ്. ഞങ്ങളെ അവരില്‍ക്കൂടി കാണുന്നതാണ്. മീര ആന്റി, പീയുഷ് ആന്റിയൊക്കെ ഉപ്പാവയുമൊന്നിച്ച് പ്രോഗ്രാം ചെയ്തിട്ടുണ്ടായിരുന്നു. അപ്പൊ മീരാന്റി എന്റടുത്ത് പറഞ്ഞത് സിത്തൂ, ഉപ്പാവയ്ക്ക് നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നു തോന്നി. അത് ഉപ്പാവ പോയ ശേഷമാണ് മീരാന്റി ഫോണ്‍ ചെയ്തപ്പോ അങ്ങനെ പറഞ്ഞത്. ഉപ്പാവ ഒരിക്കല്‍ ഫോണില്‍ ഇങ്ങനെ പറയുന്നു, 'എനിക്ക് സന്തോഷംകൊണ്ട് ഇരിക്കാന്‍ വയ്യേ, സന്തോഷംകൊണ്ടിരിക്കാന്‍ വയ്യേ'ന്ന്. ഉമ്മ എന്താന്ന് ചോദിച്ചപ്പോ പറഞ്ഞു, മീരയ്ക്ക് അവാര്‍ഡ് കിട്ടി (ആരാച്ചാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയ സമയത്ത്). അതൊക്കെ സ്വന്തം നേട്ടമായി കരുതി. നീ എന്നേക്കാള്‍ മുന്‍പ് അടിച്ചെടുത്തല്ലോയെന്നൊക്കെ മീരാന്റിയോട് ഫോണിലൂടെ പറയാറുണ്ട്.
അദ്ദേഹത്തിന്റെ അവസാനകാലം എങ്ങനായിരുന്നു?
അവസാനകാലമെന്നത്, ആര്‍ക്കുമറിയില്ലാര്‍ന്നു ഉപ്പാവയ്ക്ക് അങ്ങനെ ഒരു അസുഖം ഉള്ള കാര്യം. നേരത്തെ ഐഡന്റിഫൈ ചെയ്യുകയും അതിനുവേണ്ടി ട്രീറ്റ്മെന്റൊക്കെ ചെയ്യുകയും ചെയ്തിട്ടുണ്ട്. കീമോക്ക് ശേഷമൊക്കെ ഉപ്പാവ ഭയങ്കര ആക്ടീവായിരുന്നു. ഭയങ്കര പേടിയായിരുന്നു, ഈ അസുഖത്തിനെ എങ്ങനെ ഫെയ്സ് ചെയ്യും...
പതിനാലു ദിവസം ഞങ്ങള്‍ കോഴിക്കോട് മലബാര്‍ ഹോസ്പിറ്റലിലായിരുന്നു. അപ്പോ ഡോക്ടര്‍ ലളിത ആയിരുന്നു എല്ലാ സപ്പോര്‍ട്ടും തന്ന് ഞങ്ങടെ കൂടെയുണ്ടായിരുന്നത്. ഹോസ്പിറ്റലിലാണെന്നേ ഞങ്ങള്‍ക്ക് ഫീല്‍ ചെയ്തില്ല. കാരണം ഒരു റിസോര്‍ട്ട് പോലെ, അങ്ങനൊരു അറ്റ്മോസ്ഫിയര്‍ ആയിരുന്നു. ഉപ്പാവ അസുഖായിട്ട് കിടക്കുന്നെങ്കിലും ആക്ടീവായിട്ട്, അന്നു രാത്രിപോലും തമാശ പറഞ്ഞ്...
ഓംലെറ്റൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു. പോകുന്നതിന്റെ അന്ന് രാത്രി ഫുഡ് കഴിക്കാന്‍ ഓര്‍ഡര്‍ ചെയ്യാന്‍ നേരം ഞങ്ങക്ക് കണ്‍ഫ്യൂഷന്‍. കാടമുട്ട ഫ്രൈ ഓര്‍ഡര്‍ ചെയ്യാന്‍ പറഞ്ഞു ഉപ്പാവ. അപ്പോഴും ഞങ്ങള്‍ കളിയാക്കി, ഉപ്പാവയ്ക്ക് മുട്ട തിന്ന് മതിയായില്ലേ... ഫുഡ് കൊണ്ടുവന്നു, കഴിച്ചു. രാത്രി ഉറക്കമുണ്ടായിരുന്നില്ല.
പിന്നെ ഉപ്പാവയ്ക്ക് വലിയൊരാഗ്രഹമായിരുന്നു, വലിയൊരു നോവലെഴുതണമെന്നത്. 'കക്കട്ടില്‍ റിപ്പബ്ലിക്'- എന്നാണ് പേര്. എപ്പോഴും പറയും, 'എന്റെയൊരു മാസ്റ്റര്‍പീസായി വരുന്ന നോവലായിരിക്കുമത്...' അതിനെക്കുറിച്ച് ഹോംവര്‍ക്കൊക്കെ ചെയ്തിരുന്നു. എല്ലാം ഡീറ്റെയിലായി ചെയ്യുമല്ലോ... ഉറക്കത്തിലൊക്കെ അതിനെക്കുറിച്ചായിരുന്നു സംസാരിക്കുന്നത്... പിന്നെയുണ്ടായിരുന്നത്, 'ഇനി വരില്ല പോസ്റ്റ്മാന്‍...' അതിന്റെ പണി കംപ്ലീറ്റായിട്ടില്ലായിരുന്നു. അതിങ്ങനെയെല്ലാം ചെയ്ത് റെഡിയാക്കി രണ്ടു വോള്യമാക്കി ഇറക്കാനായിരുന്നു പ്ലാന്‍; ഡി.സി. ബുക്സില്‍നിന്ന്. അതൊക്കെ ഉറക്കത്തില്‍ പറയും. ഞങ്ങള്‍ക്കപ്പോള്‍ മനസ്സിലാകുന്നില്ലാ, ഇതാണ് സംസാരിക്കുന്നതെന്ന്...
അഷിത അങ്ങനെ പറഞ്ഞു, മറ്റയാള്‍ അങ്ങനെ പറഞ്ഞു... എന്നൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഞാന്‍ രാത്രി ഉപ്പാവന്റെയടുത്ത് കിടന്നിരുന്നു. അതിനു ശേഷം ഉപ്പാവ പോയ ശേഷം ഉപ്പാവന്റെ അലമാരയില്‍ നോക്കുമ്പഴാണ്, ഈ ബുക്കിന്റെ മുകളില്‍ എല്ലാം എഴുതിവെച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യണം, ഈ സി.ഡി. ഇന്നയാളുടെ കൈയിലുണ്ട്... അതൊക്കെ നിങ്ങള്‍ ചെയ്യണം എന്നാണതിന്റെ അര്‍ഥം...
എല്ലാം എഴുതിവെച്ചിട്ടുണ്ട്. ഒരാളോട് പൈസ വാങ്ങിയിട്ടുണ്ടെങ്കില്‍... എല്ലാം ഉപ്പാവ എഴുതിവെക്കും. അല്ലെങ്കില്‍ ഉമ്മാന്റടുത്ത് പറയും. പോക്കറ്റ് ഡയറിയും, ഫോണും, കണ്ണടയും... ഇതില്ലാതെ നമുക്ക് ഉപ്പാവയെ ഒരിക്കലും കാണാന്‍ പറ്റില്ല. കാരണം, ആ പോക്കറ്റ് ഡയറിയില്‍ എല്ലാമുണ്ടാകും. എല്ലാം അതില്‍ എഴുതിവെച്ച് ഞങ്ങളെ ഏല്പിച്ചിട്ടാണ് ഉപ്പാവ പോയത്. ലാസ്റ്റ് ഉപ്പാവ ഉമ്മാനോട് പറഞ്ഞിട്ടാ പോയത്, ജമീലേ ഞാന്‍ പോവ്വാണ്... അതായത് റ്റാറ്റ കൈകൊണ്ട് കാണിച്ചിട്ടാണ് ഉപ്പാവ എപ്പോഴും പോവ്വാ. അതേപോലെ കൈകൊണ്ട് കാണിച്ച് അതുപോലെ തന്നെ പോയി.
Content Highlights: Akbar Kakkattil memories by daughter Sithara
Published: 08 Jul 2024, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented