പതിറ്റാണ്ടുകള്‍കൊണ്ട് രാഷ്ട്രീയമായും സാമൂഹികമായും സാംസ്‌കാരികമായും നവകേരളത്തെ രൂപപെടുത്തിയെടുത്ത് ലോകത്തിനു മുന്നില്‍ കേരളമാതൃക സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരിട്ട വെല്ലുവിളികളെയും സന്ദിഗ്ധഘട്ടങ്ങളെയും സൂഷ്മമായി ആവിഷ്‌കരിക്കുന്ന ചരിത്രപുസ്തകമാണ് കെ. ബാലകൃഷ്ണന്റെ കമ്യൂണിസ്റ്റ് കേരളം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്നും ഒരു ഭാഗം വായിക്കാം... 

To advertise here,

സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ കരുതല്‍ത്തടങ്കല്‍ അടക്കമുള്ള അമിതാധികാരപ്രവണതയ്‌ക്കെതിരേ നടന്ന ഐതിഹാസികകേസാണ് ഗോപാലന്‍ കേസ് എന്നറിയപ്പെട്ടത്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് 1947 ഓഗസ്റ്റ് 15-നും ജയിലിലായിരുന്നു എ.കെ.ജി. മറ്റു നേതാക്കളില്‍ മിക്കവരേയും വിട്ടയച്ചിട്ടും എ.കെ.ജിയെ വിട്ടയയ്ക്കാന്‍ തയ്യാറായിരുന്നില്ല.

കേരളത്തിലെ ഏറ്റവും വലിയ സ്വാതന്ത്ര്യസമരനായകരിലൊരാളായ എ.കെ.ജി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ത്രിവര്‍ണപതാക ഉയര്‍ത്തി സ്വാതന്ത്ര്യപ്രസംഗം നടത്തി. എ.കെ.ജിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് നാടാകെ പ്രക്ഷോഭം ആളിക്കത്തി. എ.കെ.ജി. ജയിലില്‍ നിരാഹാരസമരം നടത്തി. ആ വര്‍ഷം ഒക്ടോബര്‍ 12-ന് എ.കെ.ജിയെ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ മദിരാശി സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ജയില്‍മോചിതനായ എ.കെ.ജി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനകീയപ്രക്ഷോഭങ്ങള്‍ക്ക് തിരികൊളുത്തിക്കൊണ്ടിരുന്നു. അതിലൊന്നാണ് എം.ജി. വേലായുധന്‍ രക്തസാക്ഷിയായ പാലിയം സത്യഗ്രഹസമരം.

സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും അഭിമുഖങ്ങളും വായിക്കാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ

കൊല്‍ക്കത്താതീസീസ് കാര്യം പുറത്തുവന്നതിനെത്തുടര്‍ന്ന് മാര്‍ച്ച് ഒന്നിന് ഇന്ത്യാ ഗവണ്‍മെന്റ് പൊതുരക്ഷാനിയമം കൊണ്ടുവന്നു. ആരെയും കരുതല്‍ത്തടങ്കലില്‍ വെക്കുന്നതിനുള്ള അടിയന്തരനിയമമായിരുന്നു ഇത്. എ.കെ.ജി. വീണ്ടും ജയിലിലായി. ഇത്തവണ ആദ്യം കടലൂരിലും പിന്നീട് രാജമുന്ധ്രിയിലും തുടര്‍ന്ന് കോയമ്പത്തൂരിലും മൂന്നു വര്‍ഷത്തോളമുള്ള ഈ തടവുകാലത്താണ് എ.കെ.ജി. ഇരുപതും ഇരുപത്താറും ദിവസം വരെ നീണ്ടുനിന്ന നിരാഹാരസമരങ്ങള്‍ നടത്തി തടവുകാരുടെ അവകാശങ്ങള്‍ നേടിയെടുത്തത്. 

സ്വതന്ത്ര ഇന്ത്യയില്‍ രാഷ്ട്രീയനേതാക്കളെ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ അനന്തമായി ജയിലിലടയ്ക്കുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നു കാണിച്ച് എ.കെ.ജി. സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് കേസ് ഫയല്‍ ചെയ്തു. ഭരണഘടനയുമായി ബന്ധപ്പെട്ട, സുപ്രീംകോടതി പരിഗണിച്ച ആദ്യത്തെ പ്രധാന കേസ്; ആറു ജഡ്ജിമാരടങ്ങിയ വിശാലബെഞ്ച് മുമ്പാകെ.

placeholder
പുസ്തകത്തിന്റെ കവര്‍ പേജ്

ബാരിസ്റ്റര്‍ എം.കെ. നമ്പ്യാരാണ് എ.കെ.ജിക്കു വേണ്ടി ഹാജരായത്. കരുതല്‍ത്തടങ്കല്‍ ഭരണഘടനാവിരുദ്ധമാണെന്ന് രണ്ടു ജഡ്ജിമാരും, തടങ്കല്‍ ആവാമെന്നു നാല് ജഡ്ജിമാരും വിധിയെഴുതി. കരുതല്‍ത്തടങ്കല്‍നിയമം റദ്ദാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിലും കരുതല്‍ത്തടവുകാര്‍ക്ക് തടങ്കലിനെതിരേ കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിയിലുണ്ടായിരുന്നു. എ.കെ.ജി. മദിരാശി ഹൈക്കോടതിയെ സമീപിച്ചു. 

അഭിപ്രായസ്വാതന്ത്ര്യത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വിലങ്ങിടുന്നതിനെതിരേ ഹൈക്കോടതിയില്‍ എ.കെ.ജി. സ്വയം വാദിച്ചു. രാജ്യമാകെ ശ്രദ്ധിച്ച ആ കേസില്‍ എ.കെ.ജിയെ ജയില്‍മോചിതനാക്കണമെന്ന വിധി വന്നു. എന്നാല്‍ ജയില്‍മോചിതനായി പുറത്തിറങ്ങിയ ഉടന്‍ ജയില്‍വളപ്പില്‍ വെച്ചുതന്നെ എ.കെ.ജിയെ വീണ്ടും അറസ്റ്റ് ചെയ്ത് കരുതല്‍ത്തടങ്കലിലാക്കി.

അതിനെതിരേ അടുത്തദിവസംതന്നെ ഹൈക്കോടതിയെ സമീപിച്ചു. ഉടനടി മോചിപ്പിക്കണമെന്നു മാത്രമല്ല, ഇനി എ.കെ.ജിയെ തൊട്ടുപോകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സുപ്രീംകോടതിയില്‍ നടന്ന കേസും മദിരാശി ഹൈക്കോടതിയില്‍ എ.കെ.ജി. സ്വയം വാദിച്ചു നേടിയ വിജയവും രാജ്യത്താകെ ചലനം സൃഷ്ടിച്ചു. നിരവധി കേസുകള്‍ വന്നു.

നിരവധി നേതാക്കള്‍ മോചിതരായി. നിരോധിക്കപ്പെട്ട പത്രമാധ്യമങ്ങള്‍ക്ക് വീണ്ടും പ്രസിദ്ധീകരണാവകാശം ലഭിച്ചു. എ.കെ.ജി. മലബാറിലാകെയും മദിരാശി സംസ്ഥാനത്തും മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് ജനകീയ റാലികളെ അഭിസംബോധന ചെയ്തു. തിരുവിതാംകൂറിലും കൊച്ചിയിലും അവിടത്തെ സര്‍ക്കാരിന്റെ വിലക്കുകള്‍ ലംഘിച്ച് പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു.

ഒളിവില്‍നിന്നും ജയിലില്‍നിന്നും പുറത്തുവന്ന് പരസ്യപ്രവര്‍ത്തനത്തിലേക്ക് ആവേശപൂര്‍വം നീങ്ങുകയായിരുന്നു കമ്യൂണിസ്റ്റ്കാര്‍. സോവിയറ്റ് പാര്‍ട്ടിയുടെ സഹായത്തോടെ ഉണ്ടാക്കിയ പുതിയ പരിപാടിയും നയപ്രഖ്യാപനവും ഈ ഘട്ടത്തിലാണ് അംഗീകരിക്കപ്പെട്ടത്. 1952 ആദ്യം നടക്കുന്ന ഒന്നാം പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച് പാര്‍ലമെന്ററി ഡെമോക്രസി പരീക്ഷിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരുക്കമായി.

സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും അഭിമുഖങ്ങളും വായിക്കാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ

ബി.ടി. രണദിവേയുടെയും ആന്ധ്രയിലെ നേതൃത്വത്തിന്റെയും അപക്വവും സെക്‌ടേറിയനുമായ നയം കാരണം അടിച്ചമര്‍ത്തപ്പെടുന്ന സ്ഥിതിയിലെത്തിപ്പോയ പാര്‍ട്ടിക്ക് പുതുജീവനും ചൈതന്യവും കൈവരികയായിരുന്നു. ജനാധിപത്യത്തെ അംഗീകരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാവുകയായിരുന്നു.