ബെര്‍ലിന്‍: ജീവനക്കാരുടെ വേതനത്തിലും ബോണസിലും കുറവ് വരുത്താനൊരുങ്ങി ജര്‍മന്‍ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. 400 കോടി യൂറോ കണ്ടെത്തുന്നതിനു വേണ്ടിയാണ് കമ്പനിയുടെ നീക്കം. 10 ശതമാനം വേതനം വെട്ടിക്കുറയ്ക്കലും രണ്ട് വര്‍ഷത്തെ വേതനം മരവിപ്പിക്കലും ഉള്‍പ്പെടെയുള്ള ചിലവുചുരുക്കല്‍ നടപടികളിലേക്കു കടക്കാന്‍ കമ്പനി ഒരുങ്ങുകയാണെന്ന് ജര്‍മന്‍ പത്രമായ ഹാന്‍ഡല്‍സ്ബ്ലാറ്റ് റിപ്പോര്‍ട്ട് ചെയ്തു.

To advertise here,

വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സ്ഥിതിയിലാണ് കമ്പനി. അതിനാല്‍ ചിലവുകുറയ്ക്കാന്‍ നിര്‍മാതാക്കള്‍ സമ്മര്‍ദത്തിലാണ്. അതേസമയം കമ്പനിയുടെ നീക്കത്തില്‍ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. പുതിയ പദ്ധതി നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയിട്ടും അതിനായി വ്യക്തമായ ഭാവി നീക്കങ്ങള്‍ അവതരിപ്പിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ലെന്ന് തൊഴിലാളികള്‍ വിമര്‍ശിച്ചു.

ഫോക്‌സ്‌വാഗന്റെ നേതൃത്വം ചിലവ് ചുരുക്കാനുള്ള നിരവധി നടപടികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. മുകള്‍ത്തട്ടിലുള്ള ജീവനക്കാരുടെ ബോണസ് പരിധി കുറയ്ക്കല്‍, ജീവനക്കാര്‍ക്ക് അനുവദിക്കുന്ന അധിക വേതനം കുറയ്ക്കല്‍ തുടങ്ങി ചില പ്രൊഡക്ഷന്‍ സൈറ്റുകള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ കമ്പനി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം.