കൊല്ലം: ഫണ്ട് കൃത്യമായി ലഭിക്കാത്തതിനെത്തുടർന്ന് സമഗ്രശിക്ഷാ കേരള(എസ്.എസ്.കെ.)യുടെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിൽ. എസ്.എസ്.കെ.യുടെ കീഴിലെ 6,826 ജീവനക്കാർക്ക് ശമ്പളം തുടർച്ചയായി മുടങ്ങുകയാണ്. പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കമാണ് കാരണം. ഭിന്നശേഷിക്കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ എജുക്കേറ്റർമാർ, താത്കാലിക അധ്യാപകർ, ക്ലസ്റ്റർ കോഡിനേറ്റർമാർ തുടങ്ങി എസ്.എസ്.കെ.യുടെ തലപ്പത്തുനിന്ന് താഴെവരെയുള്ളവർക്കെല്ലാം കഴിഞ്ഞ രണ്ടുമാസവും ശമ്പളം മുടങ്ങി.

To advertise here,

ഏപ്രിലിലെ ശമ്പളം കിട്ടിയത്, മേയ് 28-നാണ്. ജൂൺ ഒന്നിനു ലഭിക്കേണ്ട മേയ് മാസത്തെ ശമ്പളം ഇതുവരെയും വന്നിട്ടില്ല. ഇതിൽ ദിവസവേതന, കരാർ ജീവനക്കാരും വിദ്യാഭ്യാസവകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയവരുമുണ്ട്. പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ടാൽ മാത്രമേ എസ്.എസ്.കെ.ഫണ്ട് അനുവദിക്കുകയുള്ളൂവെന്ന കേന്ദ്രനിലപാടാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. എസ്.എസ്.കെ.ഫണ്ടിനത്തിൽ 1,040 കോടി രൂപയാണ് ആകെ ലഭിക്കാനുള്ളത്. ശമ്പളവിതരണത്തിനുമാത്രം പ്രതിമാസം ഏകദേശം 20 കോടി രൂപ ആവശ്യമാണ്. എസ്.എസ്.കെ.പദ്ധതിയുടെ ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. കേന്ദ്രം നിഷേധാത്മക നിലപാടിലായതിനാൽ 100 ശതമാനവും സംസ്ഥാനം വഹിക്കേണ്ട അവസ്ഥയാണ്.

കേരളത്തിലെ സ്കൂളുകൾ കേന്ദ്രനിയന്ത്രണത്തിലാവും: പി.എം.-ശ്രീയുടെ വെല്ലുവിളികൾ

പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ടാൽ മാത്രമേ ഫണ്ട് അനുവദിക്കുകയുള്ളൂവെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ആദ്യ നിലപാട്. കേരളം കരാറിൽ ഒപ്പിട്ട സമയത്ത് എസ്.എസ്.കെ.ഫണ്ടിനത്തിൽ 92 കോടി അനുവദിച്ചിരുന്നു. വിവാദങ്ങൾക്കൊടുവിൽ പദ്ധതി മരവിപ്പിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടതോടെ കേന്ദ്രം എസ്.എസ്.കെ.ഫണ്ട് അനുവദിക്കാതെയായി. ഉദ്യോഗസ്ഥതലത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ലഭിക്കേണ്ട 204 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും തുക കിട്ടിയിട്ടില്ല.

‘പിഎംശ്രീ തുടരാൻ സർക്കാർ നിർബന്ധിതരായി’; പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചെന്ന് മുഖ്യമന്ത്രി

ഭിന്നശേഷിക്കുട്ടികൾക്ക് നൽകിവരുന്ന ട്രാൻസ്പോർട്ട് അലവൻസ്, എസ്കോർട്ട് അലവൻസ്, പെൺകുട്ടികൾക്കുള്ള പ്രത്യേക സ്റ്റൈപ്പെൻഡ് എന്നിവയെല്ലാം മുടങ്ങിയിരിക്കുകയാണ്. വീൽച്ചെയർ, ക്രച്ചസ്, ശ്രവണസഹായികൾ, ബ്രെയിൽ പുസ്തകങ്ങൾ, പ്രത്യേക സോഫ്റ്റ്‌വേറുകൾ എന്നിവ സൗജന്യമായി വിതരണംചെയ്യുന്ന പദ്ധതിയും പാളി. ഇക്കൊല്ലം അധ്യാപകപരിശീലനം ചുരുക്കേണ്ട സ്ഥിതിയുമുണ്ടായി.