ജർമനിയിലെ നാല് ഫാക്ടറികൾ അടച്ചുപൂട്ടാനും ഒരു ലക്ഷം പേരെ പിരിച്ചുവിടാനും നീക്കവുമായി പ്രമുഖ കാർ നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. വാഹന വ്യവസായ രംഗത്തെ ഏറ്റവും വലിയ പിരിച്ചുവിടലുകളിൽ ഒന്നായിരിക്കും ഇതെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. ചൈനീസ് എതിരാളികളിൽ നിന്നുള്ള കടുത്ത മത്സരം, യു.എസിലേക്കുള്ള കാർ ഇറക്കുമതിക്കുള്ള ഉയർന്ന നികുതി, യൂറോപ്പിലെ വിൽപ്പന കുറയുന്നത് എന്നിവയാണ് നീക്കത്തിന് പിന്നിൽ.

To advertise here,

ജൂലായ് 9-ന് നടക്കുന്ന കമ്പനിയുടെ നിർണായക യോഗത്തിൽ ഇവ അടക്കമുള്ളവ ചർച്ച ചെയ്യും. ഫോക്‌സ്‌വാഗൺ സിഇഒ ഒലിവർ ബ്ലൂം മുതിർന്ന എക്‌സിക്യൂട്ടീവുകൾക്ക് മുന്നിൽ ഈ പദ്ധതികൾ അവതരിപ്പിച്ചു. യൂണിയനുകളിൽ നിന്നടക്കം ശക്തമായ എതിർപ്പ് നേരിടാൻ സാധ്യതയുള്ള നീക്കത്തിനാണ് കമ്പനി ഒരുങ്ങുന്നത്. 89 വർഷം പഴക്കമുള്ള കമ്പനിയാണ് ഫോക്‌സ്‌വാഗൺ. കമ്പനിയെ പുനഃസംഘടിപ്പിക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. ഫോക്‌സ്വാഗൺ ബ്രാൻഡും മറ്റ് പ്രവർത്തനങ്ങളും പ്രത്യേക സ്ഥാപനങ്ങളായി വിഭജിക്കുന്നതടക്കം ഉൾപ്പെടുന്നതായിരിക്കും പുനഃസംഘടന.

2025 സാമ്പത്തിക വർഷത്തിൽ ഗ്രൂപ്പിന്റെ ആഗോള ജീവനക്കാരുടെ എണ്ണം 667,164 ആയിരുന്നു. അതിൽ ഏകദേശം 43 ശതമാനം പേരും ജർമ്മനിയിലാണ് ജോലി ചെയ്യുന്നത്. 2024-ൽ ജർമ്മനിയിലെ പ്ലാന്റുകൾ അടച്ചുപൂട്ടാനുള്ള ബ്ലൂമിന്റെ ആദ്യ ശ്രമം തൊഴിലാളി യൂണിയനുകളിൽ നിന്ന് കടുത്ത എതിർപ്പ് നേരിട്ടതിനെ തുടർന്ന് പിൻവലിക്കേണ്ടി വന്നിരുന്നു. അതിനുശേഷം ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി നിരവധി സൈറ്റുകൾ അടച്ചുപൂട്ടുകയോ വിൽക്കുകയോ ചെയ്യാൻ മാനേജ്‌മെന്റ് നീക്കം നടത്തിയിരുന്നു. ഇത് യൂണിയനുകളുമായി ദീർഘകാലം നീണ്ടുനിന്ന തർക്കങ്ങൾക്ക് കാരണമായി.

ചൈനീസ് എതിരാളികളിൽ നിന്ന് കടുത്ത സമ്മർദ്ദം

ചൈനീസ് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള കടുത്ത മത്സരമാണ് ഫോക്‌സ്‌വാഗണിന് നേരിടേണ്ടിവരുന്നത്. അതിനിടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ നേതൃത്വത്തിനുമേൽ കൂടുതൽ സമ്മർദ്ദമുണ്ട്. ഇതാണ് പിരിച്ചുവിടൽ അടക്കമുള്ള നീക്കങ്ങൾക്ക് പിന്നിൽ.

ലോകത്തെ തന്നെ പ്രമുഖ വാഹന നിർമ്മാതാക്കൾ മിക്കതും ചൈനയിൽ പ്രാദേശികമായി നിർമ്മിച്ച ഇവികളോടുള്ള മത്സരത്തിൽ കാലിടറുന്ന കാഴ്ചയാണ് കാണുന്നത്. ചൈനീസ് ഇതര വാഹന നിർമാതാക്കളുടെ വിപണി വിഹിതം 2020-ലെ 57 ശതമാനത്തിൽൽ നിന്ന് 2025-ൽ 32 ശതമാനമായി കുറഞ്ഞിരുന്നു.

വർഷങ്ങളായി ചൈനയിൽ ഒന്നാം സ്ഥാനത്തുള്ള വാഹന നിർമ്മാതാവായിരുന്ന ഫോക്‌സ്‌വാഗൺ, 2024-ൽ കമ്പനി രണ്ടാം സ്ഥാനത്തേക്കും 2025-ൽ മൂന്നാം സ്ഥാനത്തേക്കും വീണു. പിന്നീട് ഈ പ്രതിസന്ധി ബിഎംഡബ്ല്യൂ പോലുള്ള പ്രീമിയം വാഹന നിർമ്മാതാക്കളിലേക്കും വ്യാപിച്ചു. അതിനിടെ, ചൈനീസ് വാഹന നിർമ്മാതാക്കൾ മറ്റു വിപണികളിലേക്കും ഫോക്‌സ്‌വാഗണിന്റെ ജന്മനാടായ യൂറോപ്പിൽ അതിവേഗം വളരുകയും ചെയ്തു. ഇതെല്ലാമാണ് ഫോക്‌സ്‌വാഗണിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്.