ടെക് കമ്പനിയായ ഒറാക്കിളിലെ കൂട്ടപ്പിരിച്ചുവിടൽ ഇന്ത്യയിലെയും ജീവനക്കാരെ ബാധിച്ചു തുടങ്ങിയെന്ന് വെളിപ്പെടുത്തൽ. പ്രോഡക്ട് എൻജിനീയറിങ് ടീമുകളെയാണ് നടപടി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് മണികൺട്രോൾ റിപ്പോർട്ടു ചെയ്യുന്നു. നടപടി ബാധിച്ച ജീവനക്കാരുടെ എണ്ണത്തെക്കുറിച്ചോ ഇന്ത്യയിലെ പിരിച്ചുവിടലിന്റെ വ്യാപ്തിയെക്കുറിച്ചോ ഒറാക്കിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

To advertise here,

സെപ്റ്റംബർ 14-ന് അമേരിക്കയിലാണ് പിരിച്ചുവിടൻ നീക്കങ്ങൾ ആരംഭിച്ചത്. പിന്നീട് അത് ഇന്ത്യയിലേക്കും വ്യാപിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. പ്രോഡക്ട് എൻജിനീയറിങ് വിഭാഗത്തിലാണ് കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെട്ടത്. സപ്പോർട്ട്, കൺസൾട്ടൻസി വിഭാഗങ്ങളെ അത് താരതമ്യേന കുറഞ്ഞ അളവിലേ ബാധിച്ചിട്ടുള്ളൂ. ആഗോളതലത്തിലുള്ള പുനഃസംഘടനയുടെ ഭാഗമായി ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ് സോഫ്റ്റ്‌വെയറിലെ (OFSS) ചില മുതിർന്ന ജീവനക്കാരെയും നടപടി ബാധിച്ചതായി റിപ്പോർട്ടുണ്ട്.

ഇന്ത്യയിൽ എത്ര ജീവനക്കാരെ ഇത് ബാധിച്ചു എന്നത് വ്യക്തമല്ല. രാജ്യത്ത് ഏകദേശം 3,000 ജീവനക്കാരെ നടപടി ബാധിച്ചേക്കാം എന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തലുകൾ. എന്നാൽ ആഗോളതലത്തിൽ 7,000 നും 10,000 നും ഇടയിൽ തൊഴിലുകൾ നഷ്ടപ്പെടുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. പുനഃസംഘടന പുരോഗമിക്കുന്നതോടെയും കൂടുതൽ പിരിച്ചുവിടൽ നോട്ടീസുകൾ നൽകുന്നതോടെയും മാത്രമെ അന്തിമ കണക്കുകളിൽ വ്യക്തതവരൂ എന്നാണ് വിലയിരുത്തൽ.

എഐയിൽ നടത്തുന്നത് വൻ നിക്ഷേപം, ചെലവ് ചുരുക്കാൻ പിരിച്ചുവിടൽ

നിർമിതബുദ്ധി (എഐ), ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, ഡാറ്റാ സെന്റർ ശേഷി എന്നിവയിലുള്ള നിക്ഷേപം കമ്പനി വർധിപ്പിക്കുന്നതിനിടയിലാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്. ഈ മേഖലകളിലേക്ക് നിക്ഷേപം കേന്ദ്രീകരിക്കുമ്പോൾ ചെലവ് നിയന്ത്രിക്കാനുള്ള ഒറാക്കിളിന്റെ വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടൽ.