ഉപയോഗിച്ച വാഹനങ്ങള്‍ വാങ്ങിവില്‍ക്കുന്ന യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്. മാര്‍ച്ച് 31 മുതല്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനോടൊപ്പം വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ 2023 ഏപ്രില്‍മുതല്‍ യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രാബല്യത്തില്‍ വരുത്തിയിരുന്നെങ്കിലും സംസ്ഥാന മോട്ടോര്‍വാഹനവകുപ്പ് കര്‍ശനമാക്കിയിരുന്നില്ല. എന്നാല്‍, സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് പരാതികള്‍ കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴിത് കര്‍ശനമാക്കുന്നത്.
അഞ്ചുവര്‍ഷത്തെ കാലാവധിയാണ് സര്‍ട്ടിഫിക്കറ്റിനുണ്ടാകുക. 25,000 രൂപയാണ് അപേക്ഷാഫീസ്. സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും മാനദണ്ഡമുണ്ട്. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ മതിയായസ്ഥലം ഉണ്ടാകുകയും റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിടില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പെതുജനങ്ങള്‍ക്ക് വ്യക്തമായി കാണാന്‍ സാധിക്കുന്നതരത്തില്‍ പ്രദര്‍ശിപ്പിക്കണം. സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഡീലര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പുതുക്കുക, എന്‍.ഒ.സി. എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിക്കുക, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുക, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് എടുക്കുക എന്നിവയ്ക്ക് അര്‍ഹതയും ഉണ്ടാകും.
വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്ക് ടെസ്റ്റ് ഡ്രൈവ് നടത്തുക, റിപ്പയര്‍ ചെയ്യുന്നതിനോ പെയിന്റ് ചെയ്യുന്നതിനോ കൊണ്ടുപോകുക, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് എടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമേ വില്‍പ്പനയ്ക്കായി എത്തിച്ച വാഹനങ്ങള്‍ പുറത്തേക്കിറക്കാന്‍ പാടുള്ളൂവെന്നും ഡീലര്‍മാര്‍ക്ക് നിബന്ധനയുണ്ട്. പുറത്തേക്കിറക്കുമ്പോള്‍ സ്ഥാപനത്തിന്റെ ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.
Content Highlights: used car dealers need authorization certificate
Published: 02 Feb 2025, 07:43 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented