വാഹന ഉടമകൾ, ഡ്രൈവിങ് ലൈസൻസ് ഉടമകൾ എന്നിവരോട് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ ഔദ്യോഗിക വാഹൻ, സാരഥി (Vahan, Sarathi) പോർട്ടലുകളിൽ ഉടനടി അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം (MoRTH). വാഹന രജിസ്ട്രേഷൻ, രജിസ്ട്രേഷൻ പുതുക്കൽ, ഉടമസ്ഥാവകാശം മാറ്റൽ, ഡ്രൈവിങ് ലൈസൻസ് അപേക്ഷകൾ, പെർമിറ്റ് സംബന്ധമായ ഇടപാടുകൾ എന്നിവയുൾപ്പെടെ വിവിധ ഓൺലൈൻ ഗതാഗത സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കുക എന്നതാണ് ഈ മുൻകരുതൽ നടപടിയുടെ ലക്ഷ്യം.
ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് കീഴിൽ ഇന്ത്യയുടെ ഗതാഗത മേഖല ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിനാൽ, എല്ലാ വാഹന ഉടമകളുടെയും ഡ്രൈവിങ് ലൈസൻസ് ഉടമകളുടെയും കൃത്യവും കാലികവുമായ ബന്ധപ്പെടാനുള്ള വിവരങ്ങൾ സർക്കാരിന് ആവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. കാലഹരണപ്പെട്ട മൊബൈൽ നമ്പറുകൾ പലപ്പോഴും വൺ-ടൈം പാസ്‌വേഡ് (OTP) വെരിഫിക്കേഷൻ പരാജയപ്പെടുന്നതിനും പുതുക്കലുകൾ അല്ലെങ്കിൽ പിഴകളെക്കുറിച്ചുള്ള നിർണായക അറിയിപ്പുകൾ നഷ്‌ടപ്പെടുന്നതിനും പ്രോസസ്സിങ്ങിൽ കാര്യമായ കാലതാമസത്തിനും കാരണമാകുന്നു.
ഇത് ലക്ഷക്കണക്കിന് പൗരന്മാർക്ക് അസൗകര്യമുണ്ടാക്കുന്നു. വർഷങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ കാരണം പല ഉപയോക്താക്കൾക്കും ഇപ്പോഴും പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് വ്യക്തിഗത ഇടപാടുകൾ കാര്യക്ഷമമാക്കുക മാത്രമല്ല, ദേശീയ ഗതാഗത ഡാറ്റാബേസിന്റെ സുരക്ഷയും വിശ്വാസ്യതയും ശക്തിപ്പെടുത്തുകയും ചെയ്യും.
നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നടപടി
വാഹന ഉടമകൾക്കായി (Vahan പോർട്ടൽ):
- vahan.parivahan.gov.in എന്ന ഔദ്യോഗിക പേജ് സന്ദർശിക്കുക.
- "Update Mobile Number" ഓപ്ഷൻ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ വാഹന രജിസ്ട്രേഷൻ നമ്പർ, ചേസിസ് നമ്പർ (അവസാനത്തെ അഞ്ച് അക്കങ്ങൾ) എന്നിവ നൽകുക.
- പുതിയ മൊബൈൽ നമ്പർ നൽകുക.
- പുതിയ നമ്പറിലേക്ക് അയച്ച OTP വഴി അത് വെരിഫൈ ചെയ്യുക.
- അഭ്യർഥന സമർപ്പിക്കുകയും ഭാവിയിലെ റഫറൻസിനായി രസീത് സൂക്ഷിക്കുകയും ചെയ്യുക.
ഡ്രൈവിങ് ലൈസൻസ് ഉടമകൾക്കായി (Sarathi പോർട്ടൽ)
- sarathi.parivahan.gov.in എന്നതിലേക്ക് പോകുക.
- നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുത്ത് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അനുയോജ്യമായ സേവനം തിരഞ്ഞെടുക്കുക.
- നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് നമ്പർ, ജനന തീയതി, മറ്റ് ആവശ്യമായ വിവരങ്ങൾ എന്നിവ നൽകുക.
- പുതിയ മൊബൈൽ നമ്പർ നൽകുക.
- പുതിയ നമ്പറിലേക്ക് അയച്ച OTP വെരിഫിക്കേഷൻ പൂർത്തിയാക്കുക.
- അപേക്ഷ സമർപ്പിക്കുകയും സ്ഥിരീകരണ രസീത് ഡൗൺലോഡ് ചെയ്യുകയും ചെയ്യുക.
മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യം
Vahan (വാഹന സംബന്ധമായ സേവനങ്ങൾക്കായി), Sarathi (ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾക്കായി) പോർട്ടലുകളിലെ OTP അടിസ്ഥാനമാക്കിയുള്ള ആശയവിനിമയത്തിന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ പ്രാഥമിക ഐഡന്റിഫയർ ആയി പ്രവർത്തിക്കുന്നു.
തെറ്റായതോ കാലഹരണപ്പെട്ടതോ ആയ ഫോൺ നമ്പർ ലോഗിൻ ചെയ്യാനോ ഇടപാടുകൾ പൂർത്തിയാക്കാനോ കഴിയാതെ വരിക, കാലഹരണ തീയതികളെക്കുറിച്ചോ ട്രാഫിക് ചാലാനുകളെക്കുറിച്ചോ അല്ലെങ്കിൽ ഇ-സേവനങ്ങൾ ലഭിക്കുന്നതിൽ നീണ്ട കാലതാമസം തുടങ്ങീ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. രേഖകൾ കാലികമായി നിലനിർത്തുന്നത് മറ്റ് സർക്കാർ പ്ലാറ്റ്‌ഫോമുകളുമായി തടസ്സമില്ലാത്ത സംയോജനം ഉറപ്പാക്കുകയും അന്വേഷണങ്ങൾക്ക് വേഗത്തിലുള്ള പരിഹാരം കാണുകയും ചെയ്യുന്നു.
കാറുകൾ, എസ്‌യുവികൾ, വാണിജ്യ വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ ഉടമകൾ സർക്കാർ പോർട്ടലിൽ അവരുടെ മൊബൈൽ ഫോൺ നമ്പറുകൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്ന് ശ്രദ്ധിക്കുക.
Content Highlights: Update your mobile number on Vahan & Sarathi portals for seamless transport services. Avoid OTP issues & missed notifications. Crucial for vehicle & DL holders. Click for guide!
Published: 30 Dec 2025, 06:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented