ടിവിഎസ് മോട്ടോർ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടറായ ഓർബിറ്റർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.  99,900 രൂപയാണ് പ്രാരംഭ വില(എക്സ്-ഷോറൂം). ഇതോടെ ബ്രാൻഡിന്റെ നിലവിലെ വാഹനനിരയിൽ ഐക്യൂബിനൊപ്പം ഓർബിറ്ററും ചേരും. താരതമ്യേന വില കുറഞ്ഞ ഈ മോഡൽ ഇന്ത്യയിൽ ഏഥർ റിസ്‌തയുമായിട്ടാകും മത്സരിക്കുക.

To advertise here,

ഡിസൈൻ

ഐക്യൂബുമായി താരതമ്യപ്പെടുത്തുമ്പോൾ തികച്ചും വ്യത്യസ്തമായ ഡിസൈൻ ശൈലിയാണ് ടിവിഎസ് ഓർബിറ്ററിനുള്ളത്. മിനിമലിസ്റ്റിക് രീതിയാണ് ഇത് പിന്തുടരുന്നത്. നിയോൺ സൺബസ്റ്റ്, സ്ട്രാറ്റോസ് ബ്ലൂ, ലൂണാർ ഗ്രേ, സ്റ്റെല്ലാർ സിൽവർ, കോസ്മിക് ടൈറ്റാനിയം, മാർഷ്യൻ കോപ്പർ എന്നിങ്ങനെ ആറ് നിറങ്ങളിലുള്ള മൾട്ടി-കളർ പെയിന്റ് സ്കീം ഈ ലളിതമായ രൂപകൽപനയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്. ഹെഡ്‌ലാമ്പ് ക്ലസ്റ്റർ ഉയരത്തിൽ സ്ഥാപിച്ചിരിക്കുമ്പോൾ ഡിആർഎൽ ഫ്രണ്ട് ഏപ്രണിലാണ് ഘടിപ്പിച്ചിരിക്കുന്നത്.

845 എംഎം സീറ്റിന് ഫ്ലാറ്റ് ഡിസൈനാണുള്ളത്. സുഖപ്രദമായ യാത്രാനുഭവം നൽകാൻ ലക്ഷ്യമിട്ടുള്ളതാണിതെന്ന് ബ്രാൻഡ് പറയുന്നു. 14 ഇഞ്ച് വീലുകളോടുകൂടിയ ഈ ഇലക്ട്രിക് സ്കൂട്ടറിന് 169 എംഎം ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 34 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജും നൽകിയിരിക്കുന്നു. ഫ്ലാറ്റ് ഫുട്ബോർഡിൽ 290 എംഎം സ്ഥലസൗകര്യവും ലഭ്യക്കും.

ഫീച്ചറുകൾ

മൾട്ടി-കളർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, തെഫ്റ്റ് അലേർട്ട്, ഒടിഎ അപ്‌ഡേറ്റുകൾ എന്നിവയുൾപ്പെടെ നിരവധി ഫീച്ചറുകളാണുള്ളത്. സെഗ്‌മെന്റിൽ ആദ്യമായുള്ള ക്രൂയിസ് കൺട്രോൾ പോലെ ചില ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. റിവേഴ്സ് പാർക്കിങ്, ഓട്ടോമേറ്റഡ് ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയവയും ഫീച്ചറുകളുടെ പട്ടികയിലുണ്ട്.

ബാറ്ററിയും റേഞ്ചും

3.1 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ഒറ്റ ചാർജിൽ 158 കിലോമീറ്റർ റേഞ്ച് ടിവിഎസ് ഓർബിറ്റർ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 2.2 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 94 കിലോമീറ്റർ റേഞ്ച് നൽകുന്ന ഐക്യൂബിന്റെ ഏറ്റവും വില കുറഞ്ഞ പതിപ്പിനേക്കാൾ കൂടുതലാണിത്. അതേസമയം, ഐക്യൂബിന്റെ 3.1 kWh ബാറ്ററി പായ്ക്ക് വേരിയന്റിന് 1.08 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയിൽ 123 കിലോമീറ്റർ റേഞ്ചാണ് ലഭിക്കുന്നത്.