സ്പേസ്എക്സുമായി സഹകരിച്ച് നിര്മ്മിച്ചിരിക്കുന്ന പുതിയ റോഡ്സ്റ്ററില്, കാറില് റോക്കറ്റിന് സമാനമായ കോള്ഡ്-ഗ്യാസ് തൃസ്റ്ററുകള് ഘടിപ്പിച്ചിട്ടുണ്ട്.

ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് വായുവിലേക്കുയർന്ന് കരണംമറിഞ്ഞ ടെസ്ലയുടെ പുതിയ തലമുറ റോഡ്സ്റ്റർ കാർ. ജയിംസ് ബോണ്ട് സിനിമകളിൽ കണ്ട് കണ്ണ് മിഴിച്ചിരുന്ന അതേ പറക്കുംകാർ. എന്നാൽ സാധാരണ കാറുപോലെ റോഡിലൂടെ പായുന്നതിനൊപ്പം വിമാനത്തെപ്പോലെ ദീർഘദൂരം പറക്കുമെന്ന് ഇത് തെളിയിച്ചിട്ടില്ല. അടുത്തിടെ പ്രദർശിപ്പിച്ചത് വായുവിലേക്ക് ഉയരാനും ചില അഭ്യാസപ്രകടനങ്ങൾ നടത്താനുമുള്ള കഴിവ് അവകാശപ്പെടുന്ന കാറിന്റെ പ്രോട്ടോടൈപ്പ് മാത്രമാണ്.
ടെക്സാസിലുള്ള സ്പേസ്എക്സ് ടെസ്റ്റ് സൈറ്റിൽ നടന്ന ലൈവ് സ്ട്രീം ചടങ്ങിലൂടെ 2026 ഒക്ടോബർ 15-നാണ് ഈ കാർ അവതരിപ്പിച്ചത്. സ്പേസ്എക്സുമായി സഹകരിച്ച് നിർമ്മിച്ചിരിക്കുന്ന പുതിയ റോഡ്സ്റ്ററിൽ, കാറിൽ റോക്കറ്റിന് സമാനമായ കോൾഡ്-ഗ്യാസ് തൃസ്റ്ററുകൾ ഘടിപ്പിച്ചിട്ടുണ്ട്. കാറിന്റെ ഉത്പാദനം 2028-ൽ ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കാർ പറക്കുന്നത് എങ്ങനെ?
കോൾഡ് ഗ്യാസ് ത്രസ്റ്റർ സംവിധാനമുപയോഗിച്ച് കാർ വായുവിലേക്കുയരുന്നു. റോക്കറ്റുകളിൽ ഉപയോഗിക്കുന്നതിനു സമാനമായ ഈ സാങ്കേതികവിദ്യ വാതകത്തെ ശക്തിയായി പുറത്തേക്ക് തള്ളി ബലം സൃഷ്ടിക്കും. ഒരു ബലൂൺ വീർപ്പിച്ചശേഷം തുറന്നുവിട്ടാൽ അതിലെ വായു പുറത്തേക്ക് പോകുകയും ബലൂൺ എതിർദിശയിൽ നീങ്ങുകയും ചെയ്യുന്നതുപോലെ.
ശാസ്ത്രീയവിശദീകരണം ന്യൂട്ടന്റെ മൂന്നാംചലന നിയമം. കാറിലെ 'ത്രസ്റ്റർ' താഴേക്ക് വാതകത്തെ ശക്തിയായി പുറംതള്ളുമ്പോൾ കാർ ഉയരും.
ഫാൻ സക്ഷൻ സിസ്റ്റം
ശക്തമായ ഫാനുകൾ ഉപയോഗിച്ച് കാറിന്റെ അടിയിലെ വായു വലിച്ചെടുത്ത് വാഹനത്തെ പ്രതലത്തിൽ അമർത്തിപ്പിടിക്കാൻ സഹായിക്കുന്നു. തലകീഴായി വളഞ്ഞ റാംപിലൂടെ സഞ്ചരിച്ച പ്രകടനത്തിൽ ഈ സംവിധാനമാണ് ഉപയോഗിച്ചത്.
പ്രവർത്തനം ഇങ്ങനെ
ഘട്ടം 1: ടാങ്കിൽ കംപ്രസ് ചെയ്ത വായു സൂക്ഷിക്കുന്നു
ഘട്ടം 2: വാൽവുകൾ തുറക്കുമ്പോൾ വായു പൈപ്പുകളിലൂടെ ത്രസ്റ്ററുകളിലെത്തുന്നു
ഘട്ടം 3: വായു താഴേക്കോ അനുയോജ്യമായ ദിശയിലോ ശക്തിയായി പുറത്തേക്കു പോകുന്നു
ഘട്ടം 4: മുകളിലേക്കുള്ള ബലം കാറിന്റെ ഭാരത്തെ മറികടന്നാൽ കാർ ഉയരും
മറ്റ് വിശദാംശങ്ങൾ
- എഞ്ചിൻ - പൂർണമായും ഇലക്ട്രിക് ഡ്രൈവ്
- പരമാവധി വേഗം മണിക്കൂറിൽ 370 കിലോമീറ്റർ
- ഉത്പാദനം - 2028-ൽ ആരംഭിക്കുമെന്നാണ് പ്രഖ്യാപനം
- ഡ്രൈവർ സീറ്റ് മാത്രം
- വാഹനത്തിന് ചുറ്റുമായി 10 കംപ്രസ്ഡ്-എയർ ത്രസ്റ്ററുകൾ
- റോഡ് യാത്രയ്ക്ക് ഇലക്ട്രിക് കാറുകളെ പോലെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോട്ടോറുകൾ
പ്രഷർ ടാങ്ക്
ഉയർന്ന മർദ്ദത്തിൽ വാതകം സൂക്ഷിക്കുന്ന സംഭരണി (പ്രഷർ ടാങ്ക്) കാർ ഉയർത്താൻ ആവശ്യമായ വാതകം ഇതിൽനിന്നാണ് ലഭിക്കുന്നത്. റോഡ്സ്റ്ററിന്റെ 'റോക്കറ്റ്' പതിപ്പിൽ 600 ലിറ്റർ ശേഷിയുള്ള കംപ്രസ് ചെയ്ത വായു സംഭരണ സംവിധാനം.
ട്രോളിൽപറന്ന് 'പറക്കുംകാർ
'''നീ തീർന്നെടാ, തീർന്നു... ഇനി നീയൊക്കെ എന്തിനാ...'' - പാലിയേക്കര ടോൾപ്ലാസയോടാണ് വെല്ലുവിളി. ടോളിൽ കുടുങ്ങിയപ്പോൾ പറന്നുയർന്ന് അപ്പുറത്തെത്തിയതിന്റെ അഹങ്കാരത്തിലാണ് ഈ വാക്കുകൾ. ടെസ്ലയുടെ 'പറക്കുംകാർ' വരുന്നുണ്ടെന്നുകേട്ടപ്പോൾത്തന്നെ ഭാവനയുണർന്നവരുടെ ട്രോളുകൾ കൊണ്ട് നിറയുകയാണ് സാമൂഹികമാധ്യമങ്ങൾ!
ആകാശത്തേക്ക് ഉയരാനും കരണംമറിയാനും സുരക്ഷിതമായി നിലത്തിറങ്ങാനും ശേഷിയുള്ള ടെസ്ല 'റോഡ്സ്റ്റർ 2' സ്പോർട്സ് കാറിന്റെ വീഡിയോ പുറത്തിറങ്ങിയതോടെയാണിത്. സാമൂഹികവിമർശനമാണ് മിക്കതിലെയും ഉള്ളടക്കം.
''ടെസ്ലയുടെ ആദ്യ പറക്കുംകാർ കേരളത്തിന് സ്വന്തം. പക്ഷേ, ആദ്യയാത്രയിൽ കേബിളിൽ കുടുങ്ങി'' എന്നാണ് ഒരു പരിഹാസം. റോഡിൽ ട്രാഫിക് ബ്ലോക്കും മുകളിൽ വൈദ്യുതി കേബിളുകളും എന്ന ട്രോൾ പലമട്ടിൽ പ്രചരിച്ചു. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനായി കുതിച്ചുയർന്ന് സ്ഥലനാമഫലകത്തിൽ കുടുങ്ങിക്കിടക്കുന്നതുമുണ്ട്.
ട്രാഫിക് പോലീസുകാരനെ വെട്ടിക്കാൻ കുതിച്ചുപൊങ്ങുന്നവ, വെള്ളക്കുഴിയിൽ വീഴാതിരിക്കാൻ അല്പം മാത്രം പൊങ്ങുന്ന സുരക്ഷിതരീതി, പൂർത്തിയാവാത്ത പാലങ്ങൾക്കുമുകളിലൂടെ പറക്കുന്ന കാറുകൾ... ഭാവനയ്ക്ക് അതിരില്ലല്ലോ!
''അതെന്താ കാറിനുമാത്രമേ പറന്നുകൂടൂ, ഞങ്ങൾക്ക് പറ്റില്ലേ?'' എന്ന മട്ടിൽ ഓട്ടോകളുടെ പ്രകടനവും ഒട്ടേറെ വീഡിയോകളിൽ കാണാം. മാസങ്ങൾക്ക് മുൻപ് ഉത്തരാഖണ്ഡിലെ രവി ഭട്ട് എന്ന യുവാവ് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് 'ഹോംമേഡ് പറക്കുംകാർ' നിർമ്മിച്ചപ്പോഴൂണ്ടായ ട്രോളുകൾ വീണ്ടും പ്രചരിക്കുന്നുമുണ്ട്.
Content Highlights: Officially launched on October 15, 2026, at SpaceX test site in Texas., Equipped with SpaceX cold-gas thrusters enabling mid-air manoeuvring., Top speed of 370 km/h with fully electric drive., Production scheduled to begin in 2028.
Published: 18 Oct 2026, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented