ഇന്ത്യയുടെ ഇലക്ട്രിക് ഇരുചക്ര വാഹന കയറ്റുമതി അതിവേഗം വളരുന്നുക്കൊണ്ടിരിക്കുകയാണ്. ബിഎംഡബ്ല്യു മോട്ടോറാഡും ടിവിഎസ് മോട്ടോർ കമ്പനിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിൽ നിർമിക്കുന്ന ബിഎംഡബ്ല്യു CE 02 ആണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്ന മോഡൽ. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്ത മൊത്തം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ 65 ശതമാനവും ബിഎംഡബ്ല്യു CE 02 ആണ്. ഏഥർ ഇലക്ട്രിക്കും ബജാജുമാണ് തൊട്ടുപിന്നിൽ.
2024-25 സാമ്പത്തിക വർഷത്തിൽ, ഇന്ത്യൻ സ്കൂട്ടർ വ്യവസായം റെക്കോർഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര വിൽപ്പന 6.85 ദശലക്ഷം യൂണിറ്റിലെത്തി. തുടർച്ചയായ രണ്ടാം വർഷവും അര ദശലക്ഷത്തിലധികം സ്കൂട്ടറുകൾ കയറ്റുമതി ചെയ്തു. 2024-25 സാമ്പത്തിക വർഷത്തിൽ ഇലക്ട്രിക് സ്കൂട്ടർ കയറ്റുമതിയും ഉയരത്തിലെത്തി. ഏകദേശം 7,000 യൂണിറ്റുകളാണ് കയറ്റി അയച്ചത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 325 ശതമാനത്തിന്റെ വർധനവാണ്. കയറ്റുമതിചെയ്ത മൊത്തം 5.69 ലക്ഷം സ്കൂട്ടറുകളിൽ ഒരു ശതമാനം ഇലക്ട്രിക് സ്കൂട്ടറുകളായിരുന്നു.
2024-25 സാമ്പത്തിക വർഷം ടിവിഎസ് മോട്ടോർ കമ്പനിക്ക് മികച്ചതായിരുന്നു. 1.81 ദശലക്ഷത്തിലധികം സ്കൂട്ടറുകളാണ് വിറ്റഴിച്ചത്. മൊത്തത്തിൽ 3.51 ദശലക്ഷം ഇരുചക്ര വാഹനങ്ങൾ വിറ്റഴിക്കാനും കഴിഞ്ഞു. ഇത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ്. കൂടാതെ, കമ്പനിയുടെ ഇലക്ട്രിക് ടൂ വീലർ (ഇ-2ഡബ്ല്യു) കയറ്റുമതി 6000 യൂണിറ്റിന് തൊട്ടടുത്തായി. ഇത് മുൻ വർഷത്തേക്കാൾ 404 ശതമാനത്തിന്റെ വർധനവാണ്.
തമിഴ്നാട്ടിലെ ടിവിഎസിന്റെ പ്ലാന്റിൽ നിർമിക്കുകയും 2024 ഏപ്രിലിൽ കയറ്റുമതി ആരംഭിക്കുകയും ചെയ്ത മോഡലാണ് ബിഎംഡബ്ല്യു CE 02. ബിഎംഡബ്ല്യുവിന്റെ എഞ്ചിനീയറിങ്ങ് വൈദഗ്ധ്യവും ടിവിഎസിന്റെ നിർമാണ ശേഷിയും സംയോജിക്കുന്നു എന്ന സവിശേഷതയും ഈ മോഡലിനുണ്ട്. ടിവിഎസ് മോട്ടോർ കമ്പനിയുടെ ഇ-2ഡബ്ല്യു കയറ്റുമതിയുടെ 75 ശതമാനവും ബിഎംഡബ്ല്യു CE02 ആണ്. ഏകദേശം 4,400 യൂണിറ്റുകളാണ് ഇത്തരത്തിൽ കയറ്റുമതി ചെയ്തത്. ബാക്കിയുള്ള 25 ശതമാനം ടിവിഎസ് ഐക്യൂബ് ആണ്.
805 യൂണിറ്റുകളോടെ, ഇ-2ഡബ്ല്യു കയറ്റുമതിയിൽ ഏഥർ എനർജി രണ്ടാം സ്ഥാനത്താണ്. ഈ കയറ്റുമതിയുടെ ഭൂരിഭാഗവും ഏഥർ 450X ആണ്. 2025 സാമ്പത്തിക വർഷത്തിലെ മൊത്തം കയറ്റുമതിയുടെ 12 ശതമാനം ഏഥർ 450S ആണ്. കൂടാതെ, 2024-25 സാമ്പത്തിക വർഷത്തിൽ, ബജാജ് ഓട്ടോ 200000-ത്തിലധികം ചേതക് സ്കൂട്ടറുകൾ വിറ്റഴിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ബജാജ് ഓട്ടോ ഈ ഇലക്ട്രിക് സ്കൂട്ടറുകളിൽ 125 എണ്ണം കയറ്റുമതി ചെയ്യുകയും ചെയ്തു.
Content Highlights: TVS Leads EV Export and Shipped Over 4400 CE 02 Ev Scooter FY25
Published: 23 May 2025, 08:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented