ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്വകാര്യവ്യക്തികളുടെ സഹായത്തോടെ ആര്‍സി ബുക്ക് അടക്കം ഉടമയില്‍നിന്നു വാങ്ങി, പൊതുലേലത്തിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയും പുറത്തു വില്‍ക്കും.

വൈക്കം: പൂർണമായും തകർന്ന (ടോട്ടൽ ലോസ്) വാഹനങ്ങളുടെ രജിസ്ട്രേഷൻ ഉടമ തന്നെ റദ്ദാക്കണമെന്ന് മോട്ടോർവാഹന വകുപ്പ്. രജിസ്ട്രേഷൻ റദ്ദാക്കാതെ ടോട്ടൽ ലോസ് വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തി വിപണിയിൽ എത്തിച്ച് വിൽക്കുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്.
ഇത്തരം വാഹനങ്ങൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നടത്തുകയോ ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയോ ചെയ്താൽ ആർസി (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) ഉടമ കേസിൽ പ്രതിയാകും. പല കാരണങ്ങളാൽ തകർന്ന വാഹനങ്ങൾ പൂർവസ്ഥിതിയിലാക്കാൻ ഇൻഷുറൻസ് കമ്പനി നൽകേണ്ട തുക വാഹനത്തിന്റെ വിപണി വിലയെക്കാൾ കൂടുതലാകുന്ന സാഹചര്യമാണ് ടോട്ടൽ ലോസ്.
വാഹനത്തിന്റെ ഇപ്പോഴത്തെ വിലയുടെ 75 ശതമാനം അറ്റകുറ്റപ്പണിക്കു വേണ്ടിവരുമ്പോഴാണ് പൊതുവേ വാഹനങ്ങൾ ടോട്ടൽ ലോസായി കണക്കാക്കുന്നത്. ടോട്ടൽ ലോസ് വാഹനങ്ങൾ ആക്രിയായി മാറ്റണമെന്നാണ് നിയമം.
എന്നാൽ, ചില ഇൻഷുറൻസ് കമ്പനികൾ സ്വകാര്യവ്യക്തികളുടെ സഹായത്തോടെ ആർസി ബുക്ക് അടക്കം ഉടമയിൽനിന്നു വാങ്ങി, പൊതുലേലത്തിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയും പുറത്തു വിൽക്കും. വാങ്ങുന്നവർ ഇക്കാര്യം അറിയണമെന്നില്ല. അത് അറിയണമെങ്കിൽ ഇൻഷുറൻസിന്റെ മുഴുവൻ വിവരങ്ങളും വാഹനം വാങ്ങുന്നയാൾ പരിശോധിക്കണം.
ഇതിനായി ഇൻഷുറൻസ് കമ്പനിയിൽ ബന്ധപ്പെടണം. ഇൻഷുറൻസിന്റെ പൂർണ വിവരങ്ങൾ ആർടി ഓഫീസുകളിലോ പരിവാഹൻ വെബ്സൈറ്റിലോ ലഭ്യമല്ല. ഈ വിവരങ്ങൾകൂടി പരിവാഹൻ വെബ്സൈറ്റിലേക്ക് വന്നാൽമാത്രമേ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും അറിയാൻ കഴിയൂ. അതിന് മോട്ടോർവാഹനവകുപ്പ് നിയമത്തിൽ ഭേദഗതിവരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്നവർ ആർസിയിൽ പേര് മാറ്റിക്കഴിഞ്ഞ് 14 ദിവസത്തിനകം ഇൻഷുറൻസിലും പേര് മാറ്റാനുള്ള അപേക്ഷ നൽകണം. അല്ലെങ്കിൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാനുള്ള സാധ്യത കുറയുമെന്ന് വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
Content Highlights: Motor vehicles department warns owners to cancel registration of total loss vehicles. Failure to do so can lead to RC owner being implicated in crimes. Learn more.
Published: 21 Dec 2025, 04:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented