
ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത കാര്‍ പുറത്തിറങ്ങി. ഇലക്ട്രിക് എസ്യുവിയായ ഇ-വിത്താരയാണ് ഗുജറാത്തിലെ ഹന്‍സല്‍പുരിലെ പ്ലാന്റില്‍ ഉത്പാദനം ആരംഭിച്ചത്. ഇവിടെ നിര്‍മിച്ച ആദ്യ ഇ-വിത്താര പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്ത് പുറത്തിറക്കി. ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകള്‍ നിര്‍മിക്കാനുള്ള പ്ലാന്റിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഇന്ത്യയിലെ ജാപ്പനീസ് അംബാസഡർ കെയ്ച്ചി ഒനോ എന്നിവർ സന്നിഹിതരായിരുന്നു.
ഹന്‍സല്‍പുര്‍ പ്ലാന്റില്‍ നിര്‍മിക്കുന്ന ഇ-വിത്താര ലോകത്തെ നൂറ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. മോദി പുറത്തിറക്കിയ ആദ്യ ഇ-വിത്താര യുകെയിലേക്കാണ് അയക്കുക. കഴിഞ്ഞവര്‍ഷം യൂറോപ്പിലാണ് ഇ-വിത്താര ലോകത്ത് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് ഈ വര്‍ഷം നടന്ന ഭാരത് മോട്ടോര്‍ എക്സ്പോയിലും ഈ ഇ-എസ്യുവി പ്രത്യക്ഷപ്പെട്ടിരുന്നു. ഇ-വിത്താര സെപ്റ്റംബര്‍ മൂന്നിന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
മാരുതി സുസുക്കി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വികസിപ്പിച്ചിട്ടുള്ള ഹാര്‍ടെക്ട്-ഇ പ്ലാറ്റ്ഫോമിലാണ് ഇ-വിത്താര ഒരുങ്ങിയിരിക്കുന്നത്. 49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളില്‍ ഇ-വിത്താര വിപണിയില്‍ എത്തും. ഒറ്റത്തവണ ചാര്‍ജില്‍ 500 കിലോമീറ്ററില്‍ അധികം റേഞ്ച് ഉറപ്പാക്കുന്നുണ്ട്. എല്എഫ്പി (ലിഥിയം അയേണ്‍ ഫോസ്ഫേറ്റ്) ബ്ലേഡ് ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്.
49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന് ഇ-വിത്താരയില്‍ 144 ബിഎച്ച്പി പവറും 189 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സിംഗിള്‍ മോട്ടോറാണ് നല്‍കുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റില്‍ 174 ബിഎച്ച്പി പവറും 189 എന്‍എം ടോര്‍ക്കുമേകുന്ന മോട്ടോറും കരുത്തേകും. ഇ-വിത്തരായുടെ ഓള് വീല്‍ ഡ്രൈവ് മോഡലില്‍ സുസുക്കിയുടെ ഇ-ഓള്‍ഗ്രിപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ റിയര്‍ ആക്സിലിലും 65 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന മോട്ടോര്‍ നല്‍കുന്നുണ്ട്. ഈ ഇരട്ട മോട്ടോര്‍ മോഡല്‍ 184 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
ഏകദേശം 20 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയില്‍ ഇ-വിത്താര അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര BE6, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, എംജി ZS EV തുടങ്ങിയ മോഡലുകളായിരിക്കും പ്രധാന എതിരാളികള്‍.
Content Highlights: PM Narendra Modi Flags off Maruti Suzuki's First Electric Car, e-Vitara | Video
Published: 26 Aug 2025, 12:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented