തിരുവനന്തപുരം: മരിച്ചയാൾക്കും പെട്രോളിയം ടാങ്കര്‍ ഓടിക്കാന്‍ പരിശീലനം പൂര്‍ത്തിയാക്കി ഡ്രൈവിങ് ലൈസന്‍സ് നേടി. ബയോമെട്രിക് ഹാജര്‍ രേഖപ്പെടുത്തി പരിശീലനം നേടിയെന്നായിരുന്നു ട്രെയിനിങ് സെന്ററിലെ രേഖ. പെട്രോളിയം-രാസ ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളില്‍ അപേക്ഷകര്‍ ഹാജരാകാതെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.

To advertise here,

അപേക്ഷകരെന്ന പേരില്‍ സമീപിച്ച മോട്ടോര്‍വാഹനവകുപ്പുദ്യോഗസ്ഥര്‍ നല്‍കിയ പട്ടികയിലുള്ളവര്‍ക്കാണ് സ്ഥാപനം പണംവാങ്ങി യഥേഷ്ടം സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതിലാണ് പരേതനും ഉള്‍പ്പെട്ടത്. പരിശീലനം നടക്കുന്നെന്ന് ഉറപ്പാക്കാന്‍ ഏര്‍പ്പെടുത്തിയ ബയോമെട്രിക് ഹാജര്‍ സംവിധാനം അട്ടിമറിച്ചാണ് ക്രമക്കേട് നടന്നത്. ബയോമെട്രിക് ഹാജര്‍ രേഖപ്പെടുത്തുന്നത് അപേക്ഷകന്‍തന്നെയാണോയെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനമില്ലാത്തതാണ് ക്രമക്കേടിന് സഹായമായത്.

പെട്രോളിയം, രാസപദാര്‍ഥങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഇവ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നിര്‍ബന്ധമാണ്. ഹെവി ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി മേഖലയില്‍ മോട്ടോര്‍ വാഹനവകുപ്പ് അംഗീകരിച്ച സ്ഥാപനങ്ങളില്‍ പരിശീലനം നേടണമെന്നാണ് വ്യവസ്ഥ.

വിരമിച്ച ആര്‍ടിഒ നടത്തിയ സ്ഥാപനത്തിലാണ് കഴിഞ്ഞവര്‍ഷം ക്രമക്കേട് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ബയോമെട്രിക് സംവിധാനം കൊണ്ടുവന്നത്. അതും പൊളിഞ്ഞതിന്റെ ആശങ്കയിലാണ് മോട്ടോര്‍ വാഹനവകുപ്പ്. കോഴ്സ് നടത്തിപ്പിന് പുറംകരാര്‍ നല്‍കിയതാണ് ക്രമക്കേടിന് ഇടയാക്കിയത്. 4000 രൂപ നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.

എറണാകുളത്തുള്ള 'ഐ ഫാസ്റ്റ്' എന്ന സ്ഥാപനത്തിന്റെ ഉടമ ഒരോ ജില്ലകളിലുമെത്തിയാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്നത്. ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്ഥാപനം വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കരുതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയ പരാതിയില്‍ സ്ഥാപന ഉടമയുടെപേരില്‍ കേസെടുത്തതായി മരട് പോലീസ് അറിയിച്ചു.