ചണ്ഡീഗഢ്: കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ തിരിച്ചറിയാന്‍ ആളുകളുടെ സ്വഭാവത്തെ അവര്‍ തിരഞ്ഞെടുക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെടുത്തി ഹരിയാണ പോലസ് മേധാവി ഒ.പി. സിങ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തില്‍. പ്രത്യേകിച്ച് ഥാര്‍ എസ് യു വിയെയും ബുള്ളറ്റ് മോട്ടോര്‍സൈക്കിളുകളെയും ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം അസാധാരണമായ ചില പരാമര്‍ശങ്ങള്‍ നടത്തിയത്.

To advertise here,

ശനിയാഴ്ച, ഗുരുഗ്രാമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍. സുരക്ഷാപരമായ പരിശോധനയ്ക്കായി എല്ലാ വാഹനങ്ങളും പോലീസിന് തടയാന്‍ കഴിയില്ലെങ്കിലും, ഒരു ഥാറോ ബുള്ളറ്റോ കണ്ടില്ലെന്ന് നടിക്കാനാവില്ല എന്നായിരുന്നു ഡിജിപി സിങിന്റെ പരമാര്‍ശം.

'ഞങ്ങള്‍ എല്ലാ വാഹനങ്ങളും പരിശോധിക്കാറില്ല. അതൊരു ഥാര്‍ ആണെങ്കില്‍, ഞങ്ങള്‍ എങ്ങനെ വെറുതെ വിടും? അല്ലെങ്കില്‍ ഒരു ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ ആണെങ്കില്‍... എല്ലാ പ്രശ്നക്കാരും ഇത്തരം കാറുകളും ബൈക്കുകളുമാണ് ഉപയോഗിക്കുന്നത്. വാഹനം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ഥാര്‍ ഓടിക്കുന്നവര്‍ റോഡില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നു.' അദ്ദേഹം പറഞ്ഞു.

അന്തരിച്ച നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ഭാര്യാസഹോദരന്‍ കൂടിയായ ഹരിയാണ ഡിജിപി, ഥാര്‍ ഓടിക്കുന്നവരുമായി, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയിലുള്ള സ്വഭാവത്തെക്കുറിച്ച് വിശദീകരിച്ചു. 'ഥാര്‍ ഒരു കാര്‍ മാത്രമല്ല, 'ഇങ്ങനെയാണ് ഞാന്‍' എന്ന് പറയുന്ന ഒരു പ്രസ്താവന കൂടിയാണ് അത്. ഈ പ്രവണത ഒരു സ്റ്റാറ്റസ് സിംബലായി മാറിയിരിക്കുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഒരു അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ മകന്‍ ഥാര്‍ ഓടിച്ച് ഒരാളെ ഇടിച്ചു. അദ്ദേഹത്തിന് തന്റെ മകനെ മോചിപ്പിക്കണം. ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു, ആരുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന്. അത് അദ്ദേഹത്തിന്റെ പേരിലാണ്, അതിനാല്‍ അദ്ദേഹമാണ് കുഴപ്പക്കാരന്‍.' ഥാര്‍ ഓടിച്ച് ഒരാളെ ഇടിച്ച ഒരു അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ മകന്‍ ഉള്‍പ്പെട്ട സംഭവം സിങ് ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

'പോലീസുകാരുടെ ഒരു പട്ടികയെടുത്താല്‍, എത്രപേര്‍ക്ക് ഥാര്‍ ഉണ്ടാകും? ആര്‍ക്കാണോ അത് ഉള്ളത്, അയാള്‍ക്ക് ഭ്രാന്തായിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് രണ്ടുംകൂടി ഒരുമിച്ച് കൊണ്ടുപോകാനാവില്ല. നിങ്ങള്‍ക്ക് ഗുണ്ടായിസം കാണിച്ച് പിടിക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കാനാവില്ല. നിങ്ങള്‍ പ്രകടനം നടത്തിയാല്‍, അതിന്റെ പ്രത്യാഘാതങ്ങളും നേരിടേണ്ടിവരും'. സഹപ്രവര്‍ത്തകരുടെ നേരെ തിരിഞ്ഞ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒ.പി. സിങിന്റെ പരാമര്‍ശങ്ങള്‍ അതിവേഗം വൈറലായി. സമൂഹമാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ചിലര്‍ ഡിജിപിയുടെ നിരീക്ഷണത്തെ പിന്തുണച്ചപ്പോള്‍, മറ്റുചിലര്‍ പോലീസിന്റെ ഉത്തരവാദിത്തത്തിലേക്കും റോഡ് സുരക്ഷയുടെ അവസ്ഥയിലേക്കും ചര്‍ച്ചയെ വഴിതിരിച്ചുവിട്ടു.

'എന്തുകൊണ്ടോ ഈ ഉദ്യോഗസ്ഥന്‍ തന്റെ പത്രസമ്മേളനങ്ങളിലൂടെ എല്ലാ പ്രശ്‌നങ്ങളിലും തൊടുന്നുണ്ട്. നിയമം അനുസരിക്കുന്ന പൗരന്മാരെ അലട്ടുന്ന എല്ലാ കാര്യങ്ങളും പോലീസുകാര്‍ക്ക് അറിയാമെന്ന് ഇത് കാണിക്കുന്നു. അദ്ദേഹം പറയുന്നത് നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍, ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനാകും. മുന്നോട്ട് പോകൂ ഡിജിപി സര്‍' എന്നാണ് ഒരു ഉപയോക്താവിന്റെ കമന്റ്.

'വളരെ നല്ലത്. ഥാറും ബുള്ളറ്റും ഗുണ്ടകളുടെ അടയാളമായി മാറിയിരിക്കുന്നു. രാവും പകലും പടക്കം പൊട്ടുന്ന ശബ്ദമുണ്ടാക്കി ആളുകളെ ശല്യപ്പെടുത്തുന്നതും അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും അവരുടെ ദിനചര്യയായി മാറിയിരിക്കുന്നു. അവര്‍ക്ക് ഒരു കടിഞ്ഞാണിടാനുള്ള ഡിജിപി സാറിന്റെ തീരുമാനം പ്രശംസനീയമാണ്. എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍, 'ഈ മോശം റോഡുകളെക്കുറിച്ച് എന്താണ് അഭിപ്രായം? തെറ്റായ ദിശയില്‍ വരുന്ന ട്രക്കുകളെക്കുറിച്ച് ഡിജിപി എന്തുപറയുന്നു?' എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

'സര്‍, ബുള്ളറ്റ് ഉപയോഗിച്ച് എത്ര ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്? മാല പിടിച്ചുപറി, കൊലപാതകം, വെടിവെപ്പ്? അത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ ഉപയോഗിച്ചതായി ഞാന്‍ കേട്ടിട്ടില്ല?' എന്നായിരുന്നു ഒരു ബുള്ളറ്റ് പ്രേമിയുടെ കമന്റ്. അതേസമയം, ഹരിയാന ഡിജിപിയുടെ, ഭാഗികമായി നര്‍മ്മം കലര്‍ന്ന പരാമര്‍ശങ്ങള്‍, ഥാറുമായി ബന്ധപ്പെട്ട റോഡപകടങ്ങളെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്കകളെ പ്രതിധ്വനിപ്പിക്കുന്നതുകൂടിയാണ് എന്നാണ് നെറ്റിസണ്‍സിന്റെ അഭിപ്രായം.