ടാറ്റയുടെ മാജിക് ഐറിസിനെ മഹീന്ദ്രയുടെ ബൊലേറോയുടെ രൂപത്തിലേക്ക് മാറ്റിയെടുത്തതിന്റെ വീഡിയോയാണ് വൈറലാകുന്നത്.

ഉപയോഗശൂന്യമായി വസ്തുകൾ ഉപയോഗിച്ച് ഇരുചക്ര വാഹനങ്ങൾ നിർമിക്കുന്നത് മുതൽ അത്യാഡംബര വാഹനമായ ലംബോർഗിനിയുടെ രൂപത്തിൽ സ്‌പോർട്‌സ് കാറുകൾ നിർമിക്കാൻ വരെ കഴിവുള്ള ആളുകളാണ് നമുക്ക് ചുറ്റിലും ഉള്ളവരിൽ ചിലർ. അതുപോലെ തന്നെ ഒരു വാഹനത്തിൽ മറ്റേതെങ്കിലും മോഡലിന്റെ കിറ്റ് ഉപയോഗിച്ച് രൂപമാറ്റം വരുത്തുന്നതും പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ രൂപമാറ്റം വരുത്തിയ ഒരു വാഹനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ ഭരിക്കുന്നത്.
ടാറ്റയുടെ കുഞ്ഞൻ വാഹനമായ മാജിക് ഐറിസിനെ മഹീന്ദ്രയുടെ ബൊലേറോയുടെ രൂപത്തിലേക്ക് മാറ്റിയെടുത്തതിന്റെ വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്. ബൊലേറോയുടെ കൺവേർഷൻ കിറ്റ് ഉപയോഗിച്ചാണ് ഐറിസിൽ ഈ രൂപമാറ്റം വരുത്തിയിരിക്കുന്നത്. യാത്രക്കാരുമായി പോകുന്ന ഒരു ബൊലേറോ എന്നാണ് ആദ്യ കാഴ്ചയിൽ നമുക്ക് തോന്നുക. എന്നാൽ, ഒന്ന് ഇരുത്തി നോക്കിയാൽ മാത്രമേ ഈ വാഹനത്തിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കൂ.
ബൊലേറോയുടെ ഹെഡ്‌ലൈറ്റ്, ഗ്രില്ല്, ബോണറ്റ്, ബമ്പർ എന്നിവയെല്ലാം മുന്നിൽ കാണാം. ബോണറ്റിന് യഥാർഥ ബൊലേറോയുടെ അത്രയും നീളവും വീതിയുമില്ലെന്നതാണ് ആകെയുള്ള വ്യത്യാസം. വശങ്ങളിലെ ഫെൻഡർ, ഡോറുകൾ, വിൻഡോകൾ എല്ലാം ബൊലേറോയിലേത് പോലെ തന്നെയാണ് നൽകിയിരിക്കുന്നത്. സാധാരണ ഐറിസിനെക്കാൾ നീളവും ഈ രൂപമാറ്റം വരുത്തിയ വാഹനത്തിനുണ്ട്. പിന്നിലെ ഡോർ ബൊലേറോയുടേത് ആണെങ്കിലും സ്‌പെയർ വീൽ യഥാർഥ വാഹനത്തിന്റേതാണ്.
വാഹനത്തിന്റെ നീളത്തിലും വ്യത്യാസം കാണാം. ഇക്കോ, ഓമ്‌നി തുടങ്ങിയ വാഹനങ്ങൾക്കുള്ള വീൽബേസ് ഈ വാഹനത്തിലും ഉണ്ടെന്നാണ് കാഴ്ചയിൽ മനസിലാകുന്നത്. 1650 എംഎം ആണ് ടാറ്റ മാജിക് ഐറിസിന്റെ വീൽബേസ്. ഇക്കോയുടെ വീൽബേസ് 2350 എംഎം ആണ്. വാഹനത്തിന്റെ ഷാസിയിലും ബോഡി ഷെല്ലിലും ഉൾപ്പെടെ മാറ്റം വരുത്തിയായിരിക്കാം ഈ വാഹനത്തെ ബൊലേറോയുടെ രൂപത്തിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തലുകൾ.
മെക്കാനിക്കലായുള്ള മാറ്റത്തിനും സാധ്യതയില്ല. 611 സിസി ശേഷിയുള്ള എൻജിനാണ് ഐറിസിന് കരുത്തേകുന്നത്. ഇത് 12.5 എച്ച്പി വരെ പവറും 39 എൻഎം വരെ ടോർക്കുമാണ് നൽകുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സായിരുന്നു ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കിയിരുന്നത്. സാധാരണ ഗതിയിൽ അഞ്ച് സീറ്റർ വാഹനമായാണ് ഐറിസ് എത്തുന്നത്. എന്നാൽ, ഈ വാഹനത്തിൽ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
Content Highlights: See an incredible car modification! A Tata Magic Iris is transformed into a Mahindra Bolero using a conversion kit. Witness this amazing vehicle transformation.
Published: 24 Dec 2025, 08:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented