ചെന്നൈ: പുതിയ ഇരുചക്ര വാഹനങ്ങളും കാറുകളും വാങ്ങുന്നവര്‍ രജിസ്ട്രേഷനായി ഇനി ആര്‍ടിഒ ഓഫീസില്‍ വാഹനവുമായി കാത്തുനില്‍ക്കേണ്ട. ഡീലര്‍തന്നെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന സംവിധാനം തിങ്കളാഴ്ച മുതല്‍ തമിഴ്നാട്ടില്‍ നിലവില്‍ വന്നു.

To advertise here,

പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആര്‍ടിഒമാര്‍ നേരിട്ട് പരിശോധിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും തമിഴ്നാട് അത് നടപ്പാക്കിയിരുന്നില്ല. വാഹനങ്ങള്‍ വാങ്ങിയ ശേഷം അത് ആര്‍ടിഒയുടെ പരിശോധനക്കായി ഹാജരാക്കേണ്ട സ്ഥിതിയായിരുന്നു ഇതുവരെ.

ഇരുചക്ര വാഹനങ്ങള്‍ക്ക് 2,500 രൂപ വരെയും കാറുകള്‍ക്ക് 5,000 രൂപ വരെയും ആര്‍ടിഒ ഫീസ് എന്ന പേരില്‍ ഏജന്റുമാര്‍ വാങ്ങിയിരുന്നു. ഇതില്‍ വലിയ പങ്കും ഉദ്യോഗസ്ഥര്‍ക്കുള്ള കോഴയായിരുന്നു. പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് ഇനി ഈ പണം ലാഭിക്കാം.

സ്വകാര്യാവശ്യത്തിന് വാഹനം വാങ്ങുന്നവര്‍ക്കു മാത്രമാണ് ആര്‍ടിഒ പരിശോധന ഒഴിവാക്കിയിട്ടുള്ളത്. ട്രാന്‍സ്‌പോര്‍ട് വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും പരിശോധന തുടരും.

സ്വകാര്യവാഹനങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ ഡീലര്‍ക്കു തന്നെ പൂര്‍ത്തിയാക്കാം. ഷോറൂമില്‍നിന്ന് നമ്പര്‍ പ്ലേറ്റുസഹിതം വാഹനം സ്വന്തമാക്കാം. ആര്‍ടിഒ ഓഫീസിലെ കോഴ ഒരു പരിധി വരെ ഒഴിവാക്കാന്‍ ഇതു വഴിയൊരുക്കുമെന്നാണ് കരുതുന്നത്.