സൂപ്പര്‍ ഹിറ്റായി തുടരുന്ന ജയിലര്‍ സിനിമയുടെ വിജയം ആഘോഷിക്കുന്നതിനായി നായകന്‍ രജനീകാന്തിന് ബി.എം.ഡബ്യു എസ്.യു.വി സമ്മാനമായി നല്‍കി നിര്‍മ്മാതാക്കളായ സണ്‍പിക്‌ചേഴ്‌സ്. ഇവര്‍ നല്‍കിയ ബിഎംഡബ്ല്യു എക്‌സ് 7, ബിഎംഡബ്ല്യു ഐ7 എന്നീ കാറുകളില്‍ നിന്ന് എക്‌സ് 7 രജനി തിരഞ്ഞെടുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സണ്‍പിക്‌ചേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്. 

To advertise here,

നിര്‍മ്മാതാവ് കലാനിധിമാരനാണ് കാറിന്റെ താക്കോല്‍ രജനിക്ക് കൈമാറിയത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ വിപണിയില്‍ എത്തുന്ന ബിഎംഡബ്ല്യു എക്‌സ് 7ന് 1.22 കോടി രൂപ മുതല്‍ 1.24 കോടി രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഇതില്‍ ഏത് പതിപ്പാണ് രജനിക്ക് നല്‍കിയതെന്ന് വ്യക്തമല്ല. ബി.എം.ഡബ്ല്യുവിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ X7 ഡിസൈനിലും ഫീച്ചറുകളിലും ഏറെ മുന്നിട്ട് നില്‍ക്കുന്ന വാഹനമാണ്.

3.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് X7 വിപണിയില്‍ എത്തുന്നത്. ഇതിലെ പെട്രോള്‍ എന്‍ജിന്‍ മോഡല്‍ 381 ബി.എച്ച്.പി. പവറും 520 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 5.8 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും. 340 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഡീസല്‍ എന്‍ജിന്റെ കരുത്ത്. 5.9 സെക്കന്റില്‍ ഈ വാഹനവും 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

ബി.എം.ഡബ്ല്യു സിഗ്‌നേച്ചര്‍ കിഡ്നി ഗ്രില്‍, 21 ഇഞ്ച് അലോയി വീല്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, പനോരമിക് ത്രീ പാര്‍ട്ട് ഗ്ലാസ് റൂഫ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, ഹൈ-ഫൈ ലൗഡ് സ്പീക്കര്‍, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് എക്സ്7 എസ്.യു.വിയുടെ ഹൈലൈറ്റ്‌സ്.

12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മ്യൂസിക്കും മാപ്പിനും മറ്റുമായി 20 ജിബി ഹാര്‍ഡ് ഡ്രൈവ് എന്നിവ ഈ എസ്.യു.വിയുടെ അകത്തളത്തെ ഫീച്ചറുകളില്‍ പ്രധാനപ്പെട്ടവയാണ്. ഒമ്പത് എയര്‍ബാഗ്, ആക്ടീവ് പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍, ഇലക്ട്രോണിക് ബ്രേക്ക് വിത്ത് ഓട്ടോ ഹോള്‍ഡ് ഫങ്ഷന്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, കോര്‍ണറിങ്ങ് ബ്രേക്ക് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനവും ഇതിലുണ്ട്.