കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാരെ പാർപ്പിക്കുന്ന പഴയ ബ്ലോക്കുകൾക്കെല്ലാം കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും സുരക്ഷാഭീഷണിയുണ്ടെന്നും ജയിൽ‌ ഡിഐജി നൽകിയ റിപ്പോർട്ടിൽ പറയുന്നു.‌ ഇത്തരം കെട്ടിടങ്ങൾ ജയിൽച്ചാട്ടത്തിന് കാരണമാണെന്ന് രഹസ്യാന്വേഷണവിഭാഗവും റിപ്പോർട്ട് നൽകി.

To advertise here,

10 പഴയ ബ്ലോക്കുകളും ഒരു പുതിയ ബ്ലോക്കുമാണുള്ളത്. പതിറ്റാണ്ടുകൾ പഴക്കമുള്ള പഴയ ബ്ലോക്കുകളുടെ ഓടുമേഞ്ഞ മേൽക്കൂരയിൽ ചോർച്ച കാരണം പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയിട്ടുണ്ട്. കൊടും ക്രിമിനലുകളെയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും പാർപ്പിക്കുന്ന അതിസുരക്ഷയുള്ള 10-ാം നമ്പർ ബ്ലോക്കും ജീർ‌ണാവസ്ഥയിലാണ്. പ്രധാന കവാടം കഴിഞ്ഞ് വലതുഭാഗത്ത് വാച്ച് ടവറിന് അടുത്തായി ചതുരാകൃതിയിലുള്ള കെട്ടിടമാണ് പത്താം ബ്ലോക്ക്. ഇതിൽ എ, ബി, സി, ഡി എന്നീ സെല്ലുകളുമുണ്ട്. ഓടുമേഞ്ഞ കെട്ടിടമാണിത്. റിപ്പർ ജയാനന്ദൻ ഇതേ പത്താംനമ്പർ ബ്ലോക്കിൽനിന്ന് തടവ് ചാടിയിരുന്നു.

ഒരാൾ കൂടി ‌ചാടാൻ പദ്ധതിയിട്ടു

ജയിലിലെ മറ്റൊരാൾകൂടി ജയിൽ ചാടാൻ പദ്ധതിയിട്ടതായി വിവരം ലഭിച്ചെന്ന്‌ രഹസ്യാന്വേഷണ റിപ്പോർട്ടിലുണ്ട്. കഴിഞ്ഞവർഷം കനത്ത മഴയിൽ ജയിലിന്റെ കിഴക്കുഭാഗത്തുള്ള മതിൽ തകർന്നുവീണിരുന്നു. ഫെൻസിങ്ങിലൂടെയുള്ള വൈദ്യുതിവിതരണം അന്ന് നിർത്തിവെച്ചതാണ്. ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ യഥാസമയം പരിശോധിക്കുന്നുമില്ല.

തടവുകാരുടെ പ്രഭാതനടത്തവും സുരക്ഷാഭീഷണി

ജയിൽചട്ടങ്ങൾ ലംഘിച്ച് വ്യായാമത്തിന്റെ മറവിൽ തടവുകാരുടെ കൂട്ടനടത്തവും സുരക്ഷാഭീഷണിയാകുന്നു. ആവശ്യമുള്ളവർക്ക് പാർപ്പിച്ച സെല്ലുകളിൽ വ്യായാമം നടത്താനേ ജയിൽച്ചട്ടം അനുവദിക്കുന്നുള്ളൂ. രാഷ്ട്രീയത്തടവുകാരുൾപ്പെടെ 50-ഓളം പേരാണ് പ്രഭാതസവാരി നടത്തുന്നത്. നടത്തത്തിനിടയിലുള്ള സംസാരത്തിലൂടെ ജയിൽ ഉദ്യോഗസ്ഥർക്കെതിരേ ഗൂഢാലോചന നടത്തുന്നതായുള്ള വിവരവും കിട്ടിയിട്ടുണ്ട്. പ്രധാന മതിലിനോടുചേർന്ന റോഡിലൂടെയാണ് പ്രഭാതസവാരി. നടത്തത്തിനിടെ പച്ചക്കറിത്തോട്ടത്തിൽനിന്ന്‌ വാഴപ്പഴങ്ങളും പച്ചക്കറികളും മോഷ്ടിക്കുന്നുമുണ്ട്.

സെൻട്രൽ ജയിലിൽ വ്യാപക പരിശോധന

കണ്ണൂർ: ഗോവിന്ദച്ചാമി തടവുചാടിയതിന്റെ പശ്ചാത്തലത്തിൽ സെൻട്രൽ ജയിലിൽ വ്യാപക പരിശോധന. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് തുടങ്ങിയ പരിശോധന മണിക്കൂറുകൾ നീണ്ടു.

എന്നാൽ തടവുകാരിൽ നിന്ന് നിരോധിത സാധനങ്ങളാന്നും ലഭിച്ചിട്ടില്ലെന്ന് അറിയുന്നു. ജയിൽച്ചാട്ടത്തിനുശേഷം 10-ാം ബ്ലോക്കിൽ പരിശോധന നടത്തിയെങ്കിലും മറ്റ് ബ്ലോക്കുകളിലൊന്നും കാര്യമായ പരിശോധന നടത്തിയില്ലെന്ന പരാതിയും ഉയർന്നിരുന്നു.

ജയിൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി

ഗോവിന്ദച്ചാമി തടവുചാടിയതിന്റെ പശ്ചാത്തലത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മൊഴി രേഖപ്പെടുത്തിയത്. കൂടാതെ ഗോവിന്ദച്ചാമി ജയിൽ ചാടിയശേഷം തളാപ്പിൽ പിടിക്കപ്പെടുന്നത് വരെയുള്ള റൂട്ട് പോലീസ് പരിശോധിച്ചു.