തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ വാഹന ഫിറ്റ്നസ് ടെസ്റ്റിന് ഫീസ് സ്വീകരിക്കാത്തത് വാഹന ഉടമകളെ വലയ്ക്കുന്നു. രണ്ടാഴ്ചയായി തുടരുന്ന സോഫ്റ്റ്വേര്‍ പിഴവ് ഇനിയും പരിഹരിക്കാനായിട്ടില്ല. പരാതിപ്പെടുന്നവരോട് സമീപത്തെ ഏതെങ്കിലും ഓഫീസില്‍ ഫീസ് അടച്ചശേഷം എത്താനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നത്.
ഇടനിലക്കാര്‍ക്ക് ഈ ക്രമീകരണത്തെക്കുറിച്ച് അറിയാമെങ്കിലും നേരിട്ട് ഫീസ് അടയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു സൂചനയും ലഭിക്കില്ല. സാങ്കേതികത്തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നവര്‍ ഏറെ വൈകി ഓഫീസുമായി ബന്ധപ്പെടുമ്പോഴാണ് ഇത്തരം ക്രമീകരണമുള്ളത് അറിയുന്നത്.
തിരുവനന്തപുരം ഓഫീസിലെ വാഹനങ്ങള്‍ പരിശോധിക്കേണ്ടത് മുട്ടത്തറയിലെ ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റിങ് സെന്ററിലാണ്. ഏറെക്കാലമായി ഇതു പ്രവര്‍ത്തനരഹിതമായതിനാല്‍ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് വാഹനം പരിശോധിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ ഓട്ടോമാറ്റിക് ടെസ്റ്റിങ് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.
എന്നാല്‍, സംസ്ഥാനത്തെവിടെയും ഇത് സജ്ജീകരിച്ചിട്ടില്ല. മുട്ടത്തറയില്‍ നേരത്തേ ടെസ്റ്റിങ് സെന്റര്‍ ഉള്ളതിനാല്‍ അതിനനുസരിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം സോഫ്റ്റ്വേറില് മാറ്റംവരുത്തി. ഇതാണ് സാങ്കേതികപ്പിഴവിനു കാരണമെന്ന് പറയുന്നു. ഓട്ടോമേറ്റഡ് ടെസ്റ്റിങ് സൗകര്യമുണ്ടായിരുന്ന മറ്റ് എട്ടു സ്ഥലങ്ങളിലും സോഫ്റ്റ്വേറില് ഇതേ പിഴവ് കാണിക്കുന്നുണ്ട്.
Content Highlights: Software glitch at Trivandrum RTO prevents vehicle fitness test fee payments-Owners face delays
Published: 21 Apr 2025, 09:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented