വാഹന പരിശോധനയ്ക്ക് നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ബോധിപ്പിക്കാന്‍ വേണ്ടിയല്ല, സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയാണ് സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് എന്നത് പല ആവര്‍ത്തി പറഞ്ഞ് പഴകിയ കാര്യമാണ്. എന്നാല്‍, അപകടങ്ങളിൽ സീറ്റ് ബെല്‍റ്റ് ജീവൻ രക്ഷിച്ച കഥകളും യഥേഷ്ടമുണ്ട്. ഇത്തരമൊരു സംഭവമാണ് ഇയ്യിടെ മുംബൈ ബാന്ദ്രയിലുണ്ടായത്.
കാറിനുള്ളിലെ യാത്രക്കാരി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ വാഹനം തടഞ്ഞുനിർത്തുകയും അതുവഴി അവരുടെ ജീവന്‍ രക്ഷപ്പെടുകയും ചെയ്ത സംഭവം മുംബൈ ട്രാഫിക് പോലീസ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ജൂലായ് 26 ന് വൈകീട്ട് നാലുമണിയോടെ പോലീസ് പതിവ് പരിശോധനയ്ക്ക് ഇറങ്ങി. ഈ സമയം പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. മുംബൈയിലെ തന്നെ ഏറ്റവും തിരക്കേറിയ പ്രദേശമായ ബാന്ദ്രയിലെ കലാനഗറില്‍ പരിശോധന പുരോഗമിക്കുന്നതിനിടെ യാത്രക്കാരി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ ഷീര്‍സാഗറാണ് കാർ തടഞ്ഞുനിർത്തിയത്.
സ്വകാര്യ കമ്പനിയിലെ സീനിയര്‍ എക്‌സിക്യൂട്ടീവായ ഗൗത് വിജയ് രോഹ്‌റ, അദ്ദേഹത്തിന്റെ ഭാര്യയും മറ്റൊരു കമ്പനിയിലെ ഉദ്യോഗസ്ഥയുമായ ഛായ രോഹ്‌റ എന്നിവരായിരുന്നു കാറിലെ യാത്രക്കാര്‍. ഛായ രോഹ്‌റയാണ് സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തത്. വാഹനം തടഞ്ഞ പോലീസ് ഭാര്യ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെന്നും 1000 രൂപ പിഴയൊടുക്കണമെന്നും ആവശ്യപ്പെട്ടു. പിഴ ഈടാക്കുകയല്ല പ്രധാനമെന്നും നിങ്ങള്‍ ഒരു അപകടത്തില്‍ പെട്ടാല്‍ ജീവന്‍ രക്ഷിക്കാന്‍ വരെ സീറ്റ് ബെല്‍റ്റ് സഹായിച്ചേക്കുമെന്നും അതുകൊണ്ട് ദയവായി സീറ്റ് ബെല്‍റ്റ് ധരിച്ചശേഷം യാത്ര തുടരണമെന്നും പോലീസ് ഉപദേശിച്ചു. ദമ്പതികള്‍ ഉപദേശം അനുസരിച്ച് യാത്ര തുടർന്നു.
അല്‍പ്പസമയത്തിന് ശേഷം കനത്ത മഴയില്‍ ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് അന്ധേരി മേല്‍പ്പാലത്തിന് സമീപമുള്ള ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു. വാഹനം പൂര്‍ണമായും തകര്‍ന്നെങ്കിലും യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഭര്‍ത്താവിന് ചെറിയ പരിക്കുകളുണ്ടെങ്കിലും ഭാര്യയ്ക്ക് ഒരു പോറല്‍ പോലും ഏറ്റിട്ടില്ല.
തൊട്ടപ്പുറത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പ്രവീണ്‍ ഷീര്‍സാഗര്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് ദമ്പതികളെ ആശുപത്രിയിയില്‍ എത്തിച്ചത്. ആശുപത്രി വിട്ട ദമ്പതികള്‍ ഈ പോലീസ് ഉദ്യോഗസ്ഥനൊപ്പമുള്ള ചിത്രങ്ങള്‍ എടുക്കുകയും അവരോട് നന്ദി അറിയിക്കുകയും ചെയ്ത്.
പിഴ ചുമത്താന്‍ മാത്രമല്ല പോലീസ് നമ്മളെ തടഞ്ഞുനിര്‍ത്തുന്നത്. നമ്മുടെ സുരക്ഷ സംബന്ധിച്ച് കരുതലുള്ളവരാണ് അവര്‍. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. ജീവന്‍ രക്ഷിക്കുന്നതിനായി അവ പാലിക്കാം. പ്രതിസന്ധികളിലാണ് യഥാര്‍ഥ മനുഷ്യത്വം നാം തിരിച്ചറിയുന്നത്. ആ പോലീസ് ഉദ്യോഗസ്ഥനോടും രണ്ടാമത് ലഭിച്ച ഈ ജീവിതത്തിനും നന്ദി പറയുന്നുവെന്ന കുറിപ്പിനൊപ്പം ആ പോലീസുകാരന്റെ ചിത്രവും ഗൗതം വിജയ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.
Content Highlights: Seatbelt Enforcement Saves Couple from Serious Injury in Mumbai Car Accident
Published: 30 Jul 2025, 02:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented