ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ക്കുള്ള സാരഥി സോഫ്റ്റ്വേര്‍ ഒരാഴ്ചയായി തകരാറിലായത് അപേക്ഷകരെ വലയ്ക്കുന്നു. പൊതുജനങ്ങള്‍ക്കുള്ള സിറ്റിസണ്‍ ലോഗിനാണ് പണിമുടക്കിയത്. ഭൂരിഭാഗം പേര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെങ്കിലും സോഫ്റ്റ്വേറിന് സാങ്കേതികത്തകരാര്‍ ഇല്ലെന്ന വിശദീകരണമാണ് അധികൃതര്‍ നല്‍കുന്നത്.

To advertise here,

വെബ്സൈറ്റ് കിട്ടാത്തതിന്റെ കാരണം ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ പിഴവാണെന്നും അധികൃതര്‍ വിശദീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്റര്‍നെറ്റ് കണക്ഷന്‍ മാറ്റിയിട്ടും വെബ്സൈറ്റ് ലഭിക്കാത്ത സ്ഥിതിയാണ്. വെബ്സൈറ്റ് ലഭിക്കുന്നവര്‍ക്ക് അപേക്ഷ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. 

താലൂക്ക്, ഓഫീസ് എന്നിവ തിരഞ്ഞെടുക്കുമ്പോള്‍ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമാകും. നേരത്തെ സമര്‍പ്പിച്ച അപേക്ഷകളില്‍ തിരുത്തല്‍ വരുത്താനോ, തുടര്‍ നടപടികള്‍ സ്വീകരിക്കാനോ കഴിയാത്ത അവസ്ഥയുമുണ്ട്. 

എം.പരിവാഹന്‍ എന്ന മൊബൈല്‍ ആപ്പിലും ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ തടസ്സപ്പെട്ടിട്ടുണ്ട്. സാങ്കേതിക തകരാര്‍ എന്താണെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിയാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.