
കോഴിക്കോട്: തൃശ്ശൂര്‍ തൃപ്രയാറില്‍ നാടകവണ്ടിക്ക് 24000 രൂപ പിഴ ഈടാക്കിയെന്ന ആരോപണം തീര്‍ത്തും തെറ്റാണെന്ന് വ്യക്തമാക്കി തൃപ്രയാര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ (എ.എം.വി.) ഷീബ. വാഹനത്തിന്റെ മുകളില്‍ ബോര്‍ഡ് വെക്കുന്നതിനുള്ള ഫീസ് അടക്കാനാണ് ആവശ്യപ്പെട്ടത്. 24000 എന്നത് പിഴയല്ല, ചതുരശ്ര സെന്‍റിമീറ്ററിലുള്ള ബോർഡിന്‍റെ അളവാണെന്നും ഒരു രൂപ പോലും പിഴയായി വാങ്ങിയിട്ടില്ലെന്നും എ.എം.വി. മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
'ബോര്‍ഡ് വെച്ച് ഓടിയിരുന്നത് കാരണം ചില വാഹനങ്ങള്‍ അടുത്തിടെ അപകടത്തില്‍പ്പെട്ടിരുന്നു. താത്കാലികമായി ബോര്‍ഡ് കെട്ടിവെച്ചാണ് ചില വാഹനങ്ങള്‍ ഓടിയിരുന്നത്. അതിന്റെ കയര്‍ അഴിഞ്ഞുവീണാണ് അപകടമുണ്ടായത്. അതിന്റെ അടിസ്ഥാനത്തിലാണ് നാടകവണ്ടി പരിശോധിച്ചത്. തുടര്‍ന്ന് ഇങ്ങനെ ബോര്‍ഡ് വെച്ച് ഓടുന്നത് ശരിയല്ലെന്ന് ഡ്രൈവറോട് പറഞ്ഞു.
ബോര്‍ഡ് വെക്കണമെങ്കില്‍ നിയമപ്രകാരം ഫീസ് അടക്കണമെന്നും അതിനുശേഷം മാത്രമേ വാഹനങ്ങളില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാനാകൂവെന്നും അവരോട് പറഞ്ഞു. ഇങ്ങനെ താത്കാലികമായി ബോര്‍ഡ് വെക്കുന്നതിന്റെ അപകടസാധ്യതയെക്കുറിച്ചും വ്യക്തമാക്കി. ഇതിനിടെയാണ് വാഹനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ കയര്‍ത്ത് സംസാരിച്ചത്. ഏത് വകുപ്പനുസരിച്ചാണ് ഈ പറയുന്നതെന്നും ഇത്രയും വര്‍ഷമായിട്ടും ഒരു ഉദ്യോഗസ്ഥനും തങ്ങളുടെ വാഹനത്തിനെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടില്ലെന്നും അയാള്‍ ഭീഷണിപ്പെടുത്തി. അയാള്‍ മദ്യപിച്ചിരുന്നതായും സംശയമുണ്ടായിരുന്നു.
ഇതിനുശേഷമാണ് താന്‍ പറഞ്ഞ കാര്യങ്ങള്‍ എഴുതിനല്‍കണമെന്ന് അയാള്‍ ആവശ്യപ്പെട്ടത്. അങ്ങനെയാണ് ബോര്‍ഡിനെ സംബന്ധിച്ച കാര്യങ്ങള്‍ എഴുതി നല്‍കിയത്. കൃത്യമായി അളന്നുനോക്കിയിട്ട് മാത്രമേ ബോര്‍ഡിന്റെ വിശദാംശങ്ങള്‍ എഴുതിനല്‍കാനാവൂ. അതിനാലാണ് കൃത്യമായി ബോര്‍ഡിന്റെ അളവ് രേഖപ്പെടുത്തിയത്.
24000 സെന്റിമീറ്റര്‍ സ്‌ക്വയര്‍ എന്ന അളവ് കൃത്യമായി രേഖപ്പെടുത്തിയിരുന്നു. 24000 എന്നത് പിഴത്തുകയല്ല. അത് ബോര്‍ഡിന്റെ ഏരിയയാണ്. ഒരു സെന്റിമീറ്റര്‍ സ്‌ക്വയറിന് 20 പൈസയാണ് ഫീസ് അടക്കേണ്ടത്. അങ്ങനെയാണെങ്കില്‍ 4800 രൂപയേ വരികയുള്ളൂ. ഈ പണം ഒരു വര്‍ഷത്തേക്ക് ബോര്‍ഡ് വെക്കുന്നതിനുള്ള തുകയാണ്.' അതും മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ക്കല്ല ഈ തുക നല്‍കേണ്ടതെന്നും ആര്‍.ടി. ഓഫീസില്‍ പണമടച്ചാണ് രസീത് കൈപ്പറ്റേണ്ടതെന്നും എ.എം.വി. ഷീബ വ്യക്തമാക്കി.
വാഹനത്തിന്റെ പുറകിലും മുന്നിലുമായി അശ്വതി എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നു. അത് മോട്ടോര്‍ വാഹന നിയമം 191-ന്റെ ലംഘനമാണ്. അതുകൊണ്ട് 160 X 150 = 24,000 അളവിന്റെ ഫീസ് ഈടാക്കേണ്ടതാണ്. ഇതാണ് രസീതില്‍ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞദിവസമാണ് 'ആലുവ അശ്വതി' എന്ന നാടകസംഘത്തിന്റെ വാഹനത്തിന് മോട്ടോര്‍ വാഹന വകുപ്പ് 24000 രൂപ പിഴ ഈടാക്കിയെന്ന ആരോപണം ഉയര്‍ന്നത്. ഇതുസംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലും വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. എ.എം.വി. വാഹനം പരിശോധിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍ നാടകസംഘം ആരോപിക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും തെറ്റാണെന്നാണ് വാഹനം പരിശോധിച്ച എ.എം.വി. ഷീബയുടെ നിലപാട്. കഴിഞ്ഞ രണ്ടുവര്‍ഷമായി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ ജോലിചെയ്യുന്ന ഷീബ തൃശ്ശൂര്‍ മണ്ണുത്തി സ്വദേശിനിയാണ്.
അതേസമയം, ബോര്‍ഡ് വെച്ചതിന് 24000 രൂപ കോടതിയില്‍ അടപ്പിക്കുമെന്ന് എ.എം.വി. ഭീഷണിപ്പെടുത്തിയെന്ന് അശ്വതി നാടകസംഘം ഭാരവാഹി ഉണ്ണി ജയന്തന്‍ പ്രതികരിച്ചു. ബോര്‍ഡ് വെക്കാന്‍ അനുമതിയുണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. ഇതിന് അനുമതി വാങ്ങണമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. അത് ഉദ്യോഗസ്ഥയോട് പറയുകയും ചെയ്തു. എന്നാല്‍ ബോര്‍ഡ് വെച്ചതിന് പിഴ അടക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. പിഴ നല്‍കില്ലെന്നും വേണമെങ്കില്‍ കേസ് എടുത്തോളൂ എന്നും പറഞ്ഞപ്പോഴാണ് ബോര്‍ഡ് അളന്ന് രസീതി എഴുതിത്തന്നത്. അവിടെവെച്ച് പിഴ അടക്കാത്തതില്‍ എ.എം.വി. രോഷാകുലയായാണ് പ്രതികരിച്ചതെന്നും നിയമം അറിയില്ലെങ്കില്‍ പിഴ അടപ്പിക്കുമെന്നാണ് പറഞ്ഞതെന്നും ഉണ്ണി ജയന്തന്‍ വ്യക്തമാക്കി. സംഭവസ്ഥലത്തുവെച്ച് എ.എം.വി. പിഴ വാങ്ങിയിട്ടില്ലെന്നതും അദ്ദേഹം സ്ഥിരീകരിച്ചു.
Content Highlights: penalty for drama troupe vehicle; triprayar amv sheeba denied allegations
Published: 05 Mar 2020, 05:03 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented