തിരുവനന്തപുരം: ലൈസൻസ് വിതരണച്ചുമതല ഡ്രൈവിങ് സ്‌കൂളുകാരെ ഏൽപ്പിച്ച വെഹിക്കിൾ ഇൻസ്‌പെക്ടറെ വിരമിക്കുന്നതിന് മണിക്കൂറുകൾ ബാക്കിനിൽക്കേ സസ്‌പെൻഡ് ചെയ്തു. കൊല്ലം ആർ.ടി. ഓഫീസിലെ ഇൻസ്‌പെക്ടർ ജി.കെ. അജയകുമാറിനെയാണ് ട്രാൻസ്‌പോർട്ട് കമ്മിഷണർ സസ്‌പെൻഡ് ചെയ്തത്.

To advertise here,

ശനിയാഴ്ച വൈകീട്ട് യാത്രയയപ്പ് ചടങ്ങുകൾ തുടങ്ങാനിരിക്കേയാണ് സസ്‌പെൻഷൻ ഉത്തരവിറങ്ങിയത്. വകുപ്പുതല അന്വേഷണത്തിൽ ഡ്രൈവിങ് ലൈസൻസ് വിതരണത്തിൽ ഗുരുതരക്രമക്കേടുകൾ കണ്ടെത്തിട്ടുണ്ട്. വിദേശ ലൈസൻസുള്ളവർക്ക് തത്തുല്യ ലൈസൻസ് നൽകാനുള്ള അധികാരം ഉപയോഗിച്ച് ഒട്ടേറെപ്പേർക്ക് അനധികൃതമായി ലൈസൻസ് നൽകിയതായി കണ്ടെത്തി.

കാറിന്റെ വിദേശ ലൈസൻസുമായി വരുന്നവർക്ക് ഇരുചക്രവാഹന ലൈസൻസുകൂടി നൽകിയിട്ടുണ്ട്. ആശ്രാമത്തെ ഡ്രൈവിങ് സ്‌കൂളിന്റെ കംപ്യൂട്ടറിൽനിന്ന് തുടർച്ചയായി ഉദ്യോഗസ്ഥന്റെ ഐ.ഡി. ഉപയോഗിച്ച് വാഹൻ-സാരഥി സോഫ്റ്റ്വേറിൽ പ്രവേശിച്ചതായും കണ്ടെത്തി.

ക്രമക്കേടുകളെക്കുറിച്ചുള്ള 'മാതൃഭൂമി' വാർത്തയെത്തുടർന്നാണ് കമ്മിഷണർ അന്വേഷണത്തിന് ഉത്തരവിട്ടത്. വിരമിക്കാൻ അവസരം ഒരുക്കുന്നതിന് സസ്‌പെൻഷൻ വൈകിപ്പിക്കാൻ ചിലർ ശ്രമിച്ചിരുന്നു. അച്ചടക്കനടപടി സംബന്ധിച്ച ഫയലുകൾ വൈകിയതിനെത്തുടർന്ന് കമ്മിഷണർ ഇടപെട്ടതോടെയാണ് നടപടി ഉണ്ടായത്.

ക്ഷേമനിധി വെട്ടിപ്പിൽ ഒട്ടേറെപ്പേർക്ക് പങ്ക്

കൊല്ലം ആർ.ടി. ഓഫീസിലെ രജിസ്ട്രേഷൻ, ക്ഷേമനിധി ക്രമക്കേടുകളിൽ ഒട്ടേറെ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി കണ്ടെത്തി. സ്ഥലംമാറിപ്പോയവർ ഉൾപ്പെടെ 15 പേരോട് വിശദീകരണം തേടിയിട്ടുണ്ട്.