തിരുവനന്തപുരം: വാഹനപ്പെരുപ്പവും ജോലിഭാരവും പരിഗണിച്ച് മോട്ടോർവാഹന വകുപ്പിൽ 259 ഇൻസ്പെക്ടർ തസ്തികകൾകൂടി സൃഷ്ടിക്കാൻ ഗതാഗത കമ്മിഷണറുടെ ശുപാർശ. ഓഫീസുകളിൽ 92 ഇൻസ്പെക്ടർമാരെയും 167 അസി. ഇൻസ്പെക്ടർമാരെയുമാണ് അധികമായി വേണ്ടത്.
ഇതിൽ 56 പേർ ഓഫീസുകളിലേക്കും 111 പേർ റോഡപകടങ്ങൾ തടയുന്നതിനുള്ള എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലേക്കുമാണ്. പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണമെന്നാണ് ശുപാർശ. അസി. ഇൻസ്പെക്ടർ തസ്തികയിലേക്ക് റാങ്ക് പട്ടിക നിലവിലുണ്ട്. ഇൻസ്പെക്ടർ വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റമാണു നൽകുന്നത്.
ഓഫീസുകളിലേക്ക് 57 ക്ലർക്കുമാരുടെ തസ്തികകൂടി സൃഷ്ടിക്കണമെന്ന് കമ്മിഷണർ സർക്കാരിനു നൽകിയ ശുപാർശയിൽ പറയുന്നു. പുതിയ തസ്തികകൾക്ക് വർഷം 12.30 കോടി രൂപയുടെ അധികബാധ്യതയാണ് പ്രതീക്ഷിക്കുന്നത്. സേഫ് കേരള സ്‌ക്വാഡ് രൂപവത്കരണത്തിനു ശേഷം വൻ വിപുലീകരണത്തിനാണ് മോട്ടോർവാഹന വകുപ്പ് ഒരുങ്ങുന്നത്.
പുതിയതായി രൂപവത്കരിച്ച ഏഴ് താലൂക്കുകളിൽ സബ് ആർ.ടി. ഓഫീസുകൾ രൂപവത്കരിച്ചതും ഉദ്യോഗസ്ഥരുടെ കുറവിനിടയാക്കിയിട്ടുണ്ട്. ഇവയിലേക്കുള്ള പുതിയ തസ്തികകളും ശുപാർശയിലുണ്ട്.1.89 കോടി വാഹനങ്ങളുള്ള സംസ്ഥാനത്ത് ആനുപാതികമായി ഉദ്യോഗസ്ഥരില്ലാത്തത് അപേക്ഷകളിൽ കാലതാമസത്തിന് ഇടയാക്കുന്നുണ്ട്. ആർ.ടി. ഓഫീസുകളിൽ ദിവസം ശരാശരി 500 അപേക്ഷകളും സബ് ഓഫീസുകളിൽ 260 അപേക്ഷകളും എത്തുന്നുണ്ട്. മലപ്പുറത്തെ ഓഫീസുകളിൽ ഇതിന്റെ ഇരട്ടി അപേക്ഷകളുണ്ട്.
ഒരു ഇൻസ്പെക്ടർക്ക് ദിവസം പരമാവധി 40 ഡ്രൈവിങ് ടെസ്റ്റായി നിജപ്പെടുത്തിയതോടെ അപേക്ഷകരുടെ കാത്തിരിപ്പ് ഗണ്യമായി കൂടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് കൂടുതൽ അപേക്ഷകരുള്ളത്.അതേസമയം, തസ്തിക സൃഷ്ടിക്കുന്നതിനെ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം എതിർക്കുന്നുണ്ട്. ഇൻസ്പെക്ടർ തസ്തിക കൂട്ടുന്നതുകൊണ്ട് വകുപ്പിനും സർക്കാരിനും പ്രയോജനമില്ലെന്നും റോഡ് സുരക്ഷയ്ക്കായി രൂപവത്കരിച്ച സേഫ് കേരള സ്‌ക്വാഡ് വിജയകരമല്ലെന്നും ഇവർ നൽകിയ പരാതിയിൽ പറയുന്നു.
നിലവിലുള്ള ഇൻസ്പെക്ടർമാരെ ഫലപ്രദമായി വിന്യസിച്ചാൽ ജോലിഭാരം കുറയ്ക്കാനാകുമെന്നും അധികച്ചെലവ് ഒഴിവാക്കാൻ കഴിയുമെന്നും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമിതി സർക്കാരിനു നൽകിയ നിവേദനത്തിൽ പറയുന്നു.
Content Highlights: Kerala`s Transport Commissioner recommends 259 new inspector posts for the Motor Vehicle Department to manage vehicle growth and workload. Learn more about the proposed changes.
Published: 05 Feb 2026, 07:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented