ദേവികുളം താലൂക്കിലെ വിനോദസഞ്ചാര മേഖലകളില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ 246 വാഹനങ്ങള്‍ക്കെതിരേ കേസെടുത്തു. 4.5 ലക്ഷം രൂപ പിഴ ഈടാക്കി. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അപകടകരമായവിധം അതിവേഗത്തിലും അശ്രദ്ധമായും ജീപ്പ് സഫാരി നടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ 'ഓപ്പറേഷന്‍ സഫാരി' പരിശോധനയിലാണ് നടപടിയെടുത്തത്.

To advertise here,

മറയൂരിലെ മുരുകന്‍മല, കാന്തല്ലൂരിലെ ഭ്രമരം പോയിന്റ് എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ മഫ്തിയിലാണ് പരിശോധന നടത്തിയത്. ഇടുക്കി ആര്‍.ടി.ഒ. പി.എം. ഷബീറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ദേവികുളം, ഉടുമ്പന്‍ചോല സബ് ആര്‍.ടി.ഒ., ഇടുക്കി ആര്‍.ടി. ഓഫീസ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ ചേര്‍ന്നായിരുന്നു പരിശോധന.

സ്വകാര്യവാഹനത്തില്‍ ടാക്‌സി വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ മഞ്ഞനിറത്തില്‍ എഴുതിച്ചേര്‍ത്ത് ചേര്‍ത്തലയില്‍നിന്ന് വിദേശികളെയും കയറ്റി മൂന്നാറിലേക്കുവന്ന വാഹനം കസ്റ്റഡിയില്‍ എടുത്തു. 

സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ മറ്റൊരു ടാക്‌സി വാഹനത്തില്‍ യാത്ര തുടരാന്‍ സൗകര്യം ചെയ്തുകൊടുത്തു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചത്, പെര്‍മിറ്റ് ഫിറ്റ്‌നസ് എന്നിവ ഇല്ലാത്തത്, ഇന്‍ഷൂറന്‍സ് ഇല്ലാത്തത്, അനധികൃത ടാക്‌സി സര്‍വീസ് തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി.