തിരുവനന്തപുരം: ഓൺലൈൻ ടാക്‌സിയുടെ പേരിൽ ഡ്രൈവർമാർ നിരത്തിൽ ഏറ്റുമുട്ടുമ്പോൾ തർക്കം രൂക്ഷമാക്കി സർക്കാർ. ഓൺലൈൻ ടാക്‌സികൾക്ക് അംഗീകാരമില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞതോടെ മൂന്നാറിൽ തുടങ്ങിയ സംഘർഷം മറ്റുസ്ഥലങ്ങളിലേക്കും വ്യാപിക്കുകയാണ്. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് ഓൺലൈൻ ടാക്‌സികൾ പ്രവർത്തിക്കുന്നതെന്ന മോട്ടോർവാഹനവകുപ്പിന്റെ വിശദീകരണവും പ്രശ്നം ഗുരുതരമാക്കി.
സംസ്ഥാനസർക്കാർ നയം മാറ്റിയില്ല
ഓൺലൈൻ ടാക്‌സികളെ നിയന്ത്രിക്കാൻ കേന്ദ്രമാണ് 2020-ൽ മോട്ടോർ വെഹിക്കിൾസ് അഗ്രഗേറ്റർ പോളിസി ആവിഷ്‌കരിച്ചത്. ഇതനുസരിച്ച് സംസ്ഥാനസർക്കാരും മാർഗനിർദേശം തയ്യറാക്കി ലൈസൻസ് നൽകണം.
2024 ഏപ്രിലിലാണ് സംസ്ഥാനനയം വന്നത്. 2025 ജൂലായിൽ കേന്ദ്രസർക്കാർ നയം പുതുക്കിയെങ്കിലും സംസ്ഥാനസർക്കാർ മാറ്റംവരുത്തിയില്ല. ആരും ലൈസൻസിന് അപേക്ഷിച്ചിട്ടില്ലെന്ന് ഗതാഗതവകുപ്പ് പരാതിപ്പെടുന്നുണ്ടെങ്കിലും നയം പുതുക്കി ഇറക്കാതെ ലൈസൻസ് നൽകാൻ കഴിയില്ല.
ലൈസൻസ്: നിരക്ക് നിയന്ത്രിക്കാൻ
ഓട്ടോ, ടാക്‌സി നിരക്ക് നിശ്ചയിക്കുന്നത് സംസ്ഥാനസർക്കാരാണ്. ഇതേരീതിയിൽ ഓൺലൈൻ ടാക്‌സി നിരക്ക് നിയന്ത്രിക്കാനാണ് ലൈസൻസ് ഏർപ്പെടുത്തിയത്. ഇൻഷുറൻസും ഫിറ്റ്‌നസുമുള്ള വാഹനങ്ങൾ, മികച്ച ഡ്രൈവർമാർ, സ്ത്രീയാത്രക്കാരുടെ സുരക്ഷ, എന്നിവ ഉറപ്പാക്കാനുള്ള വ്യവസ്ഥകളാണ് നയത്തിലുള്ളത്. നിലവിലുള്ള രണ്ട് ഓൺലൈൻ കമ്പനികളെ സഹായിക്കാൻവേണ്ടിയാണ് ആദ്യനയം നാലുവർഷത്തോളം വൈകിപ്പിച്ചതെന്ന ആക്ഷേപമുണ്ട്.
കേരള സവാരിക്കും ലൈസൻസില്ല
സംസ്ഥാനസർക്കാരിന്റെ ഓൺലൈൻ ടാക്‌സി സംവിധാനമായ കേരള സവാരിയും ലൈസൻസിന് അപേക്ഷിച്ചിട്ടില്ല. 2022-ൽ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്ത കേരള സവാരി ഏറെക്കഴിയുംമുൻപേ പൂട്ടിയിരുന്നു. കഴിഞ്ഞയാഴ്ച വീണ്ടും പ്രവർത്തനം തുടങ്ങി. ലൈസൻസിൽ ഇളവുനൽകാനാണ് സർക്കാർ തീരുമാനം.
തടയുന്നത് നിയമവിരുദ്ധം
ഓൺലൈൻ ടാക്‌സി തടയുന്നത് നിയമവിരുദ്ധമാണ്. പെർമിറ്റ് വ്യവസ്ഥ പാലിച്ചുകൊണ്ട് എവിടെനിന്നും യാത്രക്കാരെ എടുക്കാൻ അനുമതിയുണ്ട്. ഇരുവാഹനങ്ങൾക്കും ഒരേ പെർമിറ്റും നികുതിവ്യവസ്ഥയുമാണ്. അതേസമയം തങ്ങളുടെ ഉപജീവനമാർഗം നഷ്ടമാകുന്നുവെന്നാണ് പരമ്പരാഗത ഓട്ടോ, ടാക്‌സി ഡ്രൈവർമാരുടെ പരാതി.
Content Highlights: Kerala sees heated clashes between online and traditional taxi drivers. The government`s stance on online taxi licenses sparks controversy and protests. Find out more.
Published: 12 Nov 2025, 10:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented