തിരുവനന്തപുരം: നികുതിയടയ്ക്കാതെയും പെർമിറ്റില്ലാതെയും പ്രവേശിക്കുന്ന വാഹനങ്ങൾ പിടികൂടാൻ ഓൺലൈൻ നിരീക്ഷണ സംവിധാനം വരുന്നു. 20 മോട്ടോർവാഹന ചെക്‌ പോസ്റ്റുകളിലെ ഉദ്യോഗസ്ഥവിന്യാസത്തിന് പകരമാണിത്.ചെക്‌ പോസ്റ്റുകളിലെ ചരക്ക്‌-സേവന വകുപ്പിന്റെ നിരീക്ഷണക്യാമറകളിൽ പതിയുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ മോട്ടോർവാഹനവകുപ്പിന്റെ ‘വാഹൻ’ സോഫ്റ്റ്‌വേറിലേക്ക് തത്സമയം കൈമാറി വാഹനരേഖകൾ പരിശോധിക്കുന്ന സംവിധാനമാണ് തയ്യാറാകുന്നത്.

To advertise here,

ചെക്‌ പോസ്റ്റിൽനിന്നുള്ള ചിത്രങ്ങളിൽനിന്ന്‌ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ശേഖരിച്ച് ‘വാഹൻ’ ഡേറ്റാബേസുമായി ഒത്തുനോക്കാനുള്ള സോഫ്റ്റ്‌വേർ പരീക്ഷണത്തിലാണ്. നികുതിയടയ്ക്കാത്ത വാഹനങ്ങൾ അതിർത്തികടന്നാൽ വഴിയിലുള്ള വാഹനപരിശോധനാസംഘത്തിന് ഉടൻ സന്ദേശം ലഭിക്കുന്നവിധമാണ് ക്രമീകരണം.

ചരക്കുവാഹനങ്ങൾക്ക് ജിപിഎസ് സംവിധാനം നിർബന്ധമാക്കിയിട്ടുള്ളതിനാൽ വാഹനത്തിന്റെ യാത്ര നിരീക്ഷിക്കാനാകും.സംസ്ഥാനത്തുനിന്ന്‌ പുറത്തേക്കുപോകുന്നതിനുമുൻപ്‌ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിന് വാഹനം പിടികൂടി പിഴയീടാക്കാം. ഓൺലൈനായിട്ടും പിഴ ചുമത്താം.ചെക്‌ പോസ്റ്റുകളിലെ ജോലിഭാരം കുറയ്ക്കാനും അഴിമതിയില്ലാതാക്കാനും കഴിയുന്ന സംവിധാനമാണിത്.

വിജിലൻസ് റിപ്പോർട്ടുപ്രകാരം സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ കൈക്കൂലി ഇടപാടുകൾക്ക് സാധ്യതയുള്ള സ്ഥലങ്ങളാണ് മോട്ടോർ വാഹന ചെക്‌ പോസ്റ്റുകൾ.ഒട്ടേറെത്തവണ വിജിലൻസ് സംഘം മോട്ടോർവാഹന ഉദ്യോഗസ്ഥരെ പിടികൂടിയിട്ടുണ്ട്.21 വെഹിക്കിൾ ഇൻസ്പെക്ടർമാരും 47 അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരും 61 ഓഫീസ് ജീവനക്കാരും ചെക്‌ പോസ്റ്റുകളിലുണ്ട്. ഇവരെ പുനർവിന്യസിക്കാനാകും.