നാഗ്പൂർ: എഥനോൾ (E20) ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ച് അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ നാല് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ നാഗ്പൂർ സൈബർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രമുഖ ബിഹാർ യൂട്യൂബറായ മനീഷ് കശ്യപ്, ദേശി ബോയ്‌സ് എൻസിആർ, ഹർഷിത് രാഠി, അങ്കലേഷ് ഇൻവാട്ടെ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
എഥനോൾ നയത്തിന്റെ മറവിൽ വലിയ തോതിലുള്ള അഴിമതികളും വ്യാജ ഇടപാടുകളും നടക്കുന്നുണ്ടെന്ന് ആരോപിച്ച് യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വിവാദ വീഡിയോകൾ ഇവർ പ്രചരിപ്പിച്ചതായി പോലീസ് വ്യക്തമാക്കി. നിയമം ലംഘിക്കപ്പെടുന്നു എന്ന് വരുത്തിത്തീർക്കാനും കാഴ്ചക്കാരെ കൂട്ടാനും വേണ്ടി മാത്രം ഇവർ കേന്ദ്രമന്ത്രിയുടെ പേര് ഉപയോഗിക്കുകയും, ഗഡ്കരിയുടെ എഥനോൾ നയങ്ങളെ ബോധപൂർവം തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു. ഈ വീഡിയോകൾക്ക് കൂടുതൽ ആധികാരികത ലഭിക്കുന്നതിനായി സാധാരണക്കാരുമായുള്ള വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അഭിമുഖങ്ങളും ഇവർ ഉൾപ്പെടുത്തിയിരുന്നുവെന്നും പോലീസ് ആരോപിച്ചു.
നാഗ്പൂരിലെ ബി.ജെ.പി സോഷ്യൽ മീഡിയ സെൽ മേധാവിയായ ശിശിർ ത്രിപാഠിയാണ് ഇവർക്കെതിരെ സൈബർ പോലീസിൽ പരാതി നൽകിയത്. നിതിൻ ഗഡ്കരിയുടെ രാഷ്ട്രീയവും സാമൂഹികവുമായ സൽപ്പേര് നശിപ്പിക്കാനായി ആസൂത്രിതമായി നടത്തിയ അപകീർത്തി പ്രചാരണമാണിതെന്നും, അടിസ്ഥാനരഹിതമായ വിവരങ്ങൾ വഴി ഇവർ സാമൂഹിക സൗഹാർദം തകർക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇവർ പ്രചരിപ്പിച്ച വിവരങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വീഡിയോകളിൽ പറയുന്ന തട്ടിപ്പ് കേസുകളുമായോ സംഭവങ്ങളുമായോ ഗഡ്കരിക്ക് യാതൊരു ബന്ധവുമില്ലെന്ന് പോലീസ് വ്യക്തമാക്കി. ഈ വീഡിയോകളുടെ ഉറവിടത്തെക്കുറിച്ചും ഇതിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് ഇപ്പോൾ കൂടുതൽ സാങ്കേതിക അന്വേഷണങ്ങൾ നടത്തിവരികയാണ്.
Content Highlights: Nagpur Cyber Police have registered an FIR against four social media influencers, including prominent YouTuber Manish Kashyap, for allegedly spreading false information regarding the E20 ethanol fuel policy and defaming Union Minister Nitin Gadkari.
Published: 15 Jul 2026, 12:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented