സുരക്ഷ വർധിപ്പിക്കുന്നതിനും തടസ്സമില്ലാത്ത യാത്രാനുഭവം നൽകുന്നതിനുമായി, ദേശീയ പാതാ ശൃംഖലയിലുടനീളം ടെലികോം അധിഷ്ഠിത സുരക്ഷാ മുന്നറിയിപ്പ് സംവിധാനം അവതരിപ്പിക്കാൻ റിലയൻസ് ജിയോയുമായി എൻഎച്ച്എഐ ധാരണാപത്രം ഒപ്പുവച്ചു.

To advertise here,

ജിയോയുടെ നിലവിലുള്ള 4ജി, 5ജി നെറ്റ്‌വർക്ക് ഉപയോഗിച്ച്, സ്ഥിരം അപകടമേഖലകൾ, കന്നുകാലികൾ അലഞ്ഞുതിരിയുന്ന സ്ഥലങ്ങൾ, മൂടൽമഞ്ഞുള്ള പ്രദേശങ്ങൾ, എമർജൻസി ഡൈവേർഷനുകൾ എന്നിവയിലേക്ക് അടുക്കുമ്പോൾ യാത്രക്കാർക്ക് അവരുടെ മൊബൈൽ ഫോണുകളിൽ മുൻകൂട്ടി മുന്നറിയിപ്പുകൾ ലഭിക്കും.

ദേശീയ പാത ഉപയോക്താക്കൾക്ക് സമയബന്ധിതമായി വിവരങ്ങൾ നൽകി, വേഗതയും ഡ്രൈവിങ് രീതിയും മുൻകൂട്ടി ക്രമീകരിക്കാൻ അവരെ പ്രാപ്തരാക്കുന്നതിലൂടെ റോഡ് സുരക്ഷ ശക്തിപ്പെടുത്താനാണ് ഇത് ലക്ഷ്യമിടുന്നത്.

ദേശീയപാത ഉപയോക്താക്കൾക്ക് എസ്എംഎസ്, വാട്സാപ്പ്, കോളുകൾ എന്നിവയിലൂടെ മുന്നറിയിപ്പുകൾ അയയ്ക്കും. 'രാജ്മാർഗ് യാത്ര' മൊബൈൽ ആപ്ലിക്കേഷൻ, എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പർ 1033 എന്നിവയുൾപ്പെടെയുള്ള എൻഎച്ച്എഐയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി ഈ സംവിധാനം ഘട്ടം ഘട്ടമായി സംയോജിപ്പിക്കും.

ദേശീയ പാതകളിലോ സമീപത്തോ ഉള്ള എല്ലാ ജിയോ മൊബൈൽ ഉപയോക്താക്കൾക്കും ഈ ഓട്ടോമേറ്റഡ് സംവിധാനം പ്രവർത്തിക്കും. യാത്രക്കാർ അപകടകരമായ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഇത് അവർക്ക് മുന്നറിയിപ്പ് നൽകും.

നിലവിലുള്ള ടെലികോം ടവറുകൾ ഉപയോഗിക്കുന്നതിനാൽ റോഡരികിൽ അധിക ഹാർഡ്‌വെയറുകൾ ഇല്ലാതെ ഈ സംവിധാനം വേഗത്തിൽ വിന്യസിക്കാൻ കഴിയും. രാജ്യത്തെ 50 കോടിയിലധികം വരിക്കാർക്ക് സേവനം നൽകുന്ന ജിയോയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഈ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ പ്രയോജനപ്പെടുത്തും.

യാത്രക്കാർക്ക് സമയബന്ധിതവും വിശ്വസനീയവുമായ വിവരങ്ങൾ നൽകുന്നതിനും സുരക്ഷിതമായ ഡ്രൈവിങ് രീതികൾ മുൻകൂട്ടി സ്വീകരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ സംരംഭമെന്ന് എൻഎച്ച്എഐ ചെയർമാൻ സന്തോഷ് കുമാർ യാദവ് പറഞ്ഞു.ദേശീയ പാതയിലെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള റോഡ് സുരക്ഷാ മാനേജ്മെൻ്റിൽ ഈ സംരംഭം ഒരു പുതിയ നാഴികകല്ലാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജിയോയുടെ ടെലികോം ശൃംഖലയുടെ വ്യാപ്തി ഉപയോഗിച്ച് സമയബന്ധിതമായി സുരക്ഷാ മുന്നറിയിപ്പുകൾ വലിയ തോതിൽ നൽകാൻ ഈ സംരംഭത്തിന് കഴിയുമെന്ന് റിലയൻസ് ജിയോ പ്രസിഡൻ്റ് ജ്യോതീന്ദ്ര താക്കർ പറഞ്ഞു.

മറ്റ് ടെലികോം സേവന ദാതാക്കളുമായും എൻഎച്ച്എഐ സമാനമായ പ്രവർത്തനങ്ങൾ നടത്തും. ശക്തമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും തത്സമയ ആശയവിനിമയ സംവിധാനങ്ങളും സംയോജിപ്പിക്കുന്നതിലൂടെ, യാത്രക്കാരുടെ അവബോധം ഗണ്യമായി വർധിപ്പിക്കാനും റോഡപകടങ്ങൾ കുറയ്ക്കാനും ഈ സംരംഭം സഹായിക്കും. രാജ്യത്തുടനീളം സുരക്ഷിതവും മികച്ചതും കാര്യക്ഷമവുമായ യാത്ര സാധ്യമാക്കുന്ന നൂതനമായ പരിഹാരങ്ങൾ സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും എൻഎച്ച്എഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.