ഇനി കുഞ്ഞനെന്ന് വിളിച്ച് കളിയാക്കാൻ കഴിയില്ല ഹ്യുണ്ടായ് വെന്യുവിനെ. ആദ്യവരവിലെ പരിമിതികളെല്ലാം കാറ്റിൽപറത്തിയാണ് പുതിയ വെന്യു വന്നിരിക്കുന്നത്. നാലുമീറ്ററിൽ താഴെ നീളത്തിൽ നിർത്തി, നൽകാനുള്ളതെല്ലാം കൈയയച്ച് തരുന്നുണ്ട് പുതിയ വെന്യുവിൽ.
വീൽബേസിൽ കൂട്ടിയ എണ്ണക്കണക്ക് അകത്ത് തികച്ചും പ്രാവർത്തികമാക്കിയെന്നതാണ് പ്രധാന മാറ്റം. അതിനാൽ പഴയ ഇറുകിയിരിക്കൽ കുറഞ്ഞു. മൂന്നുപേർക്ക് കാൽതട്ടാതെയിരിക്കാം. വലിയ സ്ക്രീനടക്കം ബേസ് വേരിയന്റിൽ വരുത്തി സാധാരണക്കാർക്കുപോലും സാങ്കേതികത എത്തിച്ചിരിക്കുകയാണ് കൊറിയൻ കമ്പനി.
മെക്കാനിക്കൽ ഫീച്ചറുകളിൽ മുൻ മോഡലിനെ പിന്തുടർന്നെങ്കിലും പുതിയൊരു ഡീസൽ ഓട്ടോമാറ്റിക് വകഭേദം കൂടി എത്തിച്ച് കൈയടി നേടുന്നുണ്ട്.
പുറം മാറി
പഴയ വെന്യുവേ അല്ല. ക്രെറ്റയിലേക്ക് കുറച്ചുകൂടി അടുത്തിട്ടുണ്ട് ഒറ്റനോട്ടത്തിൽ. എച്ച് എന്ന പരിവേഷം പുതിയ തങ്ങളുടെ വാഹനങ്ങളിലെല്ലാം ഹ്യുണ്ടായ് കൊണ്ടുവരുന്നുണ്ട്. മുൻഭാഗത്ത് ട്വിൻ ഹോൺ എൽഇഡി ഡിആർഎൽ, ക്വാഡ് ബീം എൽഇഡി ഹെഡ് ലാമ്പുമെല്ലാം ചേർന്നാണ് ഡാർക്ക് ക്രോം റേഡിയേറ്റർ ഗ്രില്ല്, 16 ഇഞ്ച് വലുപ്പമുള്ള ഡയമണ്ട് കട്ട് അലോയ് വീലുകൾ, ബ്രിഡ്ജ് ടൈപ്പ് റൂഫ് റെയിൽ, ചില്ലിനുള്ളിലേക്ക് മാറിയ വെന്യു ലോഗോ എന്നിവയെല്ലാം പുതുമ പകരുന്നു.
അടുത്ത ലെവൽ അകം
സാങ്കേതിക വിദ്യയുടെ അടുത്ത തലമാണ് വെന്യുവിന്റെ അകത്തളം. ഡാഷ്ബോർഡിലെ പനോരമിക് ഡിസ്‌പ്ലേയാണ് പ്രധാന ആകർഷണം. 12.3 ഇഞ്ച് വലുപ്പത്തിലുള്ള രണ്ട് സ്ക്രീനുകളിലൊന്ന് വിനോദോപാധികളും മറ്റൊന്നും ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററുമാണ്. ഇതിനൊപ്പം അത്യാവശ്യത്തിന് നോബുകളും പാരമ്പര്യവാദികൾക്ക് ആശ്വാസമാവുന്നുണ്ട്.
അവിടെയും എച്ച് കൊണ്ടുവന്നിട്ടുണ്ട്. ഡാഷ്ബോർഡിന്റെ ആകൃതി തന്നെ എച്ച് രൂപത്തിലാണ്. എൻ ലൈനൊഴിച്ചുള്ള വെന്യുവിന്റെ സ്റ്റിയറിങ്ങിലും മോസ് കോഡിലെ എച്ച് സൂചിപ്പിക്കുന്ന നാല് കുത്തുകൾ കാണാം. കോഫ് ടേബിൾ സെന്റർ കൺസോൾ, ആംബിയന്റ് ലൈറ്റിങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് അഡ്ജസ്റ്റ് ഡ്രൈവർ സീറ്റ്, 2 സ്റ്റെപ്പ് റിക്ലൈനിങ് റിയർ സീറ്റ്, റിയർ എസി വെന്റ്, റിയർ വിൻഡോ സൺഷേഡ്, ലെതർ ആവരണം നൽകിയിട്ടുള്ള ആംറെസ്റ്റ് എന്നിങ്ങനെ നീളും മറ്റ് ഫീച്ചറുകൾ.
കരുത്തിൽ മാറ്റമില്ല, ഡീസലെത്തി
മൂന്ന് എൻജിൻ ഓപ്ഷനുകളാണ് നൽകുന്നത്. 83 പിഎസ് പവറും 114 എൻഎം ടോർക്കുമേകുന്ന 1.2 ലിറ്റർ കാപ്പ എംപിഐ പെട്രോൾ, 120 പിഎസ് പവറും 172 എൻഎം ടോർക്കുമേകുന്ന 1.0 ലിറ്റർ ടർബോ ജിഡിഐ പെട്രോൾ, 116 പിഎസ് പവറും 250 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ സിആർഡിഐ ഡീസൽ എന്നിവയാണവ. മാനുവൽ, ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ.
അഴകളവിൽ ചെറിയമാറ്റം
വലുപ്പത്തിലും മുൻ മോഡലിനെക്കാൾ വ്യത്യാസമുണ്ട്. ഉയരം 48 എംഎം ഉയർത്തിയതിനൊപ്പം 30 എംഎം വീതിയും വർധിപ്പിച്ചിട്ടുണ്ട്. 20 എംഎമ്മിന്റെ വർധനയാണ് വീൽബേസിൽ വരുത്തിയിരിക്കുന്നത്. 3,995 എംഎം നീളവും 1,800 എംഎം വീതിയും 1,665 എംഎം ഉയരവും 2,520 എംഎം വീൽബേസുമാണ് പുതിയ വെന്യുവിനുള്ളത്.
സുരക്ഷയ്‌ക്കില്ല വിട്ടുവീഴ്ച
വെന്യുവും വെന്യു എൻ ലൈനും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. 21 സുരക്ഷാ സംവിധാനങ്ങളുടെ അകമ്പടിയോടെ വികസിപ്പിച്ചിരിക്കുന്ന ലെവൽ 2 അഡാസ് സ്യൂട്ട്. 70 അഡ്വാൻസ്ഡ് സുരക്ഷാ ഫീച്ചറുകളും 41 അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുമാണ് ഈ എസ്‌യുവിയിലുള്ളത്.
Content Highlights: Discover the all-new Hyundai Venue! With an extended wheelbase, advanced tech, improved interior, and enhanced safety, it`s no longer a compact. Explore the new Venue today!
Published: 23 Nov 2025, 10:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented