പയ്യന്നൂർ: ആറുവരിപ്പാതയ്ക്കും സർവീസ് റോഡിനും മുകളിലൂടെ കൂടുതൽ സ്ഥലങ്ങളിൽ മേൽനടപ്പാത (ഫൂട്ട് ഓവർ ബ്രിഡ്ജ്) വരുന്നു. ദേശീയപാത മുറിച്ചുകടക്കാൻ അടിപ്പാതയ്ക്ക് മുറവിളി ഏറിയ സാഹചര്യത്തിലാണ് അവസാന ശ്രമമായി മേൽനടപ്പാത വരുന്നത്. നടപ്പാതയ്ക്ക് 45 മീറ്റർ നീളമുണ്ട്. 1.8 മീറ്ററാണ് പടികളിറങ്ങുന്ന സ്ഥലത്തിന്റെ വീതി. മുകളിൽ പാലത്തിന്റെ വീതി 2.4 മീറ്ററാണ്.

To advertise here,

നിലവിൽ 100 ശതമാനം പ്രവൃത്തി പൂർത്തിയായ തലപ്പാടി-ചെങ്കള (39 കി.മി.) റീച്ചിൽ അഞ്ച് പുതിയ മേൽനടപ്പാത നിർമിക്കും. ഗോവിന്ദ പൈ കോളേജ്, കാസർകോട് സിപിസിആർഐ, മൽഹർ, കനില ടെമ്പിൾ, മൊഗ്രാൽപുത്തൂർ കുന്നിൽ, അട്ക്കത്ത് ബയൽ എന്നിവിടങ്ങളിലാണ് വരുന്നത്. ഇതിനുപുറമെ നാലെണ്ണംകൂടി വരുമെന്ന് എൻജിനീയർമാർ പറഞ്ഞു. നിലവിൽ 10 എണ്ണമാണ് ഈ റീച്ചിലുള്ളത്. ആദ്യ രൂപകല്പന പ്രകാരം മൂന്ന് മേൽനടപ്പാതയാണുണ്ടായിരുന്നത്.

പിന്നീട് ഏഴെണ്ണത്തിന് കൂടി നിർദേശം വരികയായിരുന്നു. തളിപ്പറമ്പ് -മുഴപ്പിലങ്ങാട് (30 കി.മി.) റീച്ചിൽ അഞ്ച് മേൽനടപ്പാതകളാണ് ഉയരുന്നത്. കല്യാശ്ശേരി, എടക്കാട് മഠം റോഡ്, ഒ.കെ.സ്‌കൂൾ പരിസരം, നടാൽ മാതൃഭൂമിക്ക് സമീപം, ആസ്റ്റർ മിംസ് എന്നിവിടങ്ങളിൽ. ചില സ്ഥലങ്ങളിൽ ഇപ്പോൾ വലിയ അടിപ്പാതയ്ക്കുവേണ്ടി സമരം നടക്കുകയാണ്.

ചെങ്കള-തളിപ്പറമ്പ് (77 കി.മീ.) രണ്ട് റീച്ചുകളിലായി ആകെ അഞ്ച് മേൽനടപ്പാതയാണ് ഉയരുക. ചെങ്കള-നീലേശ്വരം (37 കി.മീ.) റീച്ചിൽ നിരവധി സ്ഥലങ്ങളിൽ പുതിയ മേൽനടപ്പാലത്തിന് ആവശ്യമേറി. നീലേശ്വരം-തളിപ്പറമ്പ് (40 കി.മീ.) റീച്ചിൽ പയ്യന്നൂർ സെൻട്രൽ സ്‌കൂളിനടുത്ത് നിർമാണം തുടങ്ങി. എന്നാൽ ഈ റീച്ചിൽ അടിപ്പാതയ്ക്കും മേൽനടപ്പാതയ്ക്കും വേണ്ടി സമരം നടക്കുന്നു.