മുംബൈ: സര്‍ക്കാര്‍ പ്രത്യേകനിരക്കുകള്‍ തീരുമാനിക്കുന്നതുവരെ കറുപ്പും മഞ്ഞയും നിറങ്ങളിലുള്ള ടാക്‌സികളുടെ അടിസ്ഥാനനിരക്ക് പിന്തുടരാന്‍ ആപ്പ് അധിഷ്ഠിത ടാക്‌സി, ഓട്ടോറിക്ഷ സര്‍വീസുകള്‍ക്ക് ഗതാഗത അതോറിറ്റി നിര്‍ദേശം നല്‍കി. ഉബര്‍, ഒല, റാപ്പിഡോ എന്നീ മൂന്നു സ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം. 

To advertise here,

കറുപ്പും മഞ്ഞയും നിറങ്ങളിലുള്ള ടാക്‌സികളുടെ നിലവിലുള്ള നിരക്ക് നോണ്‍ എസി വാഹനങ്ങള്‍ക്ക് കിലോമീറ്ററിന് 20.66 രൂപയും എസി വാഹനങ്ങള്‍ക്ക് കിലോമീറ്ററിന് 22.72 രൂപയുമാണ്. ആപ്പ് അധിഷ്ഠിത ടാക്‌സികള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഈ നിരക്ക് ബാധകമായിരിക്കും. സര്‍ക്കാര്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കുന്നതുവരെ മൂന്നു കമ്പനികള്‍ക്കും ഇത് അടിസ്ഥാനനിരക്കായിരിക്കും. 

ഡിമാന്‍ഡ് കുറവായിരിക്കുമ്പോള്‍ അടിസ്ഥാനനിരക്കില്‍ 25 ശതമാനം കിഴിവ് നല്‍കാമെന്നും ഉയര്‍ന്ന ഡിമാന്‍ഡുള്ള കാലയളവില്‍ 1.5 മടങ്ങ് വര്‍ധന അനുവദനീയമാണെന്നും എംഎംആര്‍ടിഎ സെക്രട്ടറി ഭാരത്കലാസ്‌കര്‍ പറഞ്ഞു. യാത്രക്കൂലിയുടെ 80 ശതമാനം വിഹിതം ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. ആപ്പ് അധിഷ്ഠിത ടാക്‌സി, ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ യൂണിയനുകളുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ഗതാഗത അതോറിറ്റി തീരുമാനമെടുത്തതെന്ന് അറിയുന്നു. 

സര്‍ക്കാര്‍ നിരക്കുവര്‍ധന അനുവദിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ സംവിധാനത്തില്‍ യാത്രക്കാര്‍ കിലോമീറ്ററിന് കുറഞ്ഞത് അഞ്ചുരൂപ അധികമായി നല്‍കേണ്ടിവരും. നിലവില്‍, ആപ്പ് അധിഷ്ഠിത അഗ്രഗേറ്റര്‍മാര്‍ ചെറിയ ക്യാബുകള്‍ക്ക് 15-16 രൂപ അടിസ്ഥാനനിരക്കില്‍ യാത്രകള്‍ വാഗ്ദാനംചെയ്യുന്നു.