അബുദാബി: എമിറേറ്റിൽ കൂടുതലിടങ്ങളിലേക്ക് റോബോ ടാക്‌സി സേവനങ്ങൾ വ്യാപിപ്പിക്കാൻ തീരുമാനം. ഖലീഫ സിറ്റി, മസ്ദാർ, റബ്ദാൻ എന്നിവിടങ്ങളിലേക്ക് റോബോടാക്‌സി സേവനങ്ങൾ എത്തിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐ.ടി.സി.) അധികൃതർ അറിയിച്ചു. സ്മാർട്ട് മൊബിലിറ്റി നെറ്റ്വർക്ക് ശക്തിപ്പെടുത്തുന്നതിനും സുസ്ഥിര ഗതാഗതലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള അബുദാബിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്.

To advertise here,

2021-ൽ യാസ്, അൽ സാദിയാത്ത്, അൽ റീം, അൽ മരിയ ദ്വീപുകൾ, സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ റോബോ ടാക്‌സികൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് തുടങ്ങിയിരുന്നു. റോബോ ടാക്‌സികൾക്ക് ലഭിച്ച മികച്ച സ്വീകാര്യതയെതുടർന്നാണ് ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നത്. ഇതിനുപുറമേ അബുദാബി കോർണിഷിനെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കുമായി ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.

ഇത് താമസക്കാർക്കും സന്ദർശകർക്കും കൂടുതൽ സൗകര്യപ്രദമാകും. പ്രാദേശിക ഓപ്പറേറ്ററായ തവാസുൽ ട്രാൻസ്പോർട്ടുമായി സഹകരിച്ച് വീറൈഡിനും ഉബറിനുമാണ് ഈ സേവനത്തിന്റെ ചുമതല. വർധിച്ചുവരുന്ന ജനങ്ങളുടെ ആവശ്യം നിറവേറ്റുക, റോബോ ടാക്‌സികളുടെ വളർച്ചയെ പിന്തുണക്കുക, പ്രകടന കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് വിപുലീകരണം നടപ്പാക്കുന്നതെന്ന് ഐ.ടി.സി. അധികൃതർ പറഞ്ഞു.

കഴിഞ്ഞവർഷം റോബോ ടാക്‌സികളുടെ യാത്രകളുടെ എണ്ണത്തിൽ ഏകദേശം 150 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. ഇതിന് കാരണം സ്മാർട്ട് സാങ്കേതികവിദ്യകളിലുള്ള ഉപയോക്തൃ ആത്മവിശ്വാസം വർധിച്ചതാണ്. കൂടാതെ വാഹനങ്ങൾ 99.9 ശതമാനം സുരക്ഷാ നിരക്കും കൈവരിച്ചുവെന്നും അധികൃതർ വിശദീകരിച്ചു. ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട ജുമൈറ, ഉംസുഖീം എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞവർഷം മുതൽ റോബോ ടാക്‌സികൾ ഓടുന്നുണ്ട്.

ഉബർ ആപ്പ് ഉപയോഗിച്ച് റോബോ ടാക്‌സി ബുക്ക് ചെയ്യാം. ലോകമെമ്പാടും പരീക്ഷിച്ച് വിജയിച്ചതിനുശേഷമാണ് സേവനം ദുബായിലേക്ക് വ്യാപിപ്പിച്ചത്. 2030-ഓടെ ആയിരക്കണക്കിന് റോബോ ടാക്‌സികൾ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. മിഡിലീസ്റ്റിലും ആഗോളതലത്തിലും റോബോ ടാക്‌സികൾ ഒരുക്കും. 2030-ഓടെ 25 ശതമാനം ഓട്ടോണമസ് യാത്രകളാക്കുക എന്ന ദുബായ്യുടെ ലക്ഷ്യവും ഇതിലൂടെ സാക്ഷാത്കരിക്കപ്പെടും.