ദുബായ്: അടുത്ത മാസം മുതൽ ഊബർ ആപ്പ് മുഖേന ജുമൈരയിൽ ഡ്രൈവറില്ലാ ടാക്സികൾ ബുക്ക് ചെയ്യാം. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ), ബൈദു, ഊബർ ടെക്‌നോളജീസ് എന്നിവ സംയുക്തമായി സഹകരിച്ചാണ് അപ്പോളോ ഗോ സ്വയംനിയന്ത്രിത വാഹന സേവനങ്ങൾ നൽകാനൊരുങ്ങുന്നത്.

To advertise here,

ജുമൈരയിലെ ചില പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ സേവനങ്ങൾ നൽകുക. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ എമിറേറ്റിന്റെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ഊബർ ആപ്പിലെ 'ഓട്ടോണമസ്' എന്ന ഓപ്ഷൻ തിരഞ്ഞെടുത്താണ് വാഹനം ബുക്ക് ചെയ്യേണ്ടത്. 2030-ഓടെ എമിറേറ്റിലെ മൊത്തം യാത്രകളുടെ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളിലാക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്.

ലോകമെമ്പാടും സുരക്ഷിതവും കാര്യക്ഷമവുമായ ഡ്രൈവറില്ലാ വാഹനങ്ങൾ വിന്യസിക്കാനുള്ള ദൗത്യത്തിലെ നിർണായക ചുവടുവയ്പ്പാണ് അപ്പോളോ ഗോ ഊബർ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കാനൊരുങ്ങുന്നതെന്ന് ബൈദു വൈസ് പ്രസിഡന്റും ഓവർസീസ് ബിസിനസ് യൂണിറ്റ് ജനറൽ മാനേജരുമായ നാൻ യാങ് പറഞ്ഞു. കഴിഞ്ഞ ജൂലായിലാണ് അപ്പോളോ ഗോയും ഊബറും തമ്മിൽ ഇതുസംബന്ധിച്ച് ധാരണയായത്.

ഡ്രൈവറില്ലാ വാഹന സേവനങ്ങൾ വിപുലീകരിക്കാൻ ഈ സഹകരണം സംഭാവനകൾ നൽകും. സ്വയം നിയന്ത്രിത വാഹന സേവനങ്ങൾ വർധിപ്പിക്കുന്നതിന് ബൈദുവുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഊബറിലെ ഓട്ടോണമസ് ഗ്ലോബൽ ഹെഡ് സർഫ്രാസ് മറേഡിയ പറഞ്ഞു. ദുബായിയുടെ ഭാവി ഗതാഗതം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിന് നൂതന യാത്രാ മാർഗങ്ങൾ സംഭാവനകൾ നൽകുമെന്നാണ് വിലയിരുത്തൽ. പോണി.എ.ഐ., ഊബർ, ബൈദു അപ്പോളോ ഗോ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് 100 ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കാനാണ് ആർ.ടി.എ. ലക്ഷ്യമിടുന്നത്.

അടുത്ത വർഷാവസാനത്തോടെ യു.എ.ഇയിലും സൗദി അറേബ്യയിലുമായി ഏകദേശം 1200 റോബോ ടാക്സികൾ വിന്യസിക്കുമെന്ന് സ്വയംനിയന്ത്രിത വാഹന സാങ്കേതികവിദ്യ സ്ഥാപനമായ വി റൈഡ് അധികൃതർ അറിയിച്ചിട്ടുണ്ട്. അബുദാബി, ദുബായ്, റിയാദ് എന്നിവിടങ്ങളിലാണ് ടാക്സികൾ വിന്യസിക്കാനൊരുക്കുന്നത്. ഊബർ ആപ്പ് വഴി ടാക്സികൾ ലഭ്യമാക്കാനാണ് പദ്ധതി. നിലവിൽ 200-ലേറെ റോബോ ടാക്സികൾ പ്രദേശങ്ങളിലുണ്ട്. ഡ്രൈവറില്ലാ വാഹനങ്ങളുടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ഭാവിയിൽ റോബോ ടാക്സികളുടെ നിര വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.