ഹൈദരാബാദ്: രാജ്യത്ത് ബിരിയാണി ശൃംഖലകൾ കേന്ദ്രീകരിച്ച് വൻ നികുതിവെട്ടിപ്പ് നടന്നതായി റിപ്പോർട്ട്. ഹൈദരാബാദിലെ പ്രമുഖ ഹോട്ടലുകളിൽ ആദായനകുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് നികുതിവെട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
രാജ്യത്തെ 1.77 ലക്ഷം റസ്റ്റോറന്റുകളുടെ ഡാറ്റ ശേഖരിച്ച് എഐ ടൂളുകളുടേയും ബിഗ് ഡേറ്റാ അനാലിസിസിന്റെയും സഹായത്തോടെ നടത്തിയ പരിശോധനയിൽ 70,000 കോടിയിലേറെ രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി തെളിഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2019-20 സാമ്പത്തികവർഷം മുതലുള്ള കണക്കാണ് പരിശോധനയ്ക്കായി ആദായനികുതി വകുപ്പ് എടുത്തത്.
ബില്ലിങ് സോഫ്റ്റ്വെയറുകളിൽ കൃത്രിമം കാട്ടിയാണ് ഇത്തരത്തിൽ നികുതിവെട്ടിപ്പ് നടത്തിയിരിക്കുന്നത്. ഡിജിറ്റൽ ഇടപാടിലും നേരിട്ടുള്ള ഇടപാടിലും ഇത്തരത്തിൽ നികുതിവെട്ടിപ്പ് നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
കടകളിലേക്ക് വരുന്ന ഇടപാടുകാർക്ക് ആനുപാതികമായി നികുതി ലഭിക്കുന്നില്ലെന്ന് സംശയം തോന്നിയതിന് പിന്നാലെയാണ് ആദായനികുതി വകുപ്പ് പരിശോധനയിലേക്ക് കടന്നത്. 1.77 ലക്ഷം റെസ്റ്റോറന്റുകളിൽനിന്നും 60 ടെറാ ബൈറ്റ് അളവിലുള്ള ഇടപാട് വിവരങ്ങൾ ശേഖരിച്ച് അത് എഐ ടൂളുകളുടേയും ബിഗ് ഡേറ്റ അനാലിസിസിന്റേയും സഹായത്തോടെ ആഴത്തിൽ പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്.
13000 കോടി രൂപയോളം വരുന്ന ബില്ലുകൾ പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് നീക്കംചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ആറുവർഷമായി 19400 കോടി രൂപയോളം വരുന്ന ബില്ലുകളിൽ തിരുത്തലുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
തമിഴ്നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് നികുതിവെട്ടിപ്പുകൾ ഏറെയും നടന്നിരിക്കുന്നത്. കർണാടകയിൽ 2000 കോടിയോളം രൂപയുടെ ബില്ലുകളിലാണ് കൃത്രിമം നടത്തിയത്. തെലങ്കാനയിൽ 1500 കോടി, തമിഴ്നാട് 1200 കോടി എന്നിങ്ങനെയാണ് കണക്കുകൾ. ചില റെസ്റ്റോറന്റുകൾ അവരുടെ വിൽപ്പന കുറച്ചുകാണിച്ചിട്ടുണ്ടെങ്കിലും ബില്ലുകൾ ഡിലീറ്റ് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമികാന്വേഷണത്തിൽ ആകെ വിറ്റുവരവിന്റെ 27 ശതമാനമെങ്കിലും കുറച്ചുകാണിച്ചുവെന്നാണ് കരുതുന്നത്.
Content Highlights: AI Uncovers Massive Tax Evasion Scam in Indian Restaurant Chains
Published: 19 Feb 2026, 06:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented