കൊച്ചി: അങ്കമാലിയിൽ റെയിൽവേ സ്റ്റേഷന് സമീപം വൻ തീപ്പിടിത്തം. ബാബൂസ് ട്രേഡ് ലിങ്ക്‌സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിനാണ് തീ പിടിച്ചത്. ഓണവിപണിയിലേക്കുള്ള ലക്ഷക്കണക്കിന് സാധനങ്ങൾ കത്തിനശിച്ചു. ഗോഡൗണിനുള്ളിൽ ഉണ്ടായിരുന്ന തൊഴിലാളികൾ തീ കണ്ട ഉടൻ ഓടിരക്ഷപ്പെട്ടതിനാൽ ആളപായമില്ല. അതേസമയം തീപ്പിടിത്തത്തെ തുടർന്ന് അങ്കമാലി-ആലുവ ദേശീയപാതയിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. ദേശീയപാതയോരത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.

To advertise here,

ഉത്രാടദിനമായ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. പലചരക്ക് സാധനങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ, സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീ പടർന്നത്. ഓണക്കാലത്തെ വലിയ കച്ചവടം മുന്നിൽക്കണ്ട് സാധാരണ സംഭരിക്കുന്നതിനേക്കാൾ കൂടുതൽ സാധനങ്ങൾ ഇവിടെ സൂക്ഷിച്ചിരുന്നു. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും എളുപ്പത്തിൽ തീപ്പിടിക്കുന്ന മറ്റ് വസ്തുക്കളും ഗോഡൗണിൽ ഉണ്ടായിരുന്നതിനാൽ തീ അതിവേഗം ആളിപ്പടരുകയായിരുന്നു.

വിവരമറിഞ്ഞ് അങ്കമാലി ഫയർ സ്റ്റേഷനിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി നാല് യൂണിറ്റ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപ്പിടിത്തമുണ്ടായ സ്ഥലം അങ്കമാലി ഫയർ സ്റ്റേഷന് അധികം ദൂരെയല്ലാതിരുന്നിട്ടും, പ്ലാസ്റ്റിക് വസ്തുക്കൾ കത്തിയുണ്ടായ കനത്ത പുകയും തീയുടെ തീവ്രതയും കാരണം ആദ്യഘട്ടത്തിൽ ഗോഡൗണിന് അടുത്തേക്ക് എത്തുന്നതിന് ഫയർഫോഴ്‌സിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു.

ഓണക്കാലമായതിനാൽ നേരത്തേ തന്നെ ദേശീയപാതയിൽ വലിയ തിരക്കാണുള്ളത്. തീപ്പിടിത്തം കൂടിയായപ്പോൾ ദേശീയപാത അക്ഷരാർഥത്തിൽ നിശ്ചലമായി. എന്താണ് സംഭവമെന്ന് അറിയാനും തീപ്പിടിത്തം മൊബൈലിൽ ചിത്രീകരിക്കാനുമായി ആളുകൾ വാഹനം നിർത്തുകയും ചെയ്തത് സ്ഥിതി രൂക്ഷമാക്കി. ഫയർ ഫോഴ്‌സിന്റെ വാഹനങ്ങൾ പോലും ഏറെ ബുദ്ധിമുട്ടിയാണ് സ്ഥലത്തെത്തിയത്.