എംഎൽഎ, എംപി തുടങ്ങിയ ബോർഡുകൾ വെച്ച ഭരണാധികാരികളുടെ വാഹനങ്ങൾ നിരന്തരം നിരത്തുകളിൽ കാണാറുണ്ട്. പക്ഷെ, നിയമസഭാംഗം എന്ന് പൂർണമായും മലയാളത്തിൽ എഴുതിയ ബോർഡ് വെച്ച വാഹനങ്ങൾ ആരും കണ്ടിട്ടുണ്ടാകാനിടയില്ല. എന്നാൽ, വാഹനത്തിന് മുന്നിൽ മലയാളത്തിലുള്ള ബോർഡ് വെച്ചതിന്റെ പൊല്ലാപ്പിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് തിരുവല്ല എംഎൽഎയും ജെഡിഎസ് നേതാവുമായ മാത്യു ടി തോമസ്.

To advertise here,

മാത്യു ടി തോമസ് ഉപയോഗിക്കുന്ന വാഹനത്തിന് മുന്നിൽ നിയമസഭാംഗം എന്ന് മലയാളത്തിൽ എഴുതിയ ബോർഡാണ് വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ വാഹനവുമായി നിയമസഭയിൽ എത്തിയ ശേഷം പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു വാച്ച് ആൻഡ് വാർഡ് തടഞ്ഞ സംഭവമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇത് എംഎൽഎമാരുടെ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലമാണെന്നും അത് മാത്രമേ ഇവിടെ പാർക്ക് ചെയ്യാൻ അനുവദിക്കൂവെന്നുമാണ് വാച്ച് ആൻഡ് വാർഡ് പറഞ്ഞത്.



മാത്യു ടി തോമസ് എംഎൽഎയുടെ വാക്കുകളിലേക്ക്, ഞാൻ 2018 മുതൽ ഉപയോഗിക്കുന്ന കാറാണിത്. 2.25 ലക്ഷം കിലോമീറ്റർ ഓടിയും കഴിഞ്ഞു. ഇന്ന് നിയമസഭയിൽ ചെന്ന് പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എന്നെ അത്ര പരിചയമില്ലാത്ത ഒരു വാച്ച് ആൻഡ് വാർഡ് ഡ്രൈവിങ് സീറ്റിൽ ഇരിക്കുകയായിരുന്ന എന്നോട് വളരെ വിനയത്തോടെ പറഞ്ഞു, ഇവിടെ എംഎൽഎമാരുടെ വാഹനങ്ങൾ മാത്രമേ പാർക്കിങ് അനുവദിക്കൂ.

നിയമസഭാ അംഗങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റില്ലേ എന്ന എന്റെ ചോദ്യത്തിന് ഉടനെ മറുപടി വന്നു. എംഎൽഎമാരുടെ വാഹനങ്ങൾ മാത്രമേ പറ്റൂ. എംഎൽഎ എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആകൂവെന്ന് പല തവണ എന്റെ ഡ്രൈവർ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണെന്ന് ഇന്ന് ബോധ്യപ്പെട്ടു. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷൻ കൂടിയായ ഞാൻ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നത്.