മഞ്ചേരി: ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് വീട് ജപ്തിചെയ്യാനെത്തിയ അഭിഭാഷക കമ്മിഷണറെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ നജീബ് കാന്തപുരം എം.എൽ.എ.ക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് അന്വേഷണം നടത്തണമെന്ന് കോടതി. അഭിഭാഷക കമ്മിഷണർ കെ.പി. കൃഷ്ണകുമാറിന്റെ പരാതിയിൽ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സരിത രവീന്ദ്രനാണ് എം.എൽ.എ.ക്കെതിരേ കേസെടുത്ത് അന്വേഷിക്കാൻ മേലാറ്റൂർ എസ്.എച്ച്.ഒ.യ്ക്ക് നിർദേശം നൽകിയത്.

To advertise here,

പെരിന്തൽമണ്ണ വേങ്ങൂരിലെ ഒരു വീട്ടിൽ കോടതി ഉത്തരവുപ്രകാരം ജപ്തിനടപടിക്കെത്തിയപ്പോൾ എം.എൽ.എ. മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതായി അഭിഭാഷക കമ്മിഷണർ കോടതിയിൽ പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ച് കോടതി മേലാറ്റൂർ പോലീസിനോട് വിശദീകരണം തേടുകയുംചെയ്തു.

വീട് ജപ്തിചെയ്താൽ ആത്മഹത്യചെയ്യുമെന്ന് കുടുംബം അറിയിച്ചപ്പോൾ പെട്ടെന്നുണ്ടായ വികാരപ്രകടനമാണ് എം.എൽ.എ.യുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് മേലാറ്റൂർ എസ്.എച്ച്.ഒ. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിശദീകരിച്ചത്. എം.എൽ.എ.ക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് നിയമപരമായി അന്വേഷണം നടത്തിയതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്നാണ് പരാതിയിൽ കേസ് രജിസ്റ്റർചെയ്ത് നിയമപ്രകാരം അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് എടുത്ത കോടതിയലക്ഷ്യക്കേസിൽ ഇരുഭാഗത്തിന്റെയും വാദം തിങ്കളാഴ്ച സി.ജെ.എം. കോടതിയിൽ പൂർത്തിയായി. 16-ന് വിധിപറയും. സംഭവത്തിൽ നിരുപാധികം മാപ്പുപറയുന്നതായി എം.എൽ.എ. വക്കീൽ മുഖേന കോടതിയെ അറിയിച്ചിരുന്നു.