ഫോര്‍മുല വണ്‍ താരം മൈക്കല്‍ ഷൂമാക്കര്‍ 2013-ല്‍ സ്‌കീയിങ്ങിനിടെയുണ്ടായ അപകടത്തിന് ശേഷം വിശ്രമത്തിലാണ്. ഷൂമാക്കറുടെ ആരോഗ്യസംബന്ധമായ വിവരങ്ങൾ ബന്ധപ്പെട്ടവർ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഏറെക്കാലത്തിന് ശേഷം മകള്‍ ജിനയുടെ വിവാഹ ചടങ്ങാണ് ഷൂമാക്കര്‍ പങ്കെടുത്ത ഒരു ചടങ്ങ്.

To advertise here,

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന ഷൂമാക്കറുടെ സംസാരശേഷിയടക്കം തകരാറിലാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആശയവിനിമയത്തിനായി കണ്ണുകളുടെ ചലനം മാത്രമാണ് അദ്ദേഹത്തിന് ആശ്രയം എന്നാണ് വിവരം. ഇറ്റാലിയന്‍ റിയാലിറ്റി ടി.വി ഷോയായ ഗ്രാന്‍ഡേ ഫര്‍ട്ടെല്ലോയില്‍ ആല്‍പൈന്‍ എഫ് 1 ടീം സൂപ്പര്‍വൈസറായ ഫ്‌ളാവിയോയുടെ ഭാര്യ എലിസബെറ്റായാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.

"മൈക്കലിന് സംസാരിക്കാന്‍ കഴിയില്ല, കണ്ണുകള്‍ കൊണ്ടാണ് ആശയവിനിമയം. മൂന്ന് പേര്‍ക്ക് മാത്രമാണ് ഷൂമാക്കറെ സന്ദര്‍ശിക്കാന്‍ കഴിയുക. അത് ആരൊക്കെയാണെന്ന് എനിക്കറിയാം. അവര്‍ സ്‌പെയിനില്‍ ഒരു വീട്ടിലേക്ക് താമസം മാറി, ഷൂമാക്കറുടെ ഭാര്യ അവിടെ ചെറിയൊരു ആശുപത്രിക്ക് വേണ്ട സജ്ജീകരണങ്ങളെല്ലാം നടത്തിയിട്ടുണ്ട്", എലിസബെറ്റാ റിയാലിറ്റി ഷോയില്‍ പറഞ്ഞു.

ഷൂമാക്കര്‍ കുടുംബവുമായി ബന്ധം പുലര്‍ത്തുന്ന ലോക ചാമ്പ്യന്‍ കൂടിയായ സെബാസ്റ്റ്യനും ഷൂമാക്കറിന്റെ ആരോഗ്യനില മോശമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. സ്വകാര്യത കൂടി കണക്കിലെടുത്താണ് ഷൂമാക്കറുടെ ആരോഗ്യനിലയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാത്തതെന്ന് ഷൂമാക്കറുടെ അഭിഭാഷകന്‍ പ്രതികരിച്ചു.