മലിനീകരണം തടയാന്‍ ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായതിനിടെ ശ്രദ്ധേയമായ X പോസ്റ്റായിരുന്നു ശിവരത്തന്‍ ധില്ലന്റേത്. സ്വന്തം പിതാവിന്റെ 16 വര്‍ഷം പഴക്കമുള്ള മെഴ്സിഡീസ് E280 V6 കാറിനെക്കുറിച്ചായിരുന്നു പോസ്റ്റ്. വഴിയരികില്‍ കേടായി കിടക്കുന്ന മിക്ക 'ആധുനിക കാറുകളെ'ക്കാളും ഇപ്പോഴും ശക്തമായും വൃത്തിയായും ഓടുന്നു. ഓരോ ബട്ടണും ഇപ്പോഴും പ്രവര്‍ത്തിക്കുന്നു, എഞ്ചിനോ? ഇപ്പോഴും വെറും 6-7 സെക്കന്‍ഡില്‍ 0-100 വേഗത കൈവരിക്കുന്നു. പൂജ്യം മലിനീകരണം എന്ന് തുടങ്ങുന്ന പോസ്റ്റ് അതിവേഗം വൈറലായി.

To advertise here,

പഴയ വാഹനങ്ങള്‍ക്ക് (10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തിലേറെ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും) ഇന്ധനം നിഷേധിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നീക്കത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധത്തിന്റെ പ്രതീകമായി ധില്ലന്റെ പോസ്റ്റും ചര്‍ച്ചചെയ്യപ്പെട്ടു. പ്രതിഷേധം കനക്കുന്നതിനിടെയാണ് നീക്കം താത്കാലികമായി മരവിപ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനമെടുത്തത്. അതിനിടെ ധില്ലന്റെ പോസ്റ്റ് അപ്രതീക്ഷിതവും നാടകീയവുമായ പ്രതികരണങ്ങള്‍ക്കാണ് ഇടയാക്കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്യുന്നു.

സോഷ്യല്‍ മീഡിയ പോസ്റ്റിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അച്ഛന്റെ മെഴ്സിഡസ് വന്‍തുക മുടക്കി വാങ്ങാന്‍ തയ്യാറായി നിരവധി പേരാണ് രംഗത്തെത്തിയത്. പഴയ മെഴ്സിഡസ് E280 V6-ന്റെ നിലവിലെ വിലയുടെ ഇരട്ടിയോ മൂന്നിരട്ടിയോ വാഗ്ദാനം ചെയ്ത് 500-ല്‍ അധികം പേര്‍ സന്ദേശങ്ങള്‍ അയച്ചുവെന്ന് അദ്ദേഹം പറയുന്നു. ക്ലാസിക് കാറുകളോടുള്ള സ്‌നേഹം ഇപ്പോഴുമുണ്ടെന്ന് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ആ പഴയ ലുക്കില്‍, ഡ്രൈവിങ് അനുഭവത്തില്‍ കാലാതീതമായ എന്തോ ഉണ്ട്.

ആധുനിക കാറുകള്‍ വാങ്ങാനൊരുങ്ങുന്നവര്‍ നിരവധി ടെസ്റ്റ് ഡ്രൈവുകള്‍ ചെയ്യുന്നു, ഫീച്ചറുകള്‍ വിശകലനം ചെയ്യുന്നു, തീരുമാനമെടുക്കുന്നതിന് മുമ്പ് മറ്റുകാറുകളുമായി താരതമ്യം ചെയ്യുന്നു. എന്നാല്‍ ഈ പഴയ കാറിന്റെ കാര്യത്തില്‍ പലരും വാഹനം കാണുക പോലും ചെയ്യാതെ ഇടപാട് ഉറപ്പിക്കാന്‍ തയ്യാറാണ്. ഒരു ആയുഷ്‌കാലം നിലനില്‍ക്കാന്‍ നിര്‍മ്മിച്ച കാറുകള്‍ക്ക് ലഭിക്കുന്ന ബഹുമാനമാണത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കാലഹരണപ്പെട്ടതായി തോന്നുന്ന ഇന്നത്തെ മോഡലുകളില്‍ നിന്ന് വ്യത്യസ്തമാണ് അവയെന്നും ധില്ലന്‍ ചൂണ്ടിക്കാട്ടുന്നു.

മലിനീകരണം തടയാനും സുസ്ഥിര ഗതാഗതത്തെ പ്രോത്സാഹിപ്പിക്കാനുമായിരുന്നു പഴയ വാഹനങ്ങള്‍ക്ക് പെട്രോളോ ഡീസലോ നല്‍കുന്നത് നിരോധിച്ചുകൊണ്ടുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. ഓണ്‍ലൈനിലടക്കം വ്യാപകമായ പ്രതിഷേധത്തിന് ഇത് കാരണമായി. നന്നായി പരിപാലിക്കപ്പെടുന്നുണ്ടെങ്കിലും മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണെങ്കിലും പെട്രോള്‍ പമ്പുകളില്‍ ക്യാമറകളില്‍ പെട്ടാല്‍ പഴയ വാഹനങ്ങള്‍ പിടിച്ചെടുക്കപ്പെടുകയോ പൊളിക്കപ്പെടുകയോ ചെയ്യേണ്ടി വരും എന്ന് വാദിച്ച് പലരും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അതിനിടെ തന്റെ കുടുംബത്തിന്റെ മെഴ്‌സിഡീസ് ബെന്‍സ് കാറിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ധില്ലന്‍ വൈകാരിക കുറിപ്പിട്ടത്.

'നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയക്കാര്‍ക്ക് കാറുകളോട് സ്‌നേഹം തീരെയില്ലാത്ത ഒരു രാജ്യത്തായതുകൊണ്ട് മാത്രം കാറിനെ ഒരു 'വിന്റേജ് സ്‌ക്രാപ്പ്' എന്ന് മുദ്രകുത്തേണ്ടി വന്നിരിക്കുന്നു! ഇത് മലിനീകരണം ഉണ്ടാക്കുന്നു എന്ന് തെളിയിക്കാന്‍ ഞാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. അവര്‍ ചെയ്യില്ല, പക്ഷെ ഇപ്പോഴും ഇതിന് പിഴ ചുമത്തും!' - ധില്ലന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വന്ന നിയമം രണ്ടു ദിവസത്തിനു ശേഷമാണ് താത്കാലികമായി മരവിപ്പിച്ചത്. ഇതോടെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ധില്ലന്‍ വീണ്ടും 'X'-ല്‍ പോസ്റ്റിട്ടിരുന്നു. നമ്മള്‍ ഒടുവില്‍ വിജയിച്ചതായി തോന്നുന്നു. പിന്തുണച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് ദേശീയ വാര്‍ത്താ ചാനലുകള്‍ക്ക് നന്ദി എന്നും ധില്ലന്‍ കുറിച്ചിരുന്നു.