ന്ത്യൻ വാഹനനിർമാതാക്കളായ മഹീന്ദ്രയ്ക്കെതിരേ കോടതിയെ സമീപിച്ച് പ്രമുഖ എയർലൈൻ കമ്പനിയായ ഇൻഡി​ഗോ. ‘6E’എന്ന തങ്ങളുടെ അയാട്ട കോഡ് ഉപയോ​ഗിച്ചെന്ന് ആരോപിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഇലക്ട്രിക് മൊബിലിറ്റി വിഭാ​ഗമായ മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈലിനെതിരേ ഡൽഹി ഹൈക്കോടതിയിലാണ് ഇൻഡി​ഗോ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇലക്ട്രിക് വാഹന നിരയിലേക്ക് മഹീന്ദ്ര ഈയിടെ അവതരിപ്പിച്ച രണ്ട് പുതിയ വാഹനങ്ങള്‍ക്ക് BE 6e, XEV 9e എന്നിങ്ങനെയായിരുന്നു പേര് നൽകിയത്. ഇതിൽ '6e' എന്നത് പേരിനൊപ്പം ചേർത്തതാണ് ഇൻഡി​ഗോയെ ചൊടിപ്പിച്ചത്. 6E എന്ന കോഡിന് ഇൻഡി​ഗോയ്ക്ക് ട്രേഡ്മാർക്ക് രജിസ്ട്രേഷനും ബ്രാൻഡിങിനായും പരസ്യങ്ങളിലും ഇത് വ്യാപകമായി ഉപയോ​ഗിക്കുന്നുമുണ്ട്. 

To advertise here,

നവംബർ 26-നാണ് കൂപ്പെ ഡിസൈനിലുള്ള BE 6e, XEV 9e എന്നീ ഇലക്ട്രിക് മോഡലുകൾ മഹീന്ദ്ര പുറത്തിറക്കിയത്. തുടർന്ന്  BE 6e എന്ന ട്രേഡ് മാർക്ക് റെജിസ്ട്രേഷനായി മഹീന്ദ്ര അപേക്ഷിക്കുകയും ചെയ്തിരുന്നു.

'കഴിഞ്ഞ 18 വർഷമായി ഇൻഡി​ഗോയെ തിരിച്ചറിയുന്നതിൽ ‘6E’ എന്ന കോഡ് അവിഭാജ്യഘടകമാണ്. ആ​ഗോളമായി അം​ഗീകാരം നേടിയ ഒരു ട്രേഡ്മാർക്കാണത്. അനധികൃതമായി ഈ കോഡ് ആരെങ്കിലും ഉപയോ​ഗിച്ചാൽ അത് ഇൻഡി​ഗോയുടെ സൽപേരിന്റേയും അവകാശങ്ങളുടെയും ലംഘനമാണ്. ഭൗതിക സ്വത്തവകാശവും ബ്രാൻഡിന്റെ ഐഡന്റിറ്റിയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും', ഇൻഡി​ഗോ പ്രസ്താവനയിൽ പറഞ്ഞു. 
 
ട്രേഡ് മാർക്കുമായി ബന്ധപ്പെട്ട് ഇൻഡി​ഗോയുമായി യാതൊരു തർക്കവും നിലനിൽക്കുന്നില്ലെന്നും സൗഹാർദപരമായ പരിഹാരത്തിൽ എത്തിച്ചേരാൻ വിമാനക്കമ്പനിയുമായി ചർച്ചകൾ നടക്കുന്നുവെന്നുമാണ് മഹീന്ദ്ര അറിയിക്കുന്നത്. മഹീന്ദ്ര നൽകിയ പേര് 'BE 6e' എന്നാണ്, അല്ലാതെ ‘6E’ എന്നല്ലെന്നും തങ്ങൾ ഫയൽ ചെയ്ത ട്രേഡ് മാർക്ക് റജിസ്ട്രേഷൻ വാഹനങ്ങൾക്കായി പ്രത്യേകം നൽകിയതാണെന്നുമാണ് മഹീന്ദ്ര വ്യക്തമാക്കുന്നത്. അതേസമയം, അടുത്ത ആഴ്ചയാകും കേസ് ഡൽ‌ഹി ഹൈക്കോടതി പരി​ഗണിക്കുക.