ഫ്യുച്ചറിസ്റ്റിക് ലുക്കും ഫീച്ചറുംകൊണ്ട് ഞെട്ടിച്ച മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളാണ് ബി.ഇ.6 ഉം എക്സ്.ഇ.വി 9 ഉം. 2024-ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ വാഹനങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മോഡലുകളായിരുന്നു ഇവ. ഇപ്പോൾ ബുക്കിങ്ങിന്റെ കാര്യത്തിലും ഇവ ഞെട്ടിച്ചിരിക്കുകയാണ്. ബുക്കിങ് ആരംഭിച്ച വെള്ളിയാഴ്ച രണ്ട് വാഹനങ്ങൾക്കുംകൂടി കിട്ടിയത് 30179 ബുക്കിങ്ങുകളാണ്.
വാഹനത്തിന്റെ എക്സ് ഷോറൂം വില കണക്കാക്കുകയാണെങ്കിൽ ബുക്കിങ് മൂല്യം 8472 കോടി രൂപയാണെന്നാണ് കമ്പനി പറയുന്നത്. മൊത്തം ബുക്കിങ്ങിൽ, ബി.ഇ.6-ന് 44 ശതമാനവും എക്സ്.ഇ.വി 9ഇ-യ്ക്ക് 56 ശതമാനവുമാണുള്ളത്. രണ്ട് മോഡലുകളിലുമുള്ള 79 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷനാണ് കൂടുതൽ ബുക്കിങ് സ്വന്തമാക്കിയത്. 73 ശതമാനം. മാര്‍ച്ച് ആദ്യവാരം മുതലാകും വാഹനങ്ങളുടെ വിതരണം മഹീന്ദ്ര ആരംഭിക്കുക.
2022-ൽ 30 മിനിറ്റിൽ ഒരു ലക്ഷം ബുക്കിങ്ങ് മഹീന്ദ്ര സ്കോർപിയോ എൻ നേടിയിരുന്നു. 2024-ൽ 60 മിനിറ്റിനുള്ളിൽ XUV 3XO കരസ്ഥമാക്കിയത് 50,000 ബുക്കിങ്ങുകളായിരുന്നു. കഴിഞ്ഞവർഷം ഥാർ റോക്സ് 60 മിനിറ്റിൽ നേടിയതാകട്ടെ 176218 ബുക്കിങ്ങും. ഇന്ത്യയിൽ ഇലക്ട്രിക് കാർ സെഗ്മെന്റ് വളർച്ചയുടെ ആരംഭഘട്ടത്തിലായതിനാൽ, ബി.ഇ.6, എക്സ്.ഇ.വി 9ഇ എന്നിവ ഒറ്റദിവസം നേടിയ ഈ ബുക്കിങ് ശ്രദ്ധേയമാണ്. ഓട്ടോ മൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുപ്രകാരം 2024-ൽ 99165 ഇലക്ട്രിക് കാറുകളാണ് വിറ്റഴിച്ചത്.

59 കിലോവാട്ട്, 79 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷുകളാണ് ഈ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളത്. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 280 പി.എസ്. പവറും 380 എന്‍.എം. ടോര്‍ക്കുമേകും. ഈ വാഹനത്തിന്റെ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 20 മിനിറ്റ് മതിയെന്നതാണ് മറ്റൊരു സവിശേഷത.59 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള എക്സ്.ഇ.വി. 9ഇ ഒറ്റത്തവണ ചാര്‍ജില്‍ 542 കിലോമീറ്ററും 79 കിലോവാട്ട് ബാറ്ററി പാക്ക് മോഡല്‍ 656 കിലോമീറ്റര്‍ റേഞ്ചും നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ബി.ഇ.6 മോഡല്‍ 556 കിലോമീറ്ററും 682 കിലോമീറ്റര്‍ റേഞ്ചുമാണ് നല്‍കുന്നത്.
Content Highlights: Mahindra BE 6, XEV 9e get 30179 bookings
Published: 15 Feb 2025, 05:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented