ന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കള്‍ എന്ന ഖ്യാതി സ്വന്തമായുള്ള മഹീന്ദ്ര ഇലക്ട്രിക് വാഹന വിഭാഗം സാവധാനം വിപുലമാക്കുകയാണ്. എക്‌സ്‌യുവി 400 എന്ന എസ്‌യുവിയില്‍ ആരംഭിച്ച ഇപ്പോഴത്തെ ഇലക്ട്രിക് വാഹനനിര എക്‌സ്ഇവി 9എസ് എന്ന ഏഴ് സീറ്റര്‍ എസ്‌യുവിയില്‍ എത്തിനില്‍കുകയാണ്. ഇലക്ട്രിക് വാഹന വിപണിയില്‍ ഒന്നാം സ്ഥാനക്കാരായ ടാറ്റ മോട്ടോഴ്‌സിനെ പിന്നിലാക്കുകയെന്ന ലക്ഷ്യവുമായാണ് നാല് ഇലക്ട്രിക് വാഹനങ്ങളെയാണ് നിരത്തിലേക്ക് ഇറക്കിവിട്ടിരിക്കുന്നത്.

To advertise here,

ബിഇ 6, എക്‌സ്ഇവി 9ഇ എന്നീ രണ്ട് മോഡലുകള്‍ നിരത്തുകളില്‍ എത്തിയതോടെ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇതിനു പുറമെയാണ് മഹീന്ദ്രയുടെ ആദ്യ ഏഴ് സീറ്റര്‍ ഇലക്ട്രിക് മോഡലായ എക്‌സ്ഇവി 9എസ് കൂടി എത്തിച്ചിരിക്കുന്നത്. വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളിലാണ് മഹീന്ദ്ര എന്നാണ് കമ്പനി മേധാവി അറിയിച്ചിരിക്കുന്നത്.

നിലവില്‍ 4000 മുതല്‍ 5000 യൂണിറ്റ് വരെയാണ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന ഉത്പാദനം. എന്നാല്‍, 2026 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇത് 8000 യൂണിറ്റ് ആക്കി ഉയര്‍ത്താനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് മഹീന്ദ്ര എക്‌സിക്യുട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജുരികറിനെ ഉദ്ധരിച്ച് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുണെ ചാകനിലെ മഹീന്ദ്രയുടെ പ്ലാന്റിലാണ് എക്‌സ്ഇവി 9ഇ, 9എസ് മോഡലുകളും ബിഇ6 എസ്‌യുവിയും നിര്‍മിക്കുന്നത്.

പ്രതിമാസം 10000 ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ചാകനിലേത്. അതേസമയം, ഇതിന്റെ പകുതി മാത്രമാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. വരുന്ന മാര്‍ച്ച് മാസത്തോടെ നിര്‍മാണം 8000 യൂണിറ്റിലെത്തിക്കാനുള്ള നീക്കങ്ങളാണ് മഹീന്ദ്ര ആരംഭിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വിതരണ ശൃംഖല, വര്‍ക്ക് ഫോഴ്‌സ്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളോടെല്ലാം ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ അറിയിച്ചിട്ടുണ്ടെന്നും രാജേഷ് ജെജുരികര്‍ അറിയിച്ചു.

മഹീന്ദ്രയുടെ പ്രതിമാസ വില്‍പ്പന ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളുടെ സംഭാവനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഇ6, എക്‌സ്ഇവി 9ഇ എന്നീ മോഡലുകളുടെ വില്‍പ്പന മാത്രം ഏഴ് ശതമാനത്തോളം വരും. എക്‌സ്ഇവി 9എസിന്റെ വരവ് ഈ കണക്കില്‍ ഇനിയും കുതിപ്പ് നല്‍കുമെന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ. 2028-ആകുന്നതോടെ കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ 20 മുതല്‍ 25 ശതമാനം വരെ ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നായിരിക്കുമെന്നാണ് മഹീന്ദ്ര കണക്കാക്കുന്നത്.

Source