ഇന്ത്യയിലെ മറ്റ് ഇലക്ട്രിക് വാഹന നിർമാതാക്കളുടെ ചുവടുപിടിച്ച് ബാസ് (ബാറ്ററി ആസ് എ സർവീസ്) പദ്ധതി പ്രഖ്യാപിച്ച് മഹീന്ദ്ര. ഇലക്ട്രിക് എസ്‌യുവി മോഡലായ എക്‌സ്.ഇ.വി. 9എസ്, എക്‌സ്.ഇ.വി. 9ഇ എന്നീ മോഡലുകൾക്കാണ് ബാസ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, ഈ രണ്ട് ഇലക്ട്രിക് എസ്‌യുവികളുടെയും വിലയിൽ എട്ടു ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. എക്‌സ്ഇവി 9എസിന് 12.65 ലക്ഷവും എക്‌സ്ഇവി 9ഇ-ക്ക് 13.90 ലക്ഷം രൂപയുമാണ് ബാസിലെ വില.

To advertise here,

അതേസമയം, ബാറ്ററി സേവനമായി ലഭിക്കുന്നത് കൊണ്ടുതന്നെ കിലോ മീറ്ററിന് 3.75 രൂപ വീതം വാടകയായി ഈടാക്കാനാണ് നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. ബാസ് അടിസ്ഥാനത്തിൽ യഥാക്രമം 12.65 ലക്ഷം രൂപയും 13.90 ലക്ഷം രൂപയും വില വരുന്ന എക്‌സ്ഇവി 9എസിനും എക്‌സ്ഇവി 9ഇ-യ്ക്കും 20.65 ലക്ഷം രൂപയും 21.90 ലക്ഷം രൂപയുമാണ് ചാർജർ ഇല്ലാതെയുള്ള എക്‌സ്‌ഷോറൂം വില. ബിഇ6 സ്‌പോർടെക്കിനെയും ബാസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വില പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യയിൽ എംജി മോട്ടോഴ്‌സാണ് ബാസ് എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. വിൻഡ്‌സറിലൂടെയായിരുന്നു ഇത്. ഒരു ഇലക്ട്രിക് വാഹനം സ്വന്തമാക്കുമ്പോൾ എക്‌സ്‌ഷോറൂം വിലയിൽനിന്ന് ബാറ്ററിയുടെ വില ഒഴിവാക്കി, ഉപയോക്താവിന് കുറഞ്ഞ ചെലവിൽ വാഹനം സ്വന്തമാക്കാൻ സാധിക്കുക എന്നതായിരുന്നു ബാസ് പദ്ധതിയുടെ ലക്ഷ്യം. പിന്നീട് ഉപയോഗിക്കുന്ന കിലോ മീറ്ററിന്റെ അടിസ്ഥാനത്തിൽ വാടക ഈടാക്കുന്നതാണ് ബാസിലെ രീതി.

എംജി വിൻഡ്‌സറിലാണ് ഈ രീതി ആദ്യമായി പരീക്ഷിച്ചതെങ്കിലും പിന്നീട് ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ്, മാരുതി, ഹ്യുണ്ടായി, സിട്രോൺ തുടങ്ങിയ വാഹന നിർമാതാക്കളും ബാസ് സൗകര്യം നൽകുകയായിരുന്നു. ഈ സംവിധാനം ഒരുക്കുന്ന വാഹന നിർമാതാക്കളുടെ പട്ടികയിൽ ഏറ്റവും ഒടുവിലത്തേതാണ് മഹീന്ദ്ര.

മഹീന്ദ്ര എക്സ്.ഇ.വി. 9എസ്.

വൈദ്യുതവാഹന ശ്രേണിയിലേക്ക് മഹീന്ദ്ര അവതരിപ്പിച്ച സെവൻ സീറ്ററാണ് എക്സ്.ഇ.വി. 9 എസ്. തങ്ങളുടെ ഇൻഗ്ലോ പ്ലാറ്റ്്‌ഫോമിൽ നിർമിച്ച ഈ ഏഴ് സീറ്റർ ഇതേ ഗണത്തിലെ എക്‌സ്.ഇ.വി. 9ഇ യോട് ചേർന്നുനിൽക്കുന്നു. ഫൈവ് സീറ്ററായ 9 ഇ-യുടെ എല്ലാ ഗുണഗണങ്ങളും പിൻപറ്റിയാണ് 9എസും വരുന്നത്. നാല് ട്രിമ്മുകളിലായി 59kWh, 70kWh, 79kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പാക്കുകളാണുള്ളത്. ഇവയെല്ലാം 175kW വരെയുള്ള ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്നു. എൻട്രി ലെവൽ പാക്ക് വൺ എബൗ വേരിയന്റിന് 59kWh, 79kWh ഓപ്ഷനുകളുണ്ട്. ഇവ രണ്ടും റിയർ-വീൽ ഡ്രൈവാണ്. 59kWh ബാറ്ററിയുള്ള എക്സ്.ഇ.വി. 9എസിന് ARAI പ്രകാരം 521 കിലോ മീറ്ററാണ് റേഞ്ച്. അതേസമയം 79kWh-ന്റെ എല്ലാ വേരിയന്റുകൾക്കും 679 കിലോ മീറ്റർ ARAI റേഞ്ച് ലഭിക്കും.

മഹീന്ദ്ര എക്‌സ്.ഇ.വി. 9ഇ

മഹീന്ദ്രയിൽനിന്ന് പുറത്തിറങ്ങിയ ആദ്യ ബോൺ ഇലക്ട്രിക് മോഡലുകളിൽ ഒന്നാണ് എക്‌സ്.ഇ.വി. 9ഇ. ഇലക്ട്രിക് വാഹനങ്ങൾക്കായി മഹീന്ദ്ര വികസിപ്പിച്ച ഇൻഗ്ലോ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ പാക്ക് വൺ, പാക്ക് ടൂ, പാക്ക് ത്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ 59 കിലോ വാട്ട് ബാറ്ററി പാക്ക് മോഡലിന്റെ വില ആരംഭിക്കുന്നത് 21.90 ലക്ഷം രൂപയിലാണ്. 79 കിലോവാട്ട് ബാറ്ററി പാക്കുമായി എത്തുന്ന പാക്ക് ത്രീ പതിപ്പിന് 26.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

59 കിലോ വാട്ട്, 79 കിലോ വാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷുകളാണ് ഈ വാഹനങ്ങളിൽ നൽകിയിട്ടുള്ളത്. ഇതിലെ ഇലക്ട്രിക് മോട്ടോർ 280 പി.എസ്. പവറും 380 എൻ.എം. ടോർക്കുമേകും. ബാറ്ററി 80 ശതമാനം ചാർജ് ചെയ്യാൻ വെറും 20 മിനിറ്റ് മതിയെന്നതാണ് മറ്റൊരു സവിശേഷത. 59 കിലോവാട്ട് ബാറ്ററി പാക്ക് നൽകിയിട്ടുള്ള എക്സ്.ഇ.വി. 9ഇ ഒറ്റത്തവണ ചാർജിൽ 542 കിലോ മീറ്ററും 79 കിലോവാട്ട് ബാറ്ററി പാക്ക് മോഡൽ 656 കിലോ മീറ്റർ റേഞ്ചും നൽകുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.